ഡബ്ലിൻ :ദീപ ദിനമണിയുടെ കൊലപാതകത്തിന് ദൃക്ക് സാക്ഷി കൂടെ താമസിച്ചിരുന്ന മറ്റൊരു പെൺകുട്ടി.കോർക്കിലെ മലയാളി ചാർട്ടേർഡ് അക്കൗണ്ടന്റ് ദീപ ദിനമണി (38) യുടെ കൊലപാതകവുമായി പൊലീസ് അറസ്റ്റു ചെയ്ത ഭർത്താവ് റിമാൻഡിൽ.പാലക്കാട് സ്വദേശിനിയുടെ കൊലപാതകത്തിൽ ഞെട്ടൽ മാറാതെ ഐറിഷ് മലയാളി സമൂഹം. ഭർത്താവ് റിജിൻ രാജനെ ജൂലായ് 20 വരെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
അതേമയം കൊല്ലപ്പെട്ട തൃശൂര്‍ സ്വദേശിനി ദീപ ദിനമണിക്ക് അനുശോചനം അര്‍പ്പിച്ച് ഇന്ത്യന്‍ സമൂഹം. പുഷ്പങ്ങളും മെഴുകുതിരി നാളവുമായി നൂറു കണക്കിന് ആളുകളാണ് കാര്‍ഡിനാള്‍ കോര്‍ട്ടിലെ ഗ്രീന്‍ ഏരിയായില്‍ കഴിഞ്ഞ ദിവസം രാത്രി 8 മണിക്ക് ഒത്തു കൂടിയത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് വിൽട്ടൺ, കാർഡിനൽ കോർട്ട് റെസിഡൻഷ്യൽ ഏരിയയിലെ വാടക വീടിന്റെ കിടപ്പുമുറിയിൽ കുത്തേറ്റ് മരിച്ചനിലയിൽ ദീപയെ കണ്ടെത്തിയത്. ഭർത്താവാണ് കൊലപാതകിയെന്ന് അന്ന് തന്നെ വ്യക്തമായിരുന്നു.
അന്നു രാത്രി തന്നെ കസ്റ്റഡിയിൽ എടുത്ത ഭർത്താവ് റിജിൻ രാജനെ ശനിയാഴ്ച ചോദ്യം ചെയ്ത ശേഷം ഞായറാഴ്ച പുലർച്ചെ ടോഗർ ഗാർഡ സ്റ്റേഷനിൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടർന്ന് കോർക്ക് ഡിസ്ട്രിക്ട് കോർട്ടിന്റെ പ്രത്യേക സിറ്റിങ്ങിൽ ഹാജരാക്കി. കൊലപാതക കുറ്റമായതിനാൽ റിജിന് ജില്ലാ കോടതി ജാമ്യം നൽകിയില്ല. ഇവരോടൊപ്പം വാടക ഷെയർ ചെയ്ത് താമസിച്ചിരുന്ന മറ്റൊരു പെൺകുട്ടി കൊലപാതകത്തിന് ദൃക്‌സാക്ഷിയാണെന്നു പറയപ്പെടുന്നു.
ദീപ ദിനമണിക്ക് ജോലി ഉണ്ടായിരുന്നെങ്കിലും റിജിൻ രാജന് ജോലി ഉണ്ടായിരുന്നില്ല. ജോലിയും വരുമാനവും ഇല്ലാത്തതിനാൽ പ്രതിക്ക് ആവശ്യമായ വൈദ്യസഹായവും സൗജന്യ നിയമസഹായവും ലഭ്യമാക്കണമെന്ന് ഡിഫൻസ് സോളിസിറ്റർ എഡ്ഡി ബർക്ക് ആവശ്യപ്പെട്ടിരുന്നു. ജില്ലാ ജഡ്ജി ഒലാൻ കെല്ലെഹർ രണ്ട് ആവശ്യങ്ങളും അംഗീകരിച്ചു. റിജിൻ രാജനെ വ്യാഴാഴ്ച വീഡിയോ കോൺഫറൻസിങ്ങിലൂടെ വീണ്ടും കോടതിയിൽ ഹാജരാക്കും.
പൊലീസ് നടപടികൾക്ക് ശേഷം ദീപയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് കോർക്കിലെ മലയാളി സംഘടനകൾ അറിയിച്ചു. ദീപയുടെ ദാരുണാന്ത്യത്തിൽ അനുശോചിച്ചും കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കോർക്കിലെ മലയാളിസമൂഹം ഇന്നലെ ദീപയുടെ വസതിക്കു മുന്നിൽ മെഴുകുതിരി തെളിയിച്ചു. കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ, ഡബ്ല്യു.എം.സി., കോർക്ക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യൻ നേഴ്‌സ് നെറ്റ്‌വർക്ക്, ഫേസ് അയർലൻഡ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ദുഃഖാചരണത്തിൽ 150 ലേറെപ്പേർ പങ്കെടുത്തു.
അപ്രതീക്ഷിത ദുരന്തത്തിന്റെ ഞെട്ടലിലാണ് കോർക്കിലെ മലയാളികൾ. കോർക്ക് നഗരത്തിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള കാർഡിനൽ കോർട്ട് റെസിഡൻഷ്യൽ ഏരിയയിൽ ധാരാളം മലയാളികൾ താമസിക്കുന്നുണ്ട്. പക്ഷെ ദീപയും കുടുംബവും കോർക്കിലെ മലയാളിസമൂഹത്തിന് സുപരിചിതരല്ല. ദീപ ദിനമണി പാലക്കാട് സ്വദേശിയും റിജിൻ തൃശൂർ സ്വദേശിയുമാണെന്നാണ് സൂചന.
കഴിഞ്ഞ 14 വർഷമായി ചാർട്ടേഡ് അക്കൗണ്ടന്റായി പ്രവർത്തിച്ചുവന്നിരുന്ന ദീപ, ഈ വർഷം ഏപ്രിലിലാണ് അയർലൻഡിലെ ആൾട്ടർ ഡോമസിൽ ഫണ്ട് സർവീസ് മാനേജരായി ജോലിയിൽ പ്രവേശിച്ചത്. നേരത്തെ ഇൻഫോസിസ്, സീറോക്‌സ്, അപെക്‌സ് ഫണ്ട് സർവീസസ് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ദീപയുടെ ഫോട്ടോയ്ക്ക് മുന്നില്‍ കോര്‍ക്ക് പ്രവാസി മലയാളി, വേള്‍ഡ് മലയാളി കൗണ്‍സില്‍ കോര്‍ക്ക്, കോര്‍ക്ക് ഇന്ത്യന്‍ നഴ്‌സസ്, ഫേസ് അയര്‍ലന്‍ഡ് എന്നിവയുടെ നേതൃത്വത്തില്‍ എത്തിയവരാണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. യൗവന ജീവിതത്തിലുണ്ടായ ദീപ ദിനമണിയുടെ ദാരുണമായ വേര്‍പാടില്‍ ഇന്ത്യന്‍ സമൂഹം അതീവ ദുഃഖം രേഖപ്പെടുത്തി. തങ്ങളുടെ വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കും ദീപയുടെ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ അനുഭവിക്കുന്ന വേദനയും ദുഃഖവും പൂര്‍ണ്ണമായും ലഘൂകരിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കുന്നതായി വിവിധ സംഘടനകളുടെ പ്രതിനിധികള്‍ സംയുക്തമായി പറഞ്ഞു.
തങ്ങളാല്‍ കഴിയുന്ന വിധത്തില്‍ പിന്തുണയും സഹായവും നല്‍കുവാന്‍ കോര്‍ക്കിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി ഒറ്റക്കെട്ടായി നില്‍ക്കുന്നുവെന്ന് സംഘടനകളുടെ പ്രതിനിധികള്‍ അറിയിച്ചു. ദീപയുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നത് ഉള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ ഏകോപിപ്പിക്കാന്‍ എംബസി ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് സംഘടനകളുടെ പ്രതിനിധികള്‍ പറഞ്ഞു.