അബുദാബി: ലോകത്തിലെ ഏറ്റവും വില പിടിപ്പുള്ള ഗിറ്റാര്‍ ദുബായില്‍ പ്രദര്‍ശിപ്പിച്ചു. ഏദന്‍ ഓഫ് കോറോണെറ്റ് എന്ന ഗിറ്റാറിന്റെ വില കേട്ടാല്‍ ഞെട്ടും. 12കോടി രൂപയാണ് ഒരു ഗിറ്റാറിന്റെ വില. വജ്രത്തില്‍ പൊതിഞ്ഞ ഗിറ്റാറാണിത്. വജ്രത്തിന്റെ തിളക്കം കാണുമ്പോള്‍ ഈ ഗിറ്റാര്‍ സ്വന്തമാക്കാന്‍ തോന്നിപ്പോകും.
നാനൂറ് കാരറ്റിന്റെ വജ്രങ്ങള്‍ ഉപയോഗിച്ചാണ് ഈ ഗിറ്റാറിന്റെ നിര്‍മ്മാണം. വജ്രത്തെക്കൂടാതെ സ്വര്‍ണ്ണവും ഗിറ്റാറിന്റെ നിര്‍മ്മാണത്തിന് വേണ്ടി ഉപയോഗിച്ചിട്ടുണ്ട്. ഒന്നര കിലോ സ്വര്‍ണ്ണമാണ് ഗിറ്റാറിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്.
ദുബൈയിലെ ഇബ്നോബത്തുത്ത മാളിലാണ് ഗിറ്റാര്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. നിരവധിയാളുകള്‍ ഈ അപൂര്‍വ ഗിറ്റാര്‍ കാണാനെത്തി. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഗിറ്റാര്‍ എന്ന ബഹുമതിയും ഈ ഗിറ്റാറിനാണ്. ഇക്കാര്യത്തില്‍ ഗിന്നസ് റെക്കോര്‍ഡിലും ഏദന്‍ ഓഫ് കോറോണെറ്റ് ഇടം നേടി. ആകഷണീയമായ രൂപ ഭംഗിയാണ് ഗിറ്റാറിന്റെ മറ്റൊരു പ്രത്യകത. രണ്ട് വര്‍ഷത്തിലധികം സമയമെടുത്താണ് ഗിറ്റാര്‍ നിര്‍മ്മിച്ചത്.
കോറോണറ്റ് എന്ന ജുവലറി ബ്രാന്‍ഡിന്റെ പ്രചരണത്തിന് വേണ്ടിയാണ് അമൂല്യ ഗിറ്റാര്‍ രൂപകല്‍പന ചെയ്തത്. ലൈഫ് സ്റ്റൈല്‍ ഫൈന്‍ ജുവലറി ഗ്രൂപ്പും ഷം ജുവലറി ഗ്രൂപ്പും ചേര്‍ന്നാണ് ഗിറ്റാര്‍ നിര്‍മ്മിച്ചത്.