ബുര്‍ജ് ഖലീഫയ്ക്കും ഫ്രെയിമിനും ശേഷം ലോകത്തെ ഞെട്ടിക്കാന്‍ ദുബായ് ഒരുക്കുന്ന വമ്പന്‍ പദ്ധതി ഇതാണ്  

ദുബായ് : 2018 ആരംഭത്തില്‍ തന്നെ 2 സുപ്രധാന പദ്ധതികള്‍ ദുബായ് രാജ്യത്തിന് സമര്‍പ്പിച്ചിരുന്നു. ദുബായ് ഫ്രെയിം, ദുബായ് സഫാരി എന്നിവയായിരുന്നു അത്. എന്നാല്‍ മറ്റൊരു വമ്പന്‍ പദ്ധതികൂടി ദുബായ് ലോകത്തിന് മുന്നില്‍ വെയ്ക്കുകയാണ്. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറിയാണ് വിസ്മയിപ്പിക്കുന്ന സമുച്ചയമായി ഒരുങ്ങുന്നത്. നൂറുകോടി ദിര്‍ഹമാണ് ഇതിന്റെ നിര്‍മ്മാണച്ചിലവ്. 2018 മധ്യത്തോടെയാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കപ്പെടുക. ദുബായ് മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി വരികയാണ്. മുന്‍സിപ്പല്‍ ഡയറക്ടര്‍ ജനറല്‍,എഞ്ചിനീയര്‍ ഹുസൈന്‍ നാസര്‍ ലൂട്ടയുടെ നേതൃത്വത്തിലാണ് നിര്‍മ്മാണ പ്രവൃത്തികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നത്. 6 മാസത്തിനകം പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനത്തിനായി ഒരുക്കുമെന്ന് ഹുസൈന്‍ നാസര്‍ ലൂട്ട വ്യക്തമാക്കുന്നു. 66,000 സ്‌ക്വയര്‍ മീറ്ററിലാണ് ലൈബ്രറി കെട്ടിടം തയ്യാറാകുന്നത്. അല്‍ ജദഫില്‍ തലയുയര്‍ത്തുന്ന സമുച്ചയം ഖുറാന്‍ പീഠത്തിന്റെ മാതൃകയിലാണ് തയ്യാറാക്കുന്നത്. ബെയ്‌സ്‌മെന്റും ഗ്രൗണ്ട് ഫ്‌ളോറും കൂടാതെ 7 നിലകളാണ് സമുച്ചയത്തിനുണ്ടാവുക. വിപുലവും അത്യാധുനികവുമായ ലൈബ്രറിയാണ് ലക്ഷ്യമിടുന്നത്. എല്ലാതരം പുസ്തകങ്ങളും ഓഡിയോ വിഷ്വല്‍ മാധ്യമങ്ങളിലുള്ള രേഖകളും വിശദാംശങ്ങളും പ്രസംഗങ്ങളുമെല്ലാം ഇവിടെ ലഭ്യമാക്കും. അത്യപൂര്‍വ രേഖകളും പുസ്തകങ്ങളും ദൃശ്യങ്ങളും ചിത്രങ്ങളുമെല്ലാം വായനക്കാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗിക്കാം. മനുഷ്യ പരിണാമത്തിന്റെ ഘട്ടങ്ങള്‍ വിശദമായി പ്രതിപാദിക്കുന്ന മ്യൂസിയവും ഇതോടൊപ്പമുണ്ടാകും.

Top