ഈ ലോകത്ത് ഭക്ഷണം, മരുന്ന്, വസ്ത്രം, പാർപ്പിടം എന്നീ അടിസ്ഥാന സൗകര്യങ്ങൾക്ക് കഷ്ടപ്പെടുന്ന കോടിക്കണക്കിന് ജനങ്ങൾ ഉണ്ട് . അവരെ കഴിവുള്ളവർ സഹായിക്കുന്നു. അതിനെ നാം പുണ്യമായി കരുതുന്നു. അയർലൻഡിലെ ഒരു മലയാളിയുടെ ടാക്സ് കഴിഞ്ഞുള്ള ശരാശരി വരുമാനം ഏകദേശം 2000 യൂറോയാണ്. അതിൻറെ മുക്കാൽഭാഗം എങ്കിലും mortgage/rent ആയി ചെലവാക്കേണ്ടി വരും.
ഇങ്ങനെ താമസത്തിനുള്ള ചെലവില്ലാതെ ,എന്നാൽ അതെ 2000 യൂറോ ശമ്പളം ലഭിക്കുന്ന വേറൊരു കൂട്ടർ അയർലണ്ടിൽ ഉണ്ട്. ആ കൂട്ടർക്ക് കാർ വാങ്ങി കൊടുത്തു അതിൻറെ ഇൻഷൂറൻസും,ടാക്‌സും വർഷാവർഷം അടച്ചു കൊടുക്കുന്ന വിഡ്ഢികൾ ഈ ലോകത്തു അയർലൻഡിൽ മാത്രമേ കാണൂ. എത്രയോ പാവങ്ങൾക്ക് ഉപകാരപ്പെടേണ്ട പണമാണിത് . ഈ അനർഹമായ സൗജന്യം പറ്റുന്നവർതന്നെ തങ്ങൾക്ക് കാർ വാങ്ങി തരുന്നവരുടെ അടുത്തേക്ക് പാത്രവുമായി പാവങ്ങളെ സഹായിക്കാനുള്ള ചാരിറ്റിക്ക് എന്നു പറഞ്ഞു തെണ്ടാൻ ഇറങ്ങും. വല്ലാത്ത വിരോധാഭാസം!!. അൽപ്പമെങ്കിലും ഉളുപ്പ്?
പളുപളുത്ത കുപ്പായമിട്ട് അൾത്താരയിൽ നിന്ന് കാണാതെ പഠിച്ച പ്രാർത്ഥനകൾ ഉരു വിടുന്നതിനാണ് മാസാമാസം 2000 യൂറോ ഇങ്ങനെ എണ്ണി വാങ്ങുന്നത്. ഇനി ഞങ്ങൾ ഈ 2000 യൂറോ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയണ്ടേ? പറഞ്ഞു തരാം.
രോഗികളും വൃദ്ധരും ആയവരുടെ മലം കോരി യെടുത്തു വൃത്തിയാക്കി, അവരെ കുളിപ്പിച്ചു, അവരുടെ വായിൽ ഭക്ഷണം കോരികൊടുത്താണ് ഞങ്ങൾ ഈ 2000 യൂറോ ഉണ്ടാക്കുന്നത്… വൈകുന്നേരമാവുമ്പോഴേക്കും ഞങ്ങളുടെ യൂണിഫോമും ശരീരവും ദുർഗന്ധം വമിപ്പിക്കാതിരിക്കാൻ ഇടയ്ക്കിടയ്ക്ക് ഞങ്ങൾ പെർഫ്യൂം അടിച്ചുകൊണ്ടിരിക്കും..
രാത്രി കുഞ്ഞുമക്കൾ ഉള്ള കുടുംബത്തെ തനിച്ചാക്കി ഉറക്കം കളഞ്ഞും, പകൽ ഉറങ്ങിയെന്നു വരുത്തിയും കഷ്ടപ്പെട്ട് ജോലി ചെയ്താണ് ഞങ്ങൾ 2000 യൂറോ ഉണ്ടാക്കുന്നത്…
രാത്രി സമയങ്ങളിൽ തെക്കുവടക്കും,കിഴക്കുപടിഞ്ഞാറും വണ്ടിയോടിച്ച് ഡെലിവറി ചെയ്തു റിസ്ക് എടുത്തു കഷ്ടപ്പെട്ടാണ് ഞങ്ങൾ ഈ 2000 യൂറോ ഉണ്ടാക്കുന്നത്…
ഇതിൽ ഏതാണ്ട് മുക്കാൽപങ്കും തമാസചിലവിനായി വിനിയോഗിക്കേണ്ടിവരും.
എന്നാൽ എല്ലാ സുഖസൗകര്യങ്ങളുമുള്ള വലിയബംഗ്ലാവിൽ സൗജന്യമായി താമസിക്കുന്നവർക്ക് ആ 2000 സൂക്ഷിച്ചു വയ്ക്കാം. വാടക വാങ്ങാൻ ആരും വരില്ലല്ലോ.
കഷ്ടപ്പെട്ട് ഞങ്ങൾ ഇങ്ങനെ ഉണ്ടാക്കുന്ന പണം ഉപയോഗിച്ച് കാർ വാങ്ങി അതിൽ സഞ്ചരിക്കാൻ നിങ്ങൾക്ക് ലജ്ജയില്ലേ??
പുതിയ ഒരു വൈദികൻ കൂടി വന്നിട്ടുണ്ട്. ആ വൈദികന് കാർ മേടിക്കാൻ പൊതുപണം ഉപയോഗിക്കാൻ ഏതെങ്കിലും കമ്മറ്റിക്കാരൻ തീരുമാനിച്ചാൽ അവനെ വെറുതെ വിടരുത്. അത്രക്ക് വിഷമമുള്ള കമ്മറ്റിക്കാരൻ സ്വന്തം വീട്ടിൽ നിന്ന് പണം എടുത്തു അച്ചന് കാർ വാങ്ങി കൊടുക്കട്ടെ.
ഇവിടെ വൈദീകന് കാറിൻറെ ആവശ്യം തന്നെ ഇല്ല . നല്ല പൊതുഗതാഗതസൗകര്യം ഉണ്ട്. വിളിക്കുന്നിടത്തു taxi വരും. അല്ലെങ്കിൽ വിളിച്ചാൽ വരാൻ നൂറുകണക്കിന് പള്ളി പ്രാഞ്ചികൂട്ടങ്ങൾ ചുറ്റുമുണ്ട് . ഇനി ഒരു കാർ വാങ്ങണമെന്ന് അത്ര നിർബന്ധമാണെങ്കിൽ സ്വന്തം ശമ്പളമായ 2000 യൂറോയിൽനിന്ന് വാങ്ങണം. അല്ലെങ്കിൽ ലോൺ എടുക്കണം. അല്ലെങ്കിൽ കമിറ്റികാരിൽ നിന്ന് കടം വാങ്ങട്ടെ. അഞ്ചുമാസത്തിനുള്ളിൽ പലിശയടക്കം കടം തിരിച്ചടയ്ക്കാനുള്ള പണം ഒരു അച്ചന് ഇവിടെ സുഖമായി ഉണ്ടാക്കാം. ഒരു സംശയവും വേണ്ട.
ഐറിഷ് വൈദീകരെപോലെ സ്വന്തം ശമ്പളത്തിൽ നിന്നു കാർ വാങ്ങി ചെലവുകൾ ചെയ്യുക.ഞങ്ങളെ ചൂഷണം ചെയ്യാതെ വെറുതെ വിടുക. അതിനാൽ ദയവു ചെയ്തു ഞങ്ങളുടെ വിയർപ്പുതുള്ളികൾ നക്കി തിന്നാതിരിക്കാനുള്ള അന്തസ്സ് കാണിക്കണം.ഇതൊരു അപേക്ഷയാണ്