കവന്‍ട്രി: ഭാര്യയേയും രണ്ട് മക്കളേയും കൊന്ന കുറ്റത്തിന് കണ്ണൂര്‍ സ്വദേശിയായ സാജുവിന്
നോര്‍ത്താംപ്റ്റന്‍ ക്രൗണ്‍ കോടതി നല്‍കിയത് 40 വര്‍ഷത്തെ തടവ് ശിക്ഷ. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു കേസില്‍ മലയാളിയായ ഒരാള്‍ ബ്രിട്ടനില്‍ ശിക്ഷിക്കപ്പെടുന്നത് ഇത് ആദ്യമാണ്. രണ്ടില്‍ കൂടുതല്‍ ആളുകള്‍ കൊല്ലപ്പെടുന്ന കേസില്‍ പരമാവധി ശിക്ഷതന്നെ നല്‍കുന്ന രീതി പിന്തുടര്‍ന്നാണ് ഈ കേസിലും 40 വര്‍ഷം വിധിച്ചത്.
കൊല്ലപ്പെട്ട 2 പേര്‍ കുട്ടികളായത് ശിക്ഷയുടെ കാഠിന്യം ഇരട്ടിപ്പിക്കാന്‍ ഇടയാക്കി. എങ്കിലും പ്രതി നേരത്തെ തന്നെ കുറ്റം സമ്മതിച്ചതിനാല്‍ ശിക്ഷയില്‍ 5 വര്‍ഷത്തെ ഇളവ് ലഭിച്ചു. കൊലപാതകത്തിനുശേഷം കത്തിയുമായി സോഫയില്‍ ഇരുന്ന സാജുവിനെ വീടിന്റെ ജനല്‍ തകര്‍ത്ത് അകത്തുകടന്ന പൊലീസ് ടീസര്‍ ഉപയോഗിച്ച് ഷോക്ക് നല്‍കിയാണ് പിടികൂടിയത്. ഇതിന്റെ വിഡിയോ നേരത്തേ ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.
പ്രതിക്കുവേണ്ടി സര്‍ക്കാര്‍ അഭിഭാഷകനാണ് ഹാജരായത്. വൃദ്ധയായ മാതാവ് നാട്ടില്‍ ഒറ്റയ്ക്കാണെന്നും വീട്ടിലെ ചുമതലകള്‍ വഹിക്കുന്ന ഏകമകന്‍ എന്ന നിലയില്‍ കുറഞ്ഞശിക്ഷ നല്‍കണം എന്നും മാത്രമാണ് അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. ശിക്ഷയ്ക്കു ശേഷം പ്രതി സമൂഹത്തിനു ഭീഷണിയാവില്ല എന്നു കണ്ടെത്തിയാല്‍ 92-ാം വയസ്സില്‍ മോചനം ലഭിക്കും.