
വിയന്ന :മൃഗങ്ങളെപ്പോലെ ബന്ധപെടുന്നതുകൊണ്ടും നീലച്ചിത്രങ്ങൾ കാണുന്നതുകൊണ്ടും ആണ് ഓട്ടിസംബാധിച്ച കുട്ടികൾ ജനിക്കുന്നത് എന്ന് പ്രസംഗിച്ച വിവാദ ധ്യാനഗുരു ഏപ്രിൽ മാസം ഓസ്ട്രിയ സന്ദർശിക്കാൻ തയ്യാറെടുക്കുന്നു .പരിശുദ്ധാന്മാവു തനിക്കു വെളിപ്പെടുത്തിയതാണ് എന്ന് പറഞ്ഞിട്ടാണ് ഈ ഭോഷ്ക് ഈ പുരോഹിതൻ ജനങ്ങളോട് വിളിച്ചു പറഞ്ഞത് . അതിനെ തുടർന്ന് പല വിദേശ രാജ്യങ്ങളും ഈ പുരോഹിതന് സന്ദർശന വിലക്ക് ഏർപ്പെടുത്തിയിരുന്നു . ഇപ്പോൾ ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിൽ ഈ പുരോഹിതൻ ധ്യാനിപ്പിക്കാൻ തയ്യാറെടുക്കുന്നു എന്ന വാർത്ത പുറത്തുവന്നിരിക്കുന്നു .അതിനെ തുടർന്ന് .
ALSO READ :Priest blaming autism on parents has retreat cancelled by Canadian dioceses
ഓസ്ട്രിയയിലുള്ള മലയാളി സമൂഹം ഇദ്ദേഹത്തെ ആ രാജ്യത്തേക്ക് പ്രവേശിപ്പിക്കാതിരിക്കാനായി ഗവെർന്മേന്റിനും അവിടത്തെ സഭ അധികാരികൾക്കും പരാതി അയച്ചിരിക്കുകയാണ് . മലയാളി സമൂഹത്തെ വീണ്ടും നാണം കെടുത്താനായി എന്തിനാണ് ഈ വൈദീകൻ ഇവിടേക്ക് വിമാനം കയറുന്നതു എന്നാണ് ഓസ്ട്രിയയിലുള്ള മലയാളികൾ ചോദിക്കുന്നത് . വലിയ തോതിലുള്ള പ്രതിഷേധമാണ് മലയാളികൾക്കിടയിൽ ഉയർന്നിരിക്കുന്നത് .ഇതിനിടയിൽ ഫാദർ ഡൊമിനിക് വളമനാലിനു ഒരു തുറന്ന കത്ത് എന്നപേരിൽ ഒരു കത്തും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് .അത് ചുവടെ ചേർക്കുന്നു.
ഫാദർ ഡൊമിനിക് വളമനാലിന് ഒരു തുറന്നകത്ത്..
പരിശുദ്ധാത്മാവ് തന്നോട് വെളിപ്പെടുത്തിയതാണ് എന്ന് പറഞ്ഞു ഓട്ടിസം ബാധിച്ച കുട്ടികൾ ജനിക്കുന്നതിനെപറ്റി വിഡ്ഢിത്തങ്ങൾ പറഞ്ഞതിന്റെ പേരിൽ അയർലൻഡ്, ഓസ്ട്രേലിയ, കാനഡ, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ അങ്ങേക്ക് വിലക്കേർപ്പെടുത്തിയത് കുറച്ചുകാലം മുമ്പാണല്ലോ. അതിനുശേഷം വിദേശപര്യടനങ്ങൾ റദ്ദാക്കി എന്ന് അറിയിച്ചുകൊണ്ടുള്ള അങ്ങയുടെ ധ്യാനകേന്ദ്രത്തിൽ നിന്നുള്ള പത്രക്കുറിപ്പ് കാണാൻ ഇടയായി. എന്നാൽ ഏപ്രിൽ 17,18,19 എന്നീ തീയതികളിൽ ഓസ്ട്രിയയുടെ തലസ്ഥാനം ആയ വിയന്നയിൽ അങ്ങയുടെ പരിപാടി നടക്കാൻ പോകുന്നതിന്റെ പോസ്റ്റർ കണ്ടതിൻറെ വെളിച്ചത്തിലാണ് ഈ കത്ത് എഴുതുന്നത്.. ബോംബെയിലെ ഒരു ആശുപത്രിയിൽ നിന്നും വൈറസുകളെ മുഴുവനായി ആട്ടി ഓടിച്ചു എന്ന് അങ്ങു അവകാശപ്പെടുന്ന ഒരു വീഡിയോ കാണാൻ ഇടയായി .ഇതെല്ലാം അങ്ങയുടെ കഴിവ് അല്ലെന്നും പരിശുദ്ധാത്മാവ് അങ്ങ യിലൂടെ പ്രവർത്തിക്കുന്നതാണെന്നും ഞങ്ങൾക്കറിയാം..
ലോകം മുഴുവൻ ഇപ്പോൾ മറ്റൊരു വൈറസ് ഭീതിയിൽ കഴിയുന്ന കാര്യം ഇതിനകം തന്നെ അങ്ങു അറിഞ്ഞു കാണുമല്ലോ. ചൈനയിൽ ധാരാളം പേർ കൊറോണ വൈറസ് ബാധിച്ചു മരിച്ചു കഴിഞ്ഞു .പതിനായിരങ്ങൾ രോഗബാധിതരായി. അവിടേക്ക് വിസ ലഭിച്ചാൽ പോകാൻ അങ്ങ് തയ്യാറാണോ? സമ്മതമാണെങ്കിൽ കേന്ദ്ര ഗവൺമെന്റും, ഐക്യരാഷ്ട്രസഭയും, ലോകാരോഗ്യസംഘടനയുംഇടപെട്ടു എത്രയും വേഗംഅങ്ങേക്ക് വിസ നൽകും . ചൈനയിൽ ഉള്ള ഒരു സീറോ മലബാർ മലയാളിയുടെയും ക്ഷണത്തിന് അങ്ങ് കാത്തു നിൽക്കേണ്ട ആവശ്യമില്ല . അതിനു പറ്റിയില്ലെങ്കിൽ ഏപ്രിൽ മാസത്തിൽ അങ്ങ് സന്ദർശിക്കാൻ പോകുന്നഓസ്ട്രിയയുടെ അയൽരാജ്യമായ ഇറ്റലിയിൽ എങ്കിലും പോകണം .
അവിടെ ഇതിനകം 10 പേർ ഈ വൈറസ് ബാധിച്ചു മരിച്ചു കഴിഞ്ഞു. അമ്പതിനായിരത്തോളം ആളുകളോട് വീട്ടിൽനിന്ന് പുറത്തിറങ്ങരുതെന്ന് ഇറ്റലി ഗവൺമെൻറ് പറഞ്ഞിരിക്കുന്നു. ഇറ്റലിയുമായുള്ള അതിർത്തി ഓസ്ട്രിയ അടച്ചുകഴിഞ്ഞു. നമ്മുടെ കത്തോലിക്കാ സഭയുടെ ആസ്ഥാനം ആയ വത്തിക്കാൻ സിറ്റിയിൽ പോപ്പും പരിവാരങ്ങളും സ്വാഭാവികമായും ആശങ്കയിൽ ആയിരിക്കും . മറ്റു വൈദികർക്ക് ഇല്ലാത്ത പ്രത്യേകമായ അഭിഷേകം അങ്ങേയ്ക്ക് ഉള്ളതുകൊണ്ട് ആവുമല്ലോ മറ്റു പാവം വൈദികർ പലരും വിദേശയാത്ര സ്വപ്നം കണ്ടു നാട്ടിൽ കഴിയുമ്പോൾ ,ആളുകൾ അങ്ങയെ ക്ഷണിക്കുന്നത്. യേശു ബൈബിളിൽ പറഞ്ഞ പോലെ ആരോഗ്യമുള്ളവർക്ക് അല്ല രോഗികൾക്കാണ് വൈദ്യനെ കൊണ്ട് ആവശ്യം എന്ന് ചിന്തിച്ച് ഇറ്റലിയിലേക്ക് എങ്കിലും ഇപ്പോൾ അങ്ങേക്ക് പോയ്ക്കൂടെ..??
ഏറ്റവും കുറഞ്ഞത് അങ്ങ് വീഡിയോയിൽ പറഞ്ഞത് പോലെ വെഞ്ചിരിച്ച ഹാനം വെള്ളം എങ്കിലും കുറേതരണം .അത് ഹെലികോപ്റ്റർ വഴി ആകാശത്തുനിന്നു ചൈനയിലും ഇറ്റലിയിലും സ്പ്രൈ ചെയ്തു മുഴുവൻ വൈറസിനെയും കൊന്നുകളയാൻ സാധിക്കുമല്ലോ.
ഇതിനൊന്നും തയ്യാറല്ലെങ്കിൽ എന്തിനാണ് ഇത്തരം വേലകളും ആയി സമൂഹത്തിൽ സ്വയം അപഹാസ്യൻ ആവാൻ ഓസ്ട്രിയക്കു വിമാനം കയറുന്നത്..? ഏതൊരു മനുഷ്യനും അങ്ങയെ കുറിച്ച് ഇപ്പോൾ തോന്നുന്ന ചിന്തകളാണ് ഇവയെല്ലാം..ഈ കത്തിനു പരിശുദ്ധാത്മാവ് വഴി ഒരു മറുപടി അങ്ങിൽ നിന്നും പ്രതീക്ഷിച്ചുകൊണ്ട് നിർത്തുന്നു..