അഡ്വ.സിബി സെബാസ്റ്റ്യൻ
ഡബ്ലിൻ: രാജ്യത്തെ തിരഞ്ഞെടുപ്പിനു മുൻപു പുറത്തു വന്ന സർവേ ഫലങ്ങൾ തൂക്കു സഭയെന്നു പ്രഖ്യാപിക്കുന്നതിനിടെ രാജ്യത്തെ വോട്ടർമാർ ഇന്നു ജനവിധിയെഴുതും. ഒരു മാസത്തോളം നീണ്ടു നിന്ന തിരഞ്ഞെടുപ്പു പ്രചാരണങ്ങൾക്കൊടുവിലാണ് അടുത്ത അഞ്ചു വർഷത്തേയ്ക്കുള്ള സർക്കാരിനെ തിരഞ്ഞെടുക്കാൻ ജനവിധിയെത്തുന്നത്.
രാജ്യത്തെ 40 നിയോജക മണ്ഡലങ്ങളിലായി 3.2 മില്ല്യൺ വോട്ടർമാരാണ് വോട്ട് ചെയ്യാൻ എത്തിയിരിക്കുന്നത്. എല്ലാ നിയോജക മണ്ഡലങ്ങളിലുമായി ഏതാണ്ട് 552 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. 2011 ലെ ജനറൽ ഇലക്ഷനെ അപേക്ഷിച്ചു നോക്കുമ്പോൾ സ്ഥാനാർഥികളുടെ എണ്ണത്തിൽ ഇത്തവണ ചെറിയ കുറവ് അനുഭവപ്പെടുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
നിലവിൽ സർക്കാർ രൂപീകരിച്ചിരിക്കുന്ന പാർട്ടികൾക്കു തങ്ങളുടെ ഭൂരിപക്ഷത്തിലും ജനപിൻതുണയിലും ഇടിവുണ്ടാകുമെന്നാണ് അഭിപ്രായ സർവേ ഫലങ്ങൾ പറയുന്നത്. സർക്കാരിന്റെ ഭാഗമായി നിന്നു മത്സര രംഗത്തിറങ്ങിയിരിക്കുന്ന പാർട്ടികൾക്കൊന്നും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാൻ സാധ്യതയില്ലെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പല കോണുകളിൽ നിന്നും പുറത്തു വന്നിരിക്കുനനത്.
രാവിലെ ഏഴു മുതൽ വൈകിട്ട് പത്തു വരെയാണ് പോളിങ് സ്‌റ്റേഷനുകൾ തുറന്നു പ്രവർത്തിക്കുന്നത്. അടുത്ത ദിവസം തന്നെ വോട്ടെണ്ണലും ആരംഭിക്കും. ആദ്യ ഫല സൂചനകൾ നാളെ ഉച്ചയോടെ തന്നെ പുറത്തു വന്നു തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡെയിലിലെ 158 ൽ 157 അംഗങ്ങളെയും ജനങ്ങൾ നേരിട്ടു തിരഞ്ഞെടുക്കുകയാണ്. 32 -ാം ഡെയിൽ ാർച്ച് പത്തോടു കൂടി അധികാരം ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി മൂന്നിനു പിരിച്ചു വിട്ട 31-ാം ഡെയിലിൽ ഫൈൻ ഗായെലിനു 67 ടിഡികളും, ലേബർ പാർട്ടിക്കു 33 ഉം, ഫിന്നാ ഫെയിലിനു 14 ഉം, ആന്റീ ഓസ്‌റ്റേർനിറ്റി – പീപ്പിൾ ബിഫോർ പ്രോഫിറ്റ് അലയൻസിനു നാലും, റിയോന – സോഷ്യൽ ഡെമോക്രോാറ്റ് സഖ്യത്തിനു മൂന്നും, ഇരുപതും സ്വതന്ത്ര അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. മുൻ ഫൈൻ ഗായേൽ അംഗം ബ്രിയാൻ വാൽഷ് രാജി വച്ചതിനെ തുടർന്നു ഒരു സീറ്റ് ഒഴിഞ്ഞു കിടക്കുകയായിരുന്നു