മാഞ്ചസ്റ്ററില്‍ നിന്നും ബാംഗ്ലൂര്‍ക്ക് തിരിച്ച യുകെ മലയാളിയെ അബുദാബിയില്‍ കാണാതായി.ലുക്ക് ഔട്ട്‌ നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി ബന്ധുക്കള്‍

അബുദാബി : മാഞ്ചസ്റ്ററില്‍ നിന്നും ബാംഗ്ലൂര്‍ക്ക് യാത്ര തിരിച്ച യുകെ മലയാളിയെ അബുദാബി വിമാനത്താവളത്തില്‍ വച്ച് കാണാതായി . മാഞ്ചസ്റ്ററില്‍ താമസിക്കുന്ന പത്തനംതിട്ട റാന്നി സ്വദേശിയായ ഫിലിപ്പ് ജോര്‍ജ് -45 എന്ന യുവാവിനെയാണ് അബുദബിയില്‍ വച്ച് കാണാതായത് . ഇന്നലെ വൈകിട്ട് അഞ്ചരയ്ക്ക് മാഞ്ചസ്റ്ററില്‍ നിന്ന് അബുദബിയില്‍ എത്തിയ വിമാനത്തില്‍ ഫിലിപ്പ് ഉണ്ടായിരുന്നു . പിന്നീട് അബുദാബിയില്‍ നിന്നും പുലര്‍ച്ചെ മൂന്നരയ്ക്ക് ബാംഗ്ലൂര്‍ക്ക് തിരിച്ച വിമാനത്തില്‍ യാത്ര തുടരേണ്ടതായിരുന്നെങ്കിലും ഇദ്ദേഹം ആ വിമാനത്തില്‍ യാത്ര ചെയ്തിട്ടില്ലെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം .എന്നാല്‍ മാഞ്ചസ്റ്ററില്‍ നിന്നും ഇദ്ദേഹം അബുദബിയില്‍ ഇറങ്ങിയതിന് സ്ഥിരീകരണമുണ്ട് . നാളുകളായി യുകെയില്‍ ജോലി നോക്കുന്ന ഫിലിപ്പിന് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ കാരണം രണ്ടു മാസം മുന്‍പ് ജോലി നഷ്ടമായിരുന്നു . ഇതേതുടര്‍ന്ന് ഇദ്ദേഹം നാട്ടിലേയ്ക്ക് മടങ്ങിയിരുന്നു . വീണ്ടും ദിവസങ്ങള്‍ക്ക് മുന്‍പ് യുകെയിലെത്തിയ ഫിലിപ്പ് ഞായറാഴ്ച വീണ്ടും നാട്ടിലേയ്ക്ക് മടങ്ങും വഴിയാണ് അബുദബിയില്‍ വച്ച് കാണാതാകുന്നത് . സ്വദേശം റാന്നി ആണെങ്കിലും ഇദ്ദേഹത്തിന്‍റെ കുടുംബം ഇപ്പോള്‍ ബാംഗ്ലൂരിലാണ് താമസം .ആളെ കണ്ടുകിട്ടാത്ത പക്ഷം അബുദബിയില്‍ ഇദ്ദേഹത്തിനായി ലുക്ക് ഔട്ട്‌ നോട്ടീസ് പുറപ്പെടുവിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍ .

Top