കൊച്ചി: അര്‍ബുദത്തിനൊപ്പം കോവിഡ് 19ന്റെയും പിടിയിലമര്‍ന്ന എഴുപതുകാരന് അന്ത്യകൂദാശ നല്‍കിയ കരങ്ങള്‍ കൊണ്ട് മണിക്കൂറുകള്‍ക്കകം അദ്ദേഹത്തിന്റെ മൃതദേഹത്തിനും ആശീര്‍വാദം. കോവിഡ് 19ന്റെ വിലാപങ്ങള്‍ നിരന്തരം ഉയരുന്ന ഇറ്റലിയില്‍ ഇപ്പോഴിതെല്ലാം സാധാരണമെങ്കിലും ഇരു നിയോഗങ്ങളും നിര്‍വഹിക്കാന്‍ കരങ്ങളുയര്‍ത്തിയ മലയാളി വൈദികനു കണ്ണീരോടെയല്ലാതെ അതേക്കുറിച്ചു പറഞ്ഞു തീര്‍ക്കാനാവുന്നില്ല. ഫാ. ടോം ഓലിക്കരോട്ട് ഈ ദിവസങ്ങളില്‍ രോഗിലേപനം നല്‍കിയവരിലും സംസ്കാരശുശ്രൂഷകള്‍ക്കായി ആശീര്‍വാദം നല്‍കിയവരിലും ഏറെപ്പേരും കോവിഡ് രോഗബാധിതരായിരുന്നു. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മുന്‍കരുതലുകളോടും സുരക്ഷാസംവിധാനങ്ങളോടും കൂടി ഭയരഹിതമായാണു തന്റെ നിയോഗങ്ങള്‍ നിര്‍വഹിക്കുന്നതെങ്കിലും ഇപ്പോഴത്തെ സ്ഥിതി കരളലിയിക്കുന്നതാണെന്ന് അദ്ദേഹം പറയുന്നു.
റോമിലെ പ്രസിദ്ധമായ സാന്‍ ഫിലിപ്പോ നേരി ആശുപത്രിയിലെ ചാപ്ലയിനാണു തലശേരി അതിരൂപതാംഗമായ ഫാ. ടോം ഓലിക്കരോട്ട്. ഏഴു വര്‍ഷത്തോളമായി റോമിലുള്ള ഇദ്ദേഹം കഴിഞ്ഞ മൂന്നര വര്‍ഷമായി ഈ ആശുപത്രിയുടെ ചാപ്ലയിനായി ജോലി ചെയ്യുന്നു. 800 കിടക്കകളുള്ള സാന്‍ ഫിലിപ്പോ നേരി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആശുപത്രിയാണ്. പകര്‍ച്ചവ്യാധികളുടെ ചികിത്സയ്ക്കു പേരുകേട്ട റോമിലെ സാന്‍ കമില്ലോ ആശുപത്രിയില്‍ എറണാകുളംഅങ്കമാലി അതിരൂപതാംഗമായ ഫാ. മാര്‍ട്ടിന്‍ എടയന്ത്രത്തും ചാപ്ലയിനായി സേവനം ചെയ്യുന്നുണ്ട്. ഇവരുള്‍പ്പെടെ നിരവധി മലയാളി വൈദികരും സമര്‍പ്പിതരും നഴ്സുമാരും കോവിഡ് ബാധിതര്‍ക്കായുള്ള ശുശ്രൂഷകളില്‍ സജീവമാണ്.
റോമിലെ ആശുപത്രികളില്‍ കോവിഡ് 19 ബാധിച്ചവരുടെയും അതിന്റെ ചികിത്സ തേടുന്നവരുടെയും എണ്ണം കൂടിവരികയാണെന്ന് ഈ മേഖലയില്‍ സേവനം ചെയ്യുന്ന വൈദികരും ജീവനക്കാരും പറയുന്നു. രോഗികളെ ഉള്‍ക്കൊള്ളാനാവാത്തവിധം ആശുപത്രി സംവിധാനങ്ങള്‍ നിസഹായമാകുന്ന സ്ഥിതിയാണ് റോമിലും ഇറ്റലിയിലെ മറ്റിടങ്ങളിലുമുള്ളത്. ഇവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാരും നഴ്സുമാരും അക്ഷരാര്‍ഥത്തില്‍ മടുത്തു. ഉറക്കംപോലുമില്ലാതെ 30 മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്യേണ്ടിവരുന്ന സ്ഥിതിപോലും ഇവര്‍ക്കുണ്ട്. മതിയായ സുരക്ഷിതത്വമില്ലാതെ ജോലി ചെയ്യുന്നവരുമുണ്ടെന്നതു വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. മാസ്കുകളും സാനിറ്റൈസറുകളും ആവശ്യത്തിനു ലഭ്യമാകാത്ത സ്ഥിതി ചിലയിടങ്ങളിലെങ്കിലുമുണ്ട്.
പരിശോധനയില്‍ പോസിറ്റീവായ ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരുമുണ്ട്. കഴിഞ്ഞ ദിവസം മാത്രം മരിച്ചവരുടെ എണ്ണം 427 ആണ്. ഇറ്റലിയില്‍ കോവിഡ് മൂലം മരിച്ചവരില്‍ രോഗികളെ പരിചരിച്ചിരുന്നവരുള്‍പ്പെടെ 19 വൈദികരുണ്ട്. മൃതസംസ്കാര ശുശ്രൂഷകളുടെ ഭാഗമായി വൈദികര്‍ ആശുപത്രി മോര്‍ച്ചറിയിലാണു പ്രാര്‍ഥനയും ആശീര്‍വാദവും നടത്തുന്നത്. മിലാന്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കൂട്ട മൃതസംസ്കാരം നടത്തുന്നതിനു പട്ടാളത്തെ നിയോഗിച്ചിരിക്കുകയാണെന്നും അവിടെയുള്ളവര്‍ പറഞ്ഞു. റോമിലെ ആഞ്ജലിക്കും സര്‍വകലാശാലയില്‍നിന്നു ഗവേഷണ പഠനം പൂര്‍ത്തിയാക്കിയ ഫാ. ഓലിക്കരോട്ട് മേയില്‍ നാട്ടിലേക്കു മടങ്ങാനൊരുങ്ങുകയായിരുന്നു. തലശേരി അതിരൂപതയിലെ അരിവിളഞ്ഞപൊയില്‍ ഇടവകാംഗമാണ് ഇദ്ദേഹം. എറണാകുളം അങ്കമാലി അതിരൂപതയിലെ വൈക്കം സ്വദേശിയാണ് ഫാ. മാര്‍ട്ടിന്‍ എടയന്ത്രത്ത്.