ആലപ്പുഴ: ഓമനപ്പുഴ കൊലപാതകത്തില്‍ മകള്‍ ജാസ്മിനെ കൊലപ്പെടുത്തിയത് അമ്മയും അച്ഛനും ചേര്‍ന്നെന്ന് പൊലീസ്. പിതാവ് ജോസ്‌മോന്‍ കഴുത്തുഞെരിച്ചപ്പോള്‍ മാതാവ് ജെസി ജാസ്മിന്റെ കൈകള്‍ പിന്നില്‍ നിന്ന് പിടിക്കുകയായിരുന്നു. കഴുത്തിലെ രണ്ട് ഞരമ്പുകൾ പൊട്ടിയതാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. വീട്ടുകാര്‍ക്ക് മുമ്പില്‍ വെച്ചാണ് പ്രതി ജോസ്മോന്‍ മകള്‍ ജാസ്മിന്റെ കഴുത്ത് ഞെരിച്ചതെന്ന വിവരമാണ് പുറത്ത് വരുന്നത്. ജാസ്മിന്‍ അബോധാവസ്ഥയില്‍ ആയ ശേഷം ഇയാള്‍ വീട്ടുകാരോട് മാറാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കഴുത്തില്‍ തോര്‍ത്ത് കുരുക്കി മരണം ഉറപ്പാക്കുകയായിരുന്നു.
കേസില്‍ അമ്മയും അമ്മാവനും കസ്റ്റഡിയില്‍. അമ്മ ജെസി മോളും അമ്മാവന്‍ അലോഷ്യസുമാണ് കസ്റ്റഡിയിലുള്ളത്. 28 കാരിയായ എയ്ഞ്ചല്‍ ജാസ്മിനാണ് കൊല്ലപ്പെട്ടത്. വീട്ടുകാര്‍ക്ക് മുന്നില്‍വെച്ചാണ് മകള്‍ ജാസ്മിന്റെ കഴുത്തുഞെരിച്ചതെന്ന വിവരമുണ്ടായിരുന്നു. കൊലപാതക വിവരം മറച്ചുവെച്ചുവെന്നും പൊലീസ് പറയുന്നു. പിതാവ് ജോസ്മോനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ചൊവ്വാഴ്ച രാത്രി വീട്ടില്‍ വെച്ചുണ്ടായ തര്‍ക്കത്തിനിടെയാണ് ജാസ്മിനെ പിതാവ് തോര്‍ത്തുപയോഗിച്ച് കഴുത്ത് ഞെരിച്ചത്. ബുധനാഴ്ച രാവിലെ മാത്രമാണ് മരണവിവരം പുറത്തുപറഞ്ഞത്.
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനിടെയാണ് കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ ജോസ്‌മോന്‍ പൊലീസിനോട് പങ്കുവെച്ചത്. ജാസ്മിന്‍ പതിവായി വീട്ടിലേക്ക് വൈകി വരുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആത്മഹത്യയെന്ന് വരുത്താന്‍ മൃതദേഹം കിടപ്പു മുറിയിലെ കട്ടിലില്‍ കിടത്തുകയും ചെയ്തു.
എന്നാല്‍ വീട്ടുകാര്‍ക്ക് വിവരമറിയാമായിരുന്നിട്ടും ഒരു രാത്രി മുഴുവന്‍ കൊലപാതക വിവരം മറച്ചുവെച്ചുവെന്നതും ഞെട്ടിക്കുന്നതാണ്. പിറ്റേ ദിവസമാണ് വീട്ടുകാര്‍ മരണ വിവരം പുറത്തറിയിക്കുന്നത്. അപ്പോഴും ആത്മഹത്യയെന്നായിരുന്നു കുടുംബം പറഞ്ഞത്. എന്നാല്‍ ഡോക്ടര്‍ക്ക് തോന്നിയ സംശയത്തിന്റെ പുറത്ത് പൊലീസിനെ അറിയിക്കുകയായിരുന്നു.
പിന്നാലെ നടന്ന ചോദ്യം ചെയ്യലില്‍ താന്‍ തനിച്ചാണ് മകളെ കൊലപ്പെടുത്തിയതെന്നും വീട്ടുകാര്‍ക്ക് വിവരം അറിയില്ലെന്നുമായിരുന്നു ജോസ്‌മോന്‍ പറഞ്ഞത്. എന്നാല്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കൊലപാതകം നടത്തിയത് വീട്ടുകാര്‍ക്ക് മുന്നില്‍ വെച്ചാണെന്ന് ഇയാള്‍ സമ്മതിക്കുകയായിരുന്നു.
ജോസ്‌മോന്റെ അറസ്റ്റ് ഇന്നലെ തന്നെ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടുമാസമായി സ്വന്തം വീട്ടിലാണ് ജാസ്മിനുണ്ടായിരുന്നത്. ഭര്‍ത്താവുമായി വഴക്കിട്ട് ജാസ്മിന്‍ ഇടയ്ക്കിടെ വീട്ടില്‍ വന്നു നില്‍ക്കുന്നത് പതിവായിരുന്നു. ഇത് ജോസ് ചോദ്യം ചെയ്തിരുന്നു.
എയ്ഞ്ചലിന്റെ രാത്രിയാത്രയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. യുവതി സ്ഥിരമായി രാത്രി ഒറ്റയ്ക്ക് പുറത്തു പോകുന്നതിനെ ചൊല്ലി ഇതിനു മുന്‍പും വീട്ടില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. നാട്ടുകാരില്‍ ചിലര്‍ എയ്ഞ്ചലിന്റെ രാത്രിയാത്ര ശരിയല്ലെന്ന മട്ടില്‍ ജോസ്മോനോട് പറയുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. ചൊവ്വാഴ്ച രാത്രി പുറത്തുപോയി വന്ന എയ്ഞ്ചലിനെ ജോസ്മോന്‍ ശകാരിച്ചിരുന്നു. ഇതു വാക്കുതര്‍ക്കത്തിലേക്കും കയ്യാങ്കളിയിലേക്കുമെത്തുകയായിരുന്നു.
ചൊവ്വാഴ്ച രാത്രിയാണ് കൊലപാതകം നടക്കുന്നത്. തോര്‍ത്തുകൊണ്ട് കഴുത്തുഞെരിച്ചായിരുന്നു കൊലപാതകം. അന്നുരാത്രിതന്നെ മകള്‍ മരിച്ചെന്നു ജോസ്‌മോനും ജെസിക്കും ഉറപ്പായിരുന്നുവെന്ന് പോലീസ് പറയുന്നു. കൃത്യം നടത്തിയശേഷം എല്ലാവരും കിടന്നുറങ്ങി. യാതൊരു ഭാവമാറ്റവും ഇല്ലാതെ ബുധനാഴ്ച രാവിലെ അയല്‍ക്കാരോട് പെരുമാറുകയും ചെയ്തു. പള്ളിയില്‍ പോകാന്‍ വിളിച്ചപ്പോള്‍ അനക്കമില്ലെന്നും മരിച്ചുകിടക്കുകയാണെന്നും അയല്‍ക്കാരെ രാവിലെ ജോസ്‌മോന്‍ അറിയിച്ചു. ആളുകള്‍ ഓടിക്കൂടിയപ്പോള്‍ അലമുറയിട്ട് ജോസ്‌മോനും ഭാര്യ ജെസിയും കരഞ്ഞു. നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. ജീവനുണ്ടാകും ആശുപത്രിയില്‍ കൊണ്ടുപോകാനായിരുന്നു പോലീസിന്റെ നിര്‍ദേശം. മൃതദേഹ പരിശോധനയില്‍ ജാസ്മിന്റെ കഴുത്തിലെ ആസ്വഭാവിക പാടുകള്‍ കണ്ട് പോലീസിന് സംശയംതോന്നി. കെട്ടിത്തൂങ്ങിയിട്ട് ആത്മഹത്യ മറയ്ക്കാന്‍ വീട്ടുകാര്‍ അഴിച്ചുകിടത്തിയതാണോ എന്നായിരുന്നു പ്രധാന സംശയം. ഇതിനു വ്യക്തത വരാനായിരുന്നു ജോസ്‌മോനെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയത്. എന്നാല്‍ ചോദ്യംചെയ്യലില്‍ പിടിച്ചുനില്‍ക്കാനായില്ല. കന്യാസ്ത്രീ പട്ടത്തിന് പഠിക്കാന്‍പോയെങ്കിലും മുഴുമിപ്പിക്കാതെ തിരിച്ചുപോരുകയായിരുന്നു ജാസ്മിന്‍ എന്ന് ബന്ധുക്കള്‍ പറയുന്നു. പിന്നീട് തുമ്പോളി സ്വദേശിയെ വിവാഹം കഴിച്ചു. കുട്ടികളില്ല.
സഹികെട്ട് ചെയ്തുപോയതാ സാറെ… ജോസ്‌മോന്‍ മകളെ കഴുത്തു ഞെരിച്ചു കൊന്നെന്ന് അറിഞ്ഞപ്പോള്‍ ഓമനപ്പുഴ ഗ്രാമം ഞെട്ടി. ജോസ്‌മോനെക്കുറിച്ച് നാട്ടുകാര്‍ക്ക് നല്ല മതിപ്പായിരുന്നു. പ്രശ്നങ്ങള്‍ ഒന്നുമുണ്ടാക്കുന്ന ആളല്ല. അത്യാവശ്യം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. എന്നിട്ടും, 28 വയസ്സുകാരിയായ മകളെ കഴുത്തുഞെരിച്ച് കൊന്നു. ജാസ്മിന്റെ കൊലപാതക വാര്‍ത്തയറിഞ്ഞപ്പോള്‍ ആരും ആദ്യം വിശ്വസിച്ചില്ല.
കാരണം, ആ വീട്ടില്‍നിന്ന് അത്തരമൊരു സംഭവം പ്രതീക്ഷിച്ചിരുന്നില്ല. ജാസ്മിനും ചിരിച്ചുകൊണ്ട് ചുറുചുറുക്കോടെയാണ് നാട്ടുകാരോടും ഇടപഴകിയിരുന്നത്. പക്ഷേ, ഭര്‍ത്താവിന്റെ വീട്ടില്‍ വഴക്കിട്ട് സ്വന്തം വീട്ടിലെത്തിയ ജാസ്മിന്‍ അവരോടും എന്നും വഴക്കുകൂടി. വഴക്കിന്റെ കാരണങ്ങള്‍ ഇപ്പോഴും വ്യക്തമല്ല. ഇതേക്കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കുകയാണ്. സഹികെട്ടാണ് അങ്ങനെ ചെയ്യേണ്ട വന്നതെന്നാണ് ജോസ്‌മോന്‍ പോലീസിനോടു പറഞ്ഞത്.’വീട്ടില്‍ എല്ലാവരെയും നിരന്തരം ഉപദ്രവിക്കും. എപ്പോഴും വഴക്ക്. പറഞ്ഞാല്‍ അനുസരണയില്ല. സഹികെട്ട് ചെയ്തുപോയതാ സാറെ.’- ഇതായിരുന്നു പോലീസിന്റെ ചോദ്യംചെയ്യലില്‍ ജോസ്‌മോന്റെ കുറ്റസമ്മതം.










