വന്ദേഭാരത് മിഷനിലൂടെ കേന്ദ്ര സർക്കാർ നടത്തുന്ന തീവെട്ടിക്കൊള്ള അവസാനിപ്പിക്കുക : ദമ്മാം ഒ ഐ സി സി

ദമ്മാം: കോവിഡ് 19 ൻറെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾ നാടണയാൻ മുറവിളി കൂട്ടിയതുകാരണം, അവരെ സഹായിക്കാനെന്ന പേരിൽ തുടങ്ങിയ വന്ദേഭാരത് മിഷനിലൂടെ സർവീസ് നടത്തുന്ന എയർ ഇന്ത്യയുടെ വിമാന യാത്രാ നിരക്ക് ഇരട്ടിയാക്കി പ്രവാസികളെ ദ്രോഹിക്കുന്ന കേന്ദ്ര സർക്കാറിൻറെ തീവെട്ടിക്കൊള്ള അവസാനിപ്പിക്കണമെന്ന് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി ആവശ്യപ്പെട്ടു. രണ്ടാഴ്ചകൾക്ക് മുമ്പ് ദമ്മാം കൊച്ചി വിമാനത്തിന് 950 റിയാലാണ് ചാർജ് ഈടാക്കിയിരുന്നതെങ്കിൽ, ഇപ്പോൾ 1703 റിയാലാണ് എയർ ഇന്ത്യ ഈടാക്കുന്നത്. ഇതിനെതിരെ പ്രതിരോധം ശക്തമായപ്പോൾ, കേന്ദ്ര സർക്കാരിൻറെ തീരുമാനപ്രകാരമാണ് തങ്ങൾ ചാർജ് കൂട്ടിയതെന്ന് എയർ ഇന്ത്യയുടെ അധികൃതർ തന്നെ വ്യക്തമാക്കിയതിലൂടെ പ്രവാസികളോടുള്ള കേന്ദ്ര സർക്കാരിൻറെ ഇരട്ടത്താപ്പാണ് വെളിവാകുന്നതെന്ന് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി ചൂണ്ടിക്കാട്ടി.

പലവിധ കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങുവാൻ നിർബന്ധിതരായ സാധുക്കളുടെ നിസ്സഹായാവസ്ഥ മുതലെടുത്തുകൊണ്ട് കേന്ദ്ര സർക്കാർ നടത്തുന്ന നീചമായ നടപടി അപലപനീയമാണ്. വിവിധ ഗൾഫ് രാജ്യങ്ങളിലും മറ്റുരാജ്യങ്ങളിലുമായി കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് പ്രത്യേക വിമാനം ഏർപ്പെടുത്തി സൗജന്യമായി അവരെ നാട്ടിലെത്തിക്കുന്നതിന് പകരം, യാത്രാനിരക്ക് കുത്തനെ കൂട്ടി പ്രവാസികളുടെ മടങ്ങിപ്പോക്ക് നിരുത്സാഹപ്പെടുത്തുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കയാത്ര എത്രത്തോളം വൈകിപ്പിക്കാമോ അത്രയും വൈകിപ്പിക്കുക എന്ന നയമാണ് കേരളവും കേന്ദ്രവും സ്വീകരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

950 റിയാലിന് ദമ്മാമിൽ നിന്നും കൊച്ചിയിലേക്ക് എയർ ഇന്ത്യ ടിക്കറ്റ് നൽകിയപ്പോൾ, ചാർട്ടേഡ് വിമാനം ഏർപ്പെടുത്താൻ മുന്നോട്ട് വന്നവരെ ലക്ഷ്യമാക്കി എംബസി പറയുന്ന റേറ്റ് മാത്രമേ വാങ്ങാവൂവെന്ന് തിട്ടൂരമിട്ട മുഖ്യമന്ത്രി, ചാർട്ടേർഡ് വിമാനത്തിൻറെ സംഘാടകർ പറഞ്ഞിരുന്ന തുകയെക്കാളും കൂടുതൽ തുക എയർ ഇന്ത്യ ഈടാക്കുന്നതെന്നറിഞ്ഞിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുന്നത് പ്രതിഷേധാർഹമാണ്. കേരളവും കേന്ദ്രവും പ്രവാസികൾ നാട്ടിലെത്തുന്നത് എങ്ങനെ തടയാമെന്ന ഗവേഷണത്തിലാണ്. വിമാന യാത്രാക്കൂലി ഇരട്ടിയാക്കി കേന്ദ്രം പ്രവാസികളെ ദ്രോഹിക്കുമ്പോൾ, ക്വാറണ്ടൈന് തടസ്സവാദങ്ങളും പുതിയ നിബന്ധനകളുമൊക്കെയിറക്കി പ്രവാസികളുടെ മടക്കത്തിന് തടസ്സം സൃഷ്ടിക്കുകയാണ് കേരള സർക്കാരെന്നും ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമലയും ജനറൽ സെക്രട്ടറി ഇ.കെ.സലിമും ആരോപിച്ചു.

Top