ഗംഗയിലൂടെ മോദിയെ തുറന്ന്കാട്ടാന്‍ പ്രിയങ്ക; 3 ദിവസം 140 കി.മി ബോട്ടില്‍

ലഖ്നൗ: ബി ജെ പിയുടെ ‘ഞാനും കാവല്‍ക്കാരനാണ്(മേം ഭീ ചൗക്കീദാര്‍)’ ക്യാമ്പയിനെ പരിഹസിച്ച് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കാവല്‍ക്കാരുള്ളത് സമ്പന്നര്‍ക്കാണെന്നും കര്‍ഷകര്‍ക്കല്ലെന്നും പ്രിയങ്ക പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രിയങ്കാ ഗാന്ധി ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടാണ് പ്രിയങ്കയുടെ പ്രതികരണം. ഉത്തര്‍പ്രദേശ് ഇതുവരെ കണ്ട് പരിചയിച്ചിട്ടില്ലാത്ത തിരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് പ്രിയങ്ക ഇക്കുറി സംസ്ഥാനത്ത് പയറ്റുന്നത്. ത്രിവേണി സംഗമത്തില്‍ വെച്ച് ഗംഗാ നദിയില്‍ പൂജ നടത്തിയ ശേഷം പ്രിയങ്ക തന്റെ ഗംഗാ യാത്രയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.

യാത്ര തുടങ്ങുന്നതിന് മുന്‍പ് ലക്‌നൗവിലെ പാര്‍ട്ടി ഓഫീസില്‍ പ്രവര്‍ത്തകര്‍, മദ്രസ അധ്യാപകര്‍, അംഗണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവരുമായി പ്രിയങ്കാ ഗാന്ധി കൂടിക്കാഴ്ച നടത്തി. പ്രയാഗ് രാജിലെ ഹനുമാന്‍ ക്ഷേത്രത്തിലും പ്രാര്‍ത്ഥനകള്‍ നടത്തിയ ശേഷമാണ് പ്രിയങ്ക തന്റെ യാത്രയ്ക്ക് തുടക്കം കുറിച്ചത്.

3 ദിവസം നീണ്ടു നില്‍ക്കുന്ന യാത്രയില്‍ 140 കിലോമീറ്ററാണ് ബോട്ടില്‍ പ്രിയങ്ക പിന്നിടുന്നത്. മോദിയുടെ വാരണാസിയിലും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗൊരഖ്പൂരിലും പ്രിയങ്ക എത്തുന്നുണ്ട്. വിവിധ കേന്ദ്രങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി പ്രിയങ്കാ ഗാന്ധി കൂടിക്കാഴ്ചകള്‍ നടത്തും.

ഗംഗയുടെ ഇരുകരകളിലുമായി ആയിരക്കണക്കിനാളുകളാണ് താമസിക്കുന്നത്. ദളിത്, പിന്നാക്ക സമുദായത്തില്‍പെട്ട ആളുകളാണ് ഭൂരിപക്ഷവും. തിരഞ്ഞെടുപ്പ് പ്രചാരണം സാധാരക്കാരിലേക്ക് കൂടി എത്തിക്കുകയാണ് പ്രിയങ്കയുടെ ലക്ഷ്യം. യാത്രമധ്യേ നിരവധി ക്ഷേത്രങ്ങളിലും പ്രിയങ്കാ ഗാന്ധി സന്ദര്‍ശനം നടത്തുന്നുണ്ട്.

മോദിയുടെ ലങ്കയെ ദഹിപ്പിക്കു, സഹോദരി പ്രിയങ്കാ… എന്ന് ആര്‍ത്തുവിളിച്ചാണ് പ്രവര്‍ത്തകര്‍ പ്രിയങ്കയെ വരവേറ്റത്. ഉത്തര്‍പ്രദേശില്‍ എത്തിയതിന് പിന്നാലെ യുപി ജനതയ്ക്കായി എഴുതിയ ഒരു തുറന്ന കത്ത് കോണ്‍ഗ്രസ് പുറത്ത് വിട്ടിരുന്നു. ജലം, ട്രെയിന്‍, ബസ് തുടങ്ങി കാല്‍നടയായി വരെ സാധാരണക്കാര്‍ ഉപയോഗിക്കുന്ന സകല മാര്‍ഗങ്ങളിലൂടെയും താനെത്തുമെന്ന് കത്തില്‍ പ്രിയങ്ക പറയുന്നു.

Top