യൂറോപ്പിലുടനീളം കാന്‍സര്‍ കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. 2022 ല്‍ EU ല്‍ ഏറ്റവും കൂടുതല്‍ കാന്‍സര്‍ നിരക്കുള്ള രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്ത് അയര്‍ലണ്ടാണ്. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിദ്ധീകരിച്ച പുതിയ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം റിപ്പബ്ലിക്കിലെ ഓരോ 100,000 പേരില്‍ 641.6 പേര്‍ക്കും കാന്‍സര്‍ ബാധിച്ചിരുന്നു. നോണ്‍-മെലനോമ സ്‌കിന്‍ ക്യാന്‍സര്‍ ഒഴികെയുള്ള കണക്കാണിത്.
ജനസംഖ്യയില്‍ 100,000 ല്‍ 728.5 കാന്‍സര്‍ കേസുകളുള്ള ഡെന്മാര്‍ക്കിന് ശേഷം, യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളിലെ രണ്ടാമത്തെ ഉയര്‍ന്ന നിരക്കാണിത്. 422.4 കേസുകളുള്ള ബള്‍ഗേറിയയിലാണ് ഏറ്റവും കുറവ്. അയര്‍ലണ്ടിലെ കാന്‍സര്‍ സാധ്യത ശരാശരി EU നിരക്കിനേക്കാള്‍ 12.3 ശതമാനം കൂടുതലാണ്. 2022ല്‍ റിപ്പബ്ലിക്കില്‍ 26,900 പുതിയ കാന്‍സര്‍ കേസുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് പറയുന്നു.
അയര്‍ലണ്ടിലെ കാന്‍സര്‍ മരണനിരക്ക് EU ശരാശരിയേക്കാള്‍ താഴെയാണ്. 2022ല്‍ അയര്‍ലണ്ടില്‍ 100,000 രോഗികളില്‍ 260.1 പേര്‍ കാന്‍സര്‍ ബാധിച്ച് മരിച്ചു. കഴിഞ്ഞ വര്‍ഷം റിപ്പബ്ലിക്കില്‍ കാന്‍സര്‍ ബാധിച്ച് മരിച്ചവരുടെ എണ്ണം 10,310 ആയി. യൂറോപ്യന്‍ യൂണിയനിലെ ജോയിന്റ് റിസര്‍ച്ച് സെന്റര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍, 2020 നെ അപേക്ഷിച്ച് യൂറോപ്യന്‍ യൂണിയനിലുടനീളം പുതിയ കാന്‍സര്‍ കേസുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷം 2.3 ശതമാനം വര്‍ദ്ധിച്ച് 2.74 ദശലക്ഷത്തിലെത്തി. ഇതേ കാലയളവില്‍, കാന്‍സര്‍ മരണങ്ങളുടെ എണ്ണം 2.4 ശതമാനം വര്‍ധിച്ച് 1.3 ദശലക്ഷത്തില്‍ താഴെയായി.