പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത !ഖത്തറില്‍ പ്രവാസി അനുകൂല സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തിന് അംഗീകാരം

ദോഹ: ഖത്തറിലെ വിദേശജോലിക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന പുതുക്കിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അംഗീകാരം നല്‍കി. പ്രവാസികളുടെ ഏറെ കാലത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്. വിദേശജോലിക്കാര്‍ക്ക് രാജ്യത്ത് തൊഴില്‍മാറ്റം എളുപ്പമാകാനും രാജ്യം വിടാനും അനുവദിക്കുന്ന നിയമമാണ് പുതുക്കിയത്.

സ്‌പോണ്‍സറുടെ കീഴില്‍ കരാര്‍ കാലാവധി തീരുംവരെ തൊഴിലെടുത്ത തൊഴിലാളിക്ക് സ്‌പോണ്‍സറുടെ അനുമതി ഇല്ലാതെ തന്നെ മറ്റൊരു ജോലി തേടാം പുതുക്കിയ നിയമം അനുവദിക്കുന്നുണ്ട്. അതേ പോലെ രാജ്യം വിടാന്‍ എക്‌സിറ്റ് ആവശ്യപ്പെട്ടിട്ടും എന്തെങ്കിലും കാരണവശാല്‍ അത് നിരസിക്കപ്പെട്ടാല്‍ അത് പരിശോധിക്കാന്‍ ഒരു പുതിയ സംവിധാനം ഏര്‍പ്പെടുത്താനും പുതിയ നിയമത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തൊഴില്‍ദാതാവ് തൊഴിലാളിയുടെ ജോലി മാറ്റ അപേക്ഷയില്‍ എന്‍ഒസി (നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) നല്‍കാന്‍ വിസമ്മതിച്ചാല്‍ ദാതാവിന്റെ കീഴില്‍ തന്നെ രണ്ട് വര്‍ഷം കൂടി അധികം തൊഴില്‍ ചെയ്ത ശേഷമേ മറ്റൊരു ജോലിയിലേക്ക് മാറാന്‍ തൊഴിലാളിക്ക് കഴിഞ്ഞിരുന്നുള്ളൂ. നിലവിലെ ഈ സ്ഥിതിയാണ് പുതിയ നിയമം അംഗീകരിച്ചതിലൂടെ ഇല്ലാതാകുക. എന്നാല്‍ നിയമത്തില്‍ അമീര്‍ ഒപ്പിട്ടെങ്കിലും വരുന്ന ഒരു വര്‍ഷത്തിന് ശേഷമേ നിയമം പ്രാബല്യത്തില്‍ വരികയുള്ളൂ എന്ന് ഖത്തര്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ക്യുഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

രാജ്യം വിടാന്‍ താത്പര്യമുള്ള തൊഴിലാളി യാത്രയുടെ മൂന്ന് പ്രവൃത്തിദിനങ്ങള്‍ക്ക് മുമ്പ് ഇക്കാര്യം ആഭ്യന്തരമന്ത്രാലയത്തെ അറിയിക്കണമെന്ന് പുതുക്കിയ എക്‌സിറ്റ് നിയമം നിര്‍ദ്ദേശിക്കുന്നു. മന്ത്രാലയം പിന്നീട് സ്‌പോണ്‍സറുടെ പ്രതികരണത്തിന് കാത്തുനില്‍ക്കും. സ്‌പോണ്‍സര്‍ നിരസിച്ചാല്‍ തൊഴിലാളിക്ക് ആഭ്യന്തരമന്ത്രാലയത്തിന്റെ കമ്മറ്റിക്ക് മുമ്പായി സ്‌പോണ്‍സര്‍ക്കെതിരെ പരാതി നല്‍കാം. അടിയന്തിര സാഹചര്യങ്ങളില്‍ കമ്മറ്റി പരാതിയില്‍ മൂന്ന് ദിവസത്തിനുള്ളില്‍ തീര്‍പ്പ് കണ്ടെത്തണമെന്നും നിയമഭേദഗതി പറയുന്നു.
ഔദ്യോഗിക ഗസറ്റില്‍ പ്രഖ്യാപിച്ച് ഒരു വര്‍ഷത്തിന് ശേഷം മാത്രമേ നിയമം പ്രാബല്യത്തില്‍ വരികയുള്ളൂ എന്നാണ് റിപ്പോര്‍ട്ട്. 2009ലെ സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തിലെ നാലാം നമ്പര്‍ ഭേദഗതി നിയമത്തിലെ രണ്ട് വകുപ്പുകളില്‍ കാര്യമായ മാറ്റം വരുത്തിയാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്.
സ്പോണ്‍സറുടെ അനുമതി വേണ്ട തൊഴില്‍ മാറുന്നതിന് സ്‌പോണ്‍സറുടെ അനുമതി വേണ്ടെന്നതാണ് പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥകളില്‍ ഒന്ന്

   സ്വാതന്ത്ര്യം

   തൊഴില്‍ മാറുന്നതിനുള്ള സ്വാതന്ത്ര്യം നല്‍കുന്നതോടൊപ്പം തന്നെ തൊഴിലുടമയുടെ    അനുമതിയില്ലാതെ രാജ്യം വിടാന്‍ അനുമതി .

   എക്സിറ്റ് പെര്‍മിറ്റ് :

  രാജ്യം വിടുന്നതിന് മൂന്ന് ദിവസം മുന്‍പ് ആഭ്യന്തര മന്ത്രാലയത്തില്‍ വിവരം അറിയിക്കണം.   എക്‌സിറ്റ് പെര്‍മിറ്റിനായി ആദ്യം തൊഴിലുടമയെ സമീപിയ്ക്കണമെന്ന് ശൂറാ കൗണ്‍സില്‍   ഭേദഗതി നിര്‍ദ്ദേശിച്ചിട്ടുണ്ടായിരുന്നു.

  നിരസിച്ചാല്‍ :തൊഴിലുടമ എക്‌സിറ്റ് പെര്‍മിറ്റ് അപേക്ഷ നിരസിയ്ക്കുകയാണെങ്കില്‍   ആഭ്യന്തരമന്ത്രാലയം തയ്യാറാക്കുന്ന പ്രത്യേക സമിതിയ്ക്ക് മുന്നില്‍ അപേക്ഷ സമര്‍പ്പിയ്ക്കാം.   ഖത്തറിലെ തൊഴില്‍ നിയമ പരിഷ്‌കരണവുമായി ബന്ധപ്പെട്ട നടപടികള്‍ ആഗോള  തലത്തില്‍ ചര്‍ച്ചയായിരുന്നു.

Top