ഒമാന്‍: വിദേശത്ത് ജോലി ചെയ്യുന്ന മലയാളികള്‍ക്ക് തിരിച്ചടി. 48മലയാളി നഴ്‌സുമാര്‍ക്കാണ് തിരിച്ചടി കിട്ടിയിരിക്കുന്നത്. സൗദി അറേബ്യയ്ക്കു പിന്നാലെ ഒമാനിലും തൊഴില്‍ പ്രതിസന്ധി രൂക്ഷമായതോടെ സര്‍ക്കാര്‍ ആശുപത്രികളിലെ സ്വദേശികളല്ലാത്ത നഴ്‌സുമാരെ പിരിച്ചുവിടാനുള്ള നോട്ടിസ് നല്‍കി കഴിഞ്ഞു.
48 മലയാളികള്‍ ഉള്‍പ്പെടെ 76 പേര്‍ക്കാണ് നോട്ടിസ്. ഇന്നു മുതല്‍ ജോലിയില്‍ പ്രവേശിക്കേണ്ടെന്നാണ് നിര്‍ദേശം. സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. 90 ദിവസത്തെ സാവകാശമാണ് നോട്ടിസില്‍ നല്‍കിയിരുന്നത്. ഇത് ഇന്നു അവസാനിക്കും. അടുത്ത എട്ടു ദിവസത്തിനുള്ളില്‍ ഇവിടെനിന്നു മടങ്ങണമെന്നാണ് നഴ്‌സുമാര്‍ക്കു നിര്‍ദേശം നല്‍കിയത്. അതേസമയം, ഗള്‍ഫിലെ തൊഴില്‍ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ നോര്‍ക്ക സെക്രട്ടറിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. എംബസി, മലയാളി സംഘടനകള്‍, എന്നിവയെ ഏകോപിപ്പിച്ചുകൊണ്ട് വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് അടിയന്തിര നടപടികളെടുക്കാനാണ് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുള്ളത്.
നിതാഖാത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി പതിനായിരത്തിലധികം ഇന്ത്യക്കാര്‍ക്കാണ് സൗദി അറേബ്യയില്‍ ജോലി നഷ്ടമായത്. ഇക്കാമ പോലും കൈവശമില്ലാത്തതിനാല്‍ ഇവര്‍ക്കു നാട്ടിലേക്കു മടങ്ങാന്‍ സാധിക്കുന്നില്ല. കെട്ടിട നിര്‍മാണ മേഖലയില്‍ തൊഴിലെടുക്കുന്നവരെയാണ് പ്രധാനമായും പ്രശ്‌നങ്ങള്‍ ബാധിച്ചിരിക്കുന്നത്. പലര്‍ക്കും നിരവധി മാസത്തെ ശമ്പളം ലഭിക്കാനുണ്ട്.
സൗദിയില്‍ കുടുങ്ങിയവരെ തിരികെയെത്തിക്കാനുള്ള ശ്രമം കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. ഭക്ഷണം പോലുമില്ലാതെ കുടുങ്ങിയവര്‍ക്ക് ഭക്ഷണമെത്തിക്കുന്ന നടപടി ഇന്ത്യന്‍ എംബസിയും പ്രവാസി സമൂഹവും തുടരുകയാണ്. റിയാദിലെ ഇന്ത്യന്‍ എംബസിയുടെ മേല്‍നോട്ടത്തിലാണ് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ഏകോപിപ്പിക്കുന്നത്. തൊഴിലാളികളെ തിരികെയെത്തിക്കുന്നതിനു നേതൃത്വം നല്‍കാന്‍ വിദേശകാര്യമന്ത്രി വി.കെ.സിങ് സൗദിയിലെത്തും.