ഡബ്ലിൻ : അയർലൻഡിലും പൗരത്വ ബില്ലിന് എതിരെ പ്രതിഷേധം ഉയർന്നു. അയർലണ്ടിന്റെ തലസ്ഥാനനഗരമായ ഡബ്ലിനിലെ ഇന്ത്യൻ എംബസിക്ക് മുന്നിലാണ് പൗരത്വബില്ലിനെതിരെയും പൗരത്വപട്ടികക്ക് എതിരെയും പ്രതിഷേധ പ്രകടനം നടന്നത്. ക്രാന്തി അയർലൻഡിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. പ്രതിഷേധ പരിപാടിയിൽ സമൂഹത്തിന്റെ തുറകളിലുള്ള നിരവധി ആളുകൾ പങ്കെടുത്തു.
ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ഡബ്ലിൻ ബാൾസ് ബ്രിഡ്ജിലെ ഇന്ത്യൻ എംബസിക്ക് മുന്നിലെ പ്രതിഷേധ പരിപാടി ക്രാന്തി സെക്രട്ടറിയും ലോക കേരള സഭ അംഗവുമായ അഭിലാഷ് തോമസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ഡബ്ലിൻ സിഎസ്ഐ പള്ളി വികാരി ഫാദർ വിജി വർഗീസ് ഈപ്പനും സോഷ്യലിസ്റ്റ് പാർട്ടി നേതാക്കളായ ഐലീഷ് റയാനും ഷേമസ് മക്ഡൊണായും പ്രമുഖ സാംസ്കാരിക പ്രവർത്തകൻ അഡ്വക്കേറ്റ് റോയി കുഞ്ചലക്കാടും ക്രാന്തി കമ്മറ്റി അംഗങ്ങളായ വർഗീസ് ജോയും ജോൺ ചാക്കോയും പ്രവാസി ഇന്ത്യക്കാർ ആയ ഫിൻസി വർഗീസും പവൻകുമാറും പ്രതിഷേധ യോഗത്തിൽ സംസാരിച്ചു.
അഡ്വക്കേറ്റ് ജിതിൻ റാം ഇന്ത്യൻ ഭരണഘടനയുടെ പ്രീ ആമ്പിൾ ചൊല്ലി കൊടുത്തത് പങ്കെടുത്തവർ ഏറ്റു ചൊല്ലി.നിരവധി മലയാളികളെ കൂടാതെ നിരവധി വിദ്യാർത്ഥികളും അയർലൻഡ് സ്വദേശികളും ബംഗാൾ, ആന്ധ്ര, തെലുങ്കാന, തമിഴ്നാട്, സ്വദേശികളും പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.മ്യാന്മറിൽ പീഡനം അനുഭവിക്കുന്ന റോഹിങ്ക്യൻ മുസ്ലിങ്ങളും പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.