ലണ്ടൻ : രണ്ടാഴ്ച മുൻപ് ബ്രിട്ടനിൽ കോവിഡ് മൂലം മരിച്ച യുവ വ്യവസായി ജീമോന്‍ പന്തിരുവേലിന്റെ സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ പള്ളിയില്‍ നടക്കും. കഴിഞ്ഞ മാസം 29 നായിരുന്നു അന്ത്യം. മാസങ്ങളോളം വിദഗ്ധ ചികിത്സ നല്‍കിയിട്ടും ജീമോനെ രക്ഷിക്കാനായില്ല. നാടിനോട് പ്രത്യേക അടുപ്പം സൂക്ഷിച്ചിരുന്ന ജീമോന്റെ മൃതദേഹം നാട്ടില്‍ തന്നെ സംസ്‌കരിക്കാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു.
കോവിഡ് ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ജിയോമോൻ 147 ദിവസത്തെ ആശുപത്രി വാസത്തിനൊടുവിലാണ് മരിച്ചത്. ചികിൽസയില്‍ കോവിഡ് രോഗ ലക്ഷണങ്ങളിൽനിന്നും പൂർണമായും മുക്തനായിരുന്നെങ്കിലും ഇതിനിടെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലായതാണ് മരണകാരണമായത്. റോംഫോർഡിലെ ക്യൂൻസ് ആശുപത്രിയിലും തുടർന്നു കേംബ്രിഡ്ജിലെ പാപ്വർത്ത് ആശുപത്രിയിലുമായിരുന്നു 147 ദിവസത്തെ എഗ്മോ വെന്റിലേറ്ററിന്റെ സഹായത്തോടെയുള്ള ചികിൽസകൾ. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും സംസ്കാര ശുശ്രൂഷകൾ.
ലണ്ടനിൽനിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വന്ദേഭാരത് വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. ഭാര്യയും കുട്ടികളും ഏതാനും ദിവസം മുൻപ് നാട്ടിലെത്തിയിരുന്നു.വിദ്യാർഥിയായിരിക്കെ കെഎസ്യുവിന്റെ നേതാവും കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജിന്റെ ചെയർമാനും കൗൺസിലറുമായിരുന്ന ജിയോമോൻ ഒഐസിസി യുകെയുടെയും സജീവ പ്രവർത്തകനായിരുന്നു. പതിനഞ്ചു വർഷം മുമ്പ് പഠനത്തിനായി ലണ്ടനിലെത്തിയ ജിയോമോൻ തുടർന്ന് ചുരുങ്ങിയ കാലംകൊണ്ട് ബ്രിട്ടനിലെ അറിയപ്പെടുന്ന ഇന്ത്യൻ ബിസിനസുകാരനായി ഉയരുകയായിരുന്നു. ബ്രിട്ടനിലെ മലയാളികളിൽ ഏറ്റവും പ്രമുഖനായ വ്യവസായികളിൽ ഒരാളായിരുന്നു ജിയോമോൻ.
കാഞ്ഞിരപ്പള്ളി പന്തിരുവലിൽ പി.എം. ജോസഫിന്റെയും പാലാ സ്രാമ്പിക്കൽ കുടുംബാംഗമായ ത്രേസ്യാമ്മ ജോസഫിന്റെയും മകനാണ്. തേനമ്മാക്കൽ കുടുംബാഗമായ സ്മിതയാണ് ഭാര്യ. നേഹ, നിയാൽ, കാതറിൻ എന്നിവർ മക്കളാണ്.ബ്രിട്ടനിൽ കോവിഡ് മൂലം മരിക്കുന്ന പതിനേഴാമത്തെ മലയാളിയാണ് ജിയോമോൻ. കോവിഡ് രോഗവ്യാപനം ആരംഭിച്ചതിനുശേഷം ബ്രിട്ടനിൽ മുപ്പതോളം മലയാളികൾ മരിച്ചെങ്കിലും എല്ലാവരുടെയും മൃതദേഹം ഇവിടെത്തന്നെ സംസ്കരിക്കുകയായിരുന്നു. വിമാനസർവീസ് ഇല്ലാതിരുന്നതതായിരുന്നു ഇതിന് പ്രധാന കാരണം.
യുകെ കോളജ് ഓഫ് ബിസിനസ് ആൻഡ് കംപ്യൂട്ടിംങ് എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉടമയാണ് ജിയോമോൻ. ലണ്ടനിലെ ഏറ്റവും തിരക്കേറിയ ലിവർപൂൾ സ്ട്രീറ്റിലെ അഞ്ചുനില കെട്ടിടം ഉൾപ്പെടുന്ന പ്രധാന കാമ്പസ് അടക്കം ആറ് കാമ്പസുകൾ അടങ്ങുന്നതാണ് ജിയോമോന്റെ വ്യവസായ സാമ്രാജ്യം. കൂടാതെ ദുബായിലും കൊച്ചിയിലുമായി വിദ്യാഭ്യാസ- ഐടി മേഖലയിൽ മറ്റ് വ്യവസായങ്ങളുടെയും ഉടമയാണ്. കേരളത്തിൽ പ്ലാന്റേഷൻ മേഖലയിലും സജീവ സാന്നിധ്യമായിരുന്നു. വിദ്യാഭ്യാസ വിദഗ്ധരും അധ്യാപകരും ഉൾപ്പെടെ 350 ലധികം പേർ ജോലി ചെയ്യുന്ന വ്യവസയത്തിന്റെ ഉടമയായിരുന്നു മലയാളികളുടെയെല്ലാം അഭിമാനമായി വളർന്ന ജിയോമോൻ.
കാഞ്ഞിരപ്പള്ളി രൂപതാ മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ പിതാവിന്റെ കാര്‍മ്മികത്വത്തിലാണ് സംസ്കാര ചടങ്ങു നടത്തുക. സംസ്‌കാര ചടങ്ങുകളുടെ ലൈവ് സംപ്രേഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ച ശേഷം യുകെയില്‍ നിന്ന് കേരളത്തിലേക്ക് മൃതദേഹമെത്തിക്കുന്നത് ഇതാദ്യമാണ്. കാലങ്ങളായി യുകെയില്‍ കഴിഞ്ഞിട്ടും ഇന്ത്യന്‍ പൗരത്വം സൂക്ഷിച്ചിരുന്ന ജീമോന്‍ നാടിനോട് വല്ലാത്ത അടുപ്പം സൂക്ഷിച്ചിരുന്ന വ്യക്തിയാണ്. ഇതിനാല്‍ തന്നെ കുടുംബം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നു.മുംബൈ വഴിയാണ് മൃതദേഹം കൊച്ചിയിലെത്തിക്കുക. രണ്ടാഴ്ച മുമ്പ് ജീമോന്റെ ഭാര്യയും കുഞ്ഞും നാട്ടിലെത്തിയിരുന്നു. ഇവര്‍ ക്വാറന്റീന്‍ കാലം പൂര്‍ത്തിയായതോടെയാണ് മൃതദേഹം നാട്ടിലെത്തിച്ചത്.