നടിയെ ആക്രമിച്ച കേസില്‍ അറിയാവുന്ന കാര്യങ്ങള്‍ മുഴുവന്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്: തനിക്കുള്ള ചില സംശയങ്ങളും പൊലീസുമായി പങ്കുവെച്ചെന്ന് പി.ടി. തോമസ്

തിരുവനന്തപുരം :നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പി.ടി. തോമസ് എംഎല്‍എയുടെ മൊഴിയെടുത്തു. ആക്രമിക്കപ്പെട്ട നടിയെ സംഭവദിവസം രാത്രി സന്ദര്‍ശിച്ച വ്യക്തിയെന്ന നിലയിലാണു മൊഴിയെടുത്തത്. പൊലീസിനോടു പറഞ്ഞ കാര്യങ്ങള്‍ പുറത്തുപറയാന്‍ സാധിക്കില്ലെന്ന് എംഎല്‍എ മാധ്യമങ്ങളോട് പ്രതികരിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ മുഴുവന്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. തനിക്കുള്ള ചില സംശയങ്ങളും പൊലീസുമായി പങ്കുവച്ചു. കേസ് വഴിതെറ്റിപോകുന്നുവെന്ന് തോന്നിയാല്‍ സ്വന്തം താല്‍പര്യങ്ങളോ സ്ഥാനമാനങ്ങളോ ത്യജിച്ചാണെങ്കിലും പോരാടും. ഈ ഘട്ടത്തില്‍ ആക്ഷേപമുന്നയിച്ച്‌ പൊലീസിന്റെ അന്വേഷണത്തെ ദുര്‍ബലമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മൊഴി നല്‍കിയശേഷം പി.ടി. തോമസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട വിവരമറിഞ്ഞു കൊച്ചിയില്‍ സംവിധായകന്‍ ലാലിന്റെ വീട്ടിലേക്ക് അര്‍ധരാത്രി തന്നെ എത്തിയവരുടെ കൂട്ടത്തില്‍ പി.ടി. തോമസുമുണ്ടായിരുന്നു. നടിയുടെ ഡ്രൈവറായിരുന്ന മാര്‍ട്ടിനെ പിടികൂടിയപ്പോഴും പള്‍സര്‍ സുനിയുടെ ഫോണിലേക്ക് വിളിച്ചുനോക്കിയപ്പോഴും സ്ഥലത്തുണ്ടായിരുന്ന വ്യക്തിയാണ് അദ്ദേഹം. ഈ സാഹചര്യത്തിലാണു സംഭവദിവസത്തെ കാര്യങ്ങളെക്കുറിച്ച്‌ തോമസിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്.എറണാകുളം ഗസ്റ്റ് ഹൗസിലെത്തിയാണ് അന്വേഷണസംഘം മൊഴിയെടുത്തത്. നിലവിലെ പൊലീസ് അന്വേണത്തെക്കുറിച്ച്‌ പരാതിയില്ലെന്നും മുഖ്യമന്ത്രി പ്രതിക്കൂട്ടിലാകുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ അന്വേഷണം ഊര്‍ജിതമാക്കിയതെന്നും മൊഴിയെടുക്കലിനു മുമ്ബ് പി.ടി. തോമസ് പറഞ്ഞു.

Top