അയര്‍ലണ്ടിലെ പൊലീസ് സേനയായ ഗാര്‍ഡയില്‍ (An Garda Síochána) ചേരുന്നതിനുള്ള പരമാവധി പ്രായപരിധി ഉയര്‍ത്തും. 35-ല്‍ നിന്നും 50 ആക്കി വര്‍ദ്ധിപ്പിക്കും. കൂടുതല്‍ പേരെ ഗാര്‍ഡ സേനയില്‍ അംഗങ്ങളാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതെന്ന് നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീ പറഞ്ഞു. ഒപ്പം 35 കഴിഞ്ഞവര്‍ക്കുള്ള ഫിറ്റ്നസ് ടെസ്റ്റിനും പ്രായത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തും.
രാജ്യത്ത് ആവശ്യത്തിന് ഗാര്‍ഡകളില്ലാത്തത് ക്രമസമാധാന പ്രശ്നങ്ങള്‍ രൂക്ഷമാക്കുന്നതായി വിമര്‍ശനമുയരുന്നതിനിടെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. പ്രായപരിധി ഉയര്‍ത്തുന്നത് സംബന്ധിച്ചുള്ള നിര്‍ദ്ദേശം താന്‍ വൈകാതെ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും മക്കന്റീ വ്യക്തമാക്കി.
പ്രായപരിധി ഉയര്‍ത്തിയാലും ഗാര്‍ഡയിലെ വിരമിക്കല്‍ പ്രായം 60 വയസായി തുടരും. 50-ആം വയസില്‍ ഗാര്‍ഡയില്‍ ചേരുന്നവര്‍ക്ക് 10 വര്‍ഷത്തെ സര്‍വീസിന് ശേഷം വിരമിച്ചാല്‍ ഭാഗികമായ പെന്‍ഷന്‍ ലഭിക്കുകയും ചെയ്യും.