ദുബായ്: വില്‍പ്പനയ്ക്ക് എത്തിച്ച ഇരുപത്തിരണ്ടായിരം കുപ്പി മദ്യം സൗദി അറേബ്യയില്‍ നിന്നും പിടിച്ചെടുത്തു. സൗദി പൗരന്റെ ഉടമസ്ഥതയിലുള്ള റിയാദിലെ ഗോഡൗണില്‍ നിന്ന് വന്‍ മദ്യ ശേഖരം പിടിച്ചെടുത്തത്. പിടിച്ചെടുത്ത മദ്യ കുപ്പികളെല്ലാം പ്രമുഖ ബ്രാണ്ടുകളുടെ സ്റ്റിക്കര്‍ പതിപ്പിച്ചതായിരുന്നു.
സൗദി പൗരനും രണ്ട് പാക് സ്വദേശികളും ചേര്‍ന്ന് അനധികൃതമായി മദ്യവ്യാപാരം നടത്തുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിലെ പ്രമുഖ ബ്രാണ്ടുകളില്‍പ്പെട്ട മദ്യമാണ് പിടികൂടിയത്. ഇത് രാജ്യത്തേക്ക് കടത്തിക്കൊണ്ടുവന്നതാണോ സൗദിയില്‍ തന്നെ വ്യാജമായി നിര്‍മ്മിച്ചതാണോ എന്ന് പരിശോധിച്ചുവരികയാണ്. ഇത് കണ്ടെത്തിയാല്‍ മാത്രമേ മദ്യത്തിന്റെ ഉറവിടവും നിര്‍മ്മാണ യൂണിറ്റും കണ്ടെത്താന്‍ കഴിയുകയുളളൂവെന്ന് മയക്കുമരുന്ന് നിയന്ത്രണ ഡിറക്ടറേറ്റ് വക്താവ് കേണല്‍ അബ്ദുല്‍ അസീസ് കദാഷ് പറഞ്ഞു
ഈ വര്‍ഷം പിടികൂടിയ ഏറ്റവും വലിയ മദ്യശേഖരമാണിത്. ഇതിനു മുമ്പ് അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന വന്‍ വാറ്റുകേന്ദ്രങ്ങള്‍ പിടികൂടിയിരുന്നു. വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദന ശേഷിയുളള വാറ്റു കേന്ദ്രങ്ങള്‍ മൂന്നു മാസം മുമ്പാണ് പിടികൂടിയത്. രഹസ്യമായി ഇത്തരം വാറ്റുകേന്ദ്രങ്ങള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്നും അബ്ദുല്‍ അസീസ് വ്യക്തമാക്കി.