യുവതിയുടെ പേരിൽ പ്രൊഫൈലുണ്ടാക്കി ലക്ഷങ്ങള്‍ തട്ടിയ മിലിറ്ററി നഴ്‌സ് പിടിയില്‍; തട്ടിപ്പ് നടത്തിയത് വിദഗ്ധമായി

മാട്രിമോണി സൈറ്റില്‍ വ്യാജപ്രൊഫൈലുണ്ടാക്കി പരിചയപ്പെട്ട യുവാവില്‍ നിന്ന് മിലിറ്ററി ക്യാംപിലെ സ്റ്റാഫ് നഴ്‌സ് തട്ടിയത് 15 ലക്ഷം രൂപ. തിരുവനന്തപുരം തിരുമല സ്വദേശിയായ സ്മിതയാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു. 44 വയസ്സുള്ള സ്മിത തന്റെ പേരും വയസും വിലാസവും ജോലിയുമടക്കം തെറ്റായ വിവരങ്ങളാണ് നല്‍കിയിരുന്നത്.

2016 ലാണ് കൊച്ചിയിലെ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവാവ് മാട്രിമോണി സൈറ്റിലൂടെ സ്മിതയെ പരിചയപ്പെട്ടത്. ശ്രുതി ശങ്കര്‍ എന്ന പേരിലാണ് ഇവര്‍ പ്രൊഫൈല്‍ ഉണ്ടാക്കിയത്. പരസ്പരം മൊബൈല്‍ നമ്പറുകള്‍ കൈമാറിയ ഇവര്‍ ഫോണിലൂടെ കൂടുതല്‍ അടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശ്രുതി എംബിബിഎസ് എംഡി ക്ക് കല്‍ക്കട്ടയില്‍ പഠിക്കുകയാണെന്നും അവര്‍ കുടുംബമായി ബോംബെയില്‍ സെറ്റിലാണ് എന്നുമാണ് യുവാവിനോട് പറഞ്ഞിരുന്നത്. പതുക്കെപ്പതുക്കെ യുവാവിന്റെ സാമ്പത്തികസ്ഥിതി മനസ്സിലാക്കിയ പ്രതി അത്യാവശ്യ കാര്യത്തിന് എന്നുപറഞ്ഞ് പണം ആവശ്യപ്പെട്ടു തുടങ്ങി. ഈ സമയം പ്രതിയുടെ മാതാപിതാക്കള്‍ എന്ന പറയുന്നവരുമായി യുവാവിന്റെ മാതാപിതാക്കള്‍ സംസാരിച്ചിരുന്നു. വിവാഹം ഉറപ്പിച്ചതിനാല്‍ പ്രതി ആവശ്യപ്പെടുമ്പോള്‍ എല്ലാം യുവാവ് പണം അയച്ചു കൊടുക്കമായിരുന്നു. പ്രതിയുടെ സ്മിത എന്ന ആന്റിയുടെ അക്കൗണ്ട് നമ്പറിലേക്ക് ആണ് പരാതിക്കാരന്‍ 15 ലക്ഷം രൂപ അയച്ചുകൊടുത്തത്.

ഇതിനിടയില്‍ പലപ്പോഴായി പ്രതിയുടെ ഫോട്ടോ എന്നുപറഞ്ഞ് വ്യാജ പ്രൊഫൈലില്‍ ഉള്ള ഫോട്ടോ അയച്ചു കൊടുക്കുകയായിരുന്നു. കൂടാതെ പ്രതിയുടെ അച്ഛന്‍, അമ്മ എന്ന് പറഞ്ഞ് കുടുംബ ഫോട്ടോയും അയച്ചുകൊടുത്തിരുന്നു. പിന്നീട് വിവാഹത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ പല ഒഴിവുകളും പറയാന്‍ തുടങ്ങി. അവസാനം വളരെ വിദഗ്ധമായി പ്രതി തനിക്ക് ക്യാന്‍സര്‍ ആണെന്ന് പറഞ്ഞു പരാതിക്കാരനെ ഒഴിവാക്കി. ഒരിക്കല്‍പോലും പ്രതി വീഡിയോ ചാറ്റിങ്ങിലൂടെ പരാതിക്കാരനുമായി ബന്ധപ്പെട്ടിട്ടില്ല.

പണം നഷ്ട്ടപെട്ട യുവാവ് നാണക്കേട് ഓര്‍ത്ത് 2017 ല്‍ ശ്രുതിയുമായുള്ള ചാറ്റിങ് അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ഒരു മാസം മുമ്പ് വീണ്ടും പ്രതി നിയതി നാരായണന്‍ എന്ന പ്രൊഫൈലില്‍ മാട്രിമോണിയല്‍ സൈറ്റില്‍ ലോഗിന്‍ ചെയ്തു പരാതിക്കാരനെ ബന്ധപ്പെട്ടു. തുടര്‍ന്നുള്ള പ്രതിയുടെ സംസാരത്തില്‍ യുവാവിന് തന്നെ കബളിപ്പിച്ച പഴയ പെണ്‍കുട്ടി തന്നെ ആണെന്ന് മനസ്സിലായി. ഇതേത്തുടര്‍ന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജിയുടെ മുന്‍പാകെ പരാതിപ്പെടുകയായിരുന്നു.

തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ വിജയ് ശങ്കര്‍, എസ് ഐ വിബിന്‍ ദാസ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ഏറ്റെടുത്ത് മാട്രിമോണിയില്‍ ഓഫീസിലും ബാങ്കിലും പോലീസ് വിശദമായി അന്വേഷിച്ചു. അന്വേഷണത്തില്‍ പ്രതി തീര്‍ത്തിരിക്കുന്ന രണ്ട് അക്കൗണ്ടുകളും വ്യാജ പ്രൊഫൈല്‍ ആണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് ആന്റിയുടെ ആണെന്ന് പറഞ്ഞ് പ്രതി അയച്ചുകൊടുത്ത സ്മിതയുടെ അക്കൗണ്ട് ഡീറ്റെയില്‍സ് പൊലീസ് എടുത്തു. സ്മിത തിരുവനന്തപുരം സ്വദേശിയാണെന്ന് പൊലീസ് മനസ്സിലാക്കി അന്വേഷണം തിരുവനന്തപുരം ഭാഗത്തേക്ക് വ്യാപിപ്പിച്ചു.

തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ശ്രുതി എന്ന പേരിലും നിയതി നാരായണന്‍ എന്ന പേരിലും വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി പരാതിക്കാരനെ വഞ്ചിച്ച് 15 ലക്ഷം തട്ടിയത് അക്കൗണ്ട് ഹോള്‍ഡര്‍ ആയ സ്മിത എന്ന പ്രതി തന്നെയാണെന്ന് പൊലീസിന് മനസ്സിലായി. അറസ്റ്റിലായ സ്മിത തിരുവനന്തപുരം മിലിറ്ററി ക്യാമ്പില്‍ ലെഫ്റ്റനന്റ് കേണല്‍ റാങ്കുള്ള നേഴ്സ് ആണ്. സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്പെക്ടര്‍ സുനു മോന്‍, എഎസ്ഐ അരുള്‍, എസ് സി പി ഒ അനീഷ്, ജാക്ക്സണ്‍ സിപിഒമാരായ അജിത് ഇഗ്‌നേഷ്യസ,് ഡബ്ല്യുസിപിഒമാരായ ബീന, റീന എന്നിവരുമുണ്ടായിരുന്നു.

Top