യുകെ മലയാളി വീടിനുള്ളില്‍ കുഴഞ്ഞുവീണു മരിച്ചു. 21 വര്‍ഷമായി സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ കുടുംബമായി താമസിച്ചു വരുന്ന തൊടുപുഴ മൂലമറ്റം സ്വദേശി ജോസ് മാത്യു (50) ആണ് മരിച്ചത്. ബുധനാഴ്ച്ച രാത്രി 8 മണിയോടെയായിരുന്നു കുഴഞ്ഞുവീണത്. സംഭവസമയത്ത് വീട്ടില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ ഇളയ മകള്‍ മരിയ മാത്രമാണ് ഉണ്ടായിരുന്നത്. ഉടന്‍ തന്നെ ആംബുലന്‍സ് സര്‍വീസിന്റെ സഹായം തേടി. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ അവര്‍ സി.പി.ആര്‍ ഉള്‍പ്പെടെയുള്ള പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
നഴ്‌സായ ഭാര്യ ഷീബ ഡേ ഷിഫ്റ്റ് കഴിഞ്ഞു വീട്ടിലേക്ക് മടങ്ങിയെത്തുന്നതിന് തൊട്ടുമുന്‍പായിരുന്നു ജോസ് മാത്യു കുഴഞ്ഞുവീണത്. സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലെ കീല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളായ കെവിന്‍, കരോള്‍ എന്നിവരാണ് മറ്റ് മക്കള്‍. മരണവിവരം അറിഞ്ഞ് യുകെയിലെ സോമര്‍സെറ്റ് ടോണ്ടനില്‍ താമസിക്കുന്ന ഇളയ സഹോദരന്‍ ബിജു മാത്യുവും കുടുംബവും സ്റ്റോക് ഓണ്‍ ട്രെന്‍ഡില്‍ എത്തിയിട്ടുണ്ട്. മൂലമറ്റം ഇളംതുരുത്തില്‍ പരേതനായ മാത്യു ജോസഫ്, ഏലിക്കുട്ടി എന്നിവരാണ് മാതാപിതാക്കള്‍.
സിസ്റ്റര്‍ ജിജി മാത്യു (പ്രിന്‍സിപ്പല്‍, സെന്റ് ജെയിംസ് നഴ്‌സിങ് കോളജ്, ചാലക്കുടി), റെജി ചെറിയാന്‍ (എരുമേലി), ലിജി ജെയ്സണ്‍ (മൂലമറ്റം) എന്നിവരാണ് മറ്റ് സഹോദരങ്ങള്‍. സിറോ മലബാര്‍ സഭയുടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മിഷന്‍ ഇടവകയിലെ ഡൊമിനിക് സാവിയോ യൂണിറ്റിലെ അംഗമായ ജോസ് മാത്യു നാട്ടില്‍ അറക്കുളം പുത്തന്‍പള്ളി ഇടവകാംഗമാണ്. സംസ്‌കാരം യുകെയില്‍ തന്നെ നടത്താനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. സംസ്‌കാര തീയതി സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കും.


