
ദമ്മാം : കെ പി സി സി വർക്കിംഗ് പ്രസിഡണ്ടും തൃക്കാക്കര എം എൽ എ യുമായ പി ടി തോമസിൻറെ നിര്യാണത്തിൽ ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. വിദ്യാർത്ഥി രാഷ്ട്രീയം മുതൽ മൂല്യാധിഷ്ഠിതവും സംശുദ്ധമായ പൊതുജീവിതം നയിച്ച പി ടി തോമസ് ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന പാരിസ്ഥിതിക വിഷയങ്ങളിൽ കർക്കശമായ നിലപാടുകളാണ് സ്വീകരിച്ചിരുന്നത്. വിവിധ വിഷയങ്ങളിലെടുത്ത നിലപാടുകളിൽ നിന്നും അണുകിട വ്യതിചലിക്കാത്ത പി ടി തോമസ് മാതൃകാ പൊതുപ്രവർത്തകനായിരുന്നുവെന്ന് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി അനുശോചനക്കുറിപ്പിൽ അനുസ്മരിച്ചു.
പാർലമെൻറിലും നിയമസഭയിലും വിഷയങ്ങൾ ആഴത്തിൽ പഠിച്ച് അവതരിപ്പിക്കുന്നതിൽ കണിശത പുലർത്തിയിരുന്ന പി ടി തോമസിൻറെ വിയോഗം കേരളത്തിലെ കോൺഗ്രസ്സിനും പൊതുസമൂഹത്തിനും കനത്ത നഷ്ടമാണ് വരുത്തിയിരിക്കുന്നത്. സ്ഥാനമാനങ്ങൾക്കുവേണ്ടി ഒരിക്കലും നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാത്ത പി ടി തോമസ്, കേരളത്തിലെ പാരിസ്ഥിതിക – കർഷക വിഷയങ്ങളിൽ സ്വീകരിച്ച നിലപാടുകൾ ശെരിയായിരുന്നുവെന്ന് കാലം തെളിയിച്ചത് എതിരാളികൾ പോലും സമ്മതിക്കും.
മരണശേഷമുള്ള തൻറെ അന്ത്യകർമ്മങ്ങൾ എങ്ങനെയായിരിക്കണമെന്നുപോലും തീരുമാനിച്ച് ഈ ലോകത്തോട് വിട ചൊല്ലിയ പി ടി തോമസ് തികഞ്ഞ മതേതരവാദിയായിരുന്നുവെന്നും ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി അനുശോചനക്കുറിപ്പിൽ പറഞ്ഞു.
ഒ ഐ സി സി മിഡിൽ ഈസ്റ്റ് കോ ഓർഡിനേറ്റർ അഹമ്മദ് പുളിക്കൽ, സൗദി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് രമേശ് പാലക്കാട്, ദമ്മാം റീജ്യണൽ കമ്മിറ്റി ആക്റ്റിംഗ് പ്രസിഡണ്ട് ഹനീഫ് റാവുത്തർ, വൈസ് പ്രസിഡണ്ട് ചന്ദ്രമോഹൻ, ജനറൽ സെക്രട്ടറി ഇ കെ സലിം, ട്രഷറർ റഫീഖ് കൂട്ടിലങ്ങാടി, എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡണ്ട് നിഷാദ് കുഞ്ചു എന്നിവരും ദമ്മാം ഒ ഐ സി സി യുടെ വിവിധ ജില്ലാ – ഏരിയ – വനിതാ – യൂത്ത് വിംഗ് കമ്മിറ്റികളും പി ടി തോമസിൻറെ നിര്യാണത്തിൽ അനുശോചിച്ചു. വ്യാഴാഴ്ച രാത്രി 08:00 മണിക്ക് ദമ്മാം ബദർ അൽ റാബി ആഡിറ്റോറിയത്തിൽ അനുശോചന യോഗം ചേരുമെന്നും റീജ്യണൽ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.