റിയാദ്: ജനജീവിതം ദുസ്സഹമാക്കി കൊണ്ട് സൗദി അറേബ്യയില്‍ ഉഷ്ണക്കാറ്റ് വീശാന്‍ സാധ്യത. വിവിധ പ്രവിശ്യകളില്‍ അടുത്ത രണ്ട് ദിവസം ഉഷ്ണക്കാറ്റ് വീശുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയത്.
അന്തരീക്ഷ ഊഷ്മാവ് 48 ഡിഗ്രി വരെ ഉയരാന്‍ ഇടയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കിഴക്കന്‍ പ്രവിശ്യയിലും റിയാദിലും ഉഷ്ണക്കാറ്റ് വീശീയിരുന്നു. അന്തരീക്ഷ ഊഷ്മാവും കൂടുതലായിരുന്നു. ഇവിടങ്ങളില്‍ അനുഭവപ്പെട്ട കടുത്ത ചൂട് ജനജീവിതം ദുസ്സഹമാക്കിയിരുന്നു. ഈ സാഹചര്യം അടുത്ത ദിവസങ്ങളിലും തുടരാന്‍ സാധ്യതയുളളതിനാലാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
റിയാദിലും ഖസീമിലും ഉഷ്ണക്കാറ്റിന് സാധ്യതയുണ്ട്. എന്നാല്‍ കാറ്റിന്റെ ശക്തി കുറവായിരിക്കും. അതേസമയം അന്തരീക്ഷ ഊഷ്മാവ് 48 ഡിഗ്രി വരെ ഉയരാനാണ് സാധ്യത. സൗദി അറേബ്യയുടെ അയല്‍ രാജ്യങ്ങളായ ഖത്തറിലും ബഹ്റൈനിലും ഉഷ്ണക്കാറ്റിന് സാധ്യതയുണ്ടെന്നും സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.