ലണ്ടന്‍ :യുകെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി വീണ്ടും കോവിഡ് മരണം. കോവിഡ് പ്രവാസികളിലേക്കും ആഞ്ഞടിക്കുകയാണ് .കൊവിഡ് 19 മൂലം മരണത്തിനു കീഴടങ്ങിയ മലയാളികള്‍ക്കിടയിലേക്ക് ഒരാള്‍ കൂടി. സതാംപ്ടണ്‍ ജനറല്‍ ഹോസ്പിറ്റലില്‍ ഇന്നലെ രാത്രി വിട വാങ്ങിയത് എറണാകുളം കുറുമശേരി സ്വദേശി സെബി ദേവസി(49 )ആണ്. ഇതോടെ കോവിഡ് 19 ബാധിച്ച് മരണത്തിനു കീഴടങ്ങിയ യുകെ മലയാളികളുടെ എണ്ണം എട്ടായി. സെബി ഇന്നലെ രാത്രി 11 മണിയോടെ ആണ് മരിച്ചതെന്നാണ് വിവരം. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനിടെ കാര്‍ഡിയാക് അറസ്റ്റ് സംഭവിച്ചതാണ് മരണ കാരണമായതെന്നാണ് വിവരം.
ഇന്നലെയാണ് സെബി ദേവസിയെ സതാംപ്ടണ്‍ ജനറല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. രണ്ടു ദിവസം മുമ്പ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരുന്നു നല്‍കി വീട്ടിലേക്ക് തന്നെ പറഞ്ഞയക്കുകയായിരുന്നു. എന്നാല്‍ അസുഖം വീണ്ടും കൂടിയപ്പോഴാണ് വീണ്ടും ഹോസ്പിറ്റലില്‍ എത്തിയത്.
സെബിയുടെ മരണത്തിന്റെ ഞെട്ടലിലാണ് സതാംപ്ടണ്‍ മലയാളികളും സുഹൃത്തുക്കളും. 2005ലാണ് സെബി യുകെയിലെത്തുന്നത്. ആദ്യം ഡെവനിലായിരുന്നു താമസം. 12 വര്‍ഷം മുമ്പാണ് ഇപ്പോള്‍ താമസിക്കുന്ന റോംസിയിലേക്ക് എത്തിയത്. കുടുംബ സമേതമായിരുന്നു താമസിച്ചിരുന്നത്. സ്റ്റാഫ് നഴ്സായ ഷൈന ജോസഫ് ആണ് ഭാര്യ. ഇവര്‍ക്ക് ഡയാന്‍ എന്ന 12 വയസുള്ള ഒരു മകനുണ്ട്. എറണാകുളം കുറുമാശ്ശേരി മൂഞ്ഞേലി വീട്ടില്‍ ആനി ദേവസിയുടെയും പരേതനായ ദേവസി മൂഞ്ഞേലിയുടെയും മകനാണ് സെബി. അയര്‍ലന്റില്‍ താമസിക്കുന്ന ജോഷി ദേവസി, കാനഡയിലുള്ള സിജോ ദേവസി എന്നിവര്‍ സഹോദരങ്ങളാണ്. അമ്മ ആനി സിജോയ്ക്കൊപ്പം കാനഡയിലാണ്.
കോവിഡ് ബാധിച്ച് യുകെയില്‍ മരണത്തിനു കീഴടങ്ങുന്ന എട്ടാമത്തെ മലയാളിയാണ് സെബി ദേവസി. ബര്‍മിങാമിലെ മലയാളി ഡോക്ടറായിരുന്ന പെരിന്തല്‍മണ്ണ സ്വദേശി ഡോ. ഹംസയാണ് മരണത്തിനു കീഴടങ്ങുന്ന ആദ്യ മലയാളി. അതിനു ശേഷം റെഡ് ഹില്‍ മലയാളി സിന്റോ ജോര്‍ജും ലണ്ടനില്‍ മകളെ കാണാന്‍ എത്തിയ കൊല്ലം സ്വദേശിനി റിട്ട. അധ്യാപിക ഇന്ദിരയും വെംബ്ലിയിലെ തൃശൂര്‍ ചാവക്കാട് പുതിയകത്തു വീട്ടില്‍ ഇഖ്ബാലും ഒരേദിവസം മരണത്തിനു കീഴടങ്ങി.
പിന്നാലെ ഡെര്‍ബി മലയാളി സിബി മാണി, ബര്‍മിങാമിലെ സീനിയര്‍ ജിപി ആയിരുന്ന ഡോ. അമറുദീന്‍ പ്രസ്റ്റണിലെ ഡോക്ടറായിരുന്ന കോഴഞ്ചേരി സ്വദേശിയായ ഡോ. ജെ സി ഫിലിപ്പുമാണ് മരണത്തിനു കീഴടങ്ങിയത്. നിരവധി മലയാളികള്‍ കൊറോണ ബാധിതരായി ബ്രിട്ടനിലെ വിവിധ ആശുപത്രികളിലും വീടുകളിലും കഴിയുന്നുണ്ട്.