സ്വന്തം ലേഖകൻ
മുല്ലപെരിയാർ പ്രശ്‌നത്തിൽ കേരളത്തിന്റെ നിലപാട് സംബന്ധിച്ച് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ആദ്യ പ്രസ്താവനയുടെ ഫലമായി ഉണ്ടായ കെടുതികൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷൻ വി.എം.സുധീരൻ പറഞ്ഞു.ഇന്ദിരാഭവനിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബഹുജനപ്രതിഷേധം ഉയർന്ന് വന്ന പശ്ചാത്തലത്തിൽ മുൻ വിവാദനിലപാടിൽ ഭേദഗതിവരുത്താൻ അദ്ദേഹം തയ്യാറായെങ്കിലും ഇപ്പോഴും ഈ വിഷയത്തിൽ അവ്യക്തയും ആശയക്കുഴപ്പവും ദേശീയതലത്തിൽ തന്നെ നിലനിൽക്കുന്നുണ്ട്.ഇതിപരിഹരിക്കാനും കേരളം വർഷങ്ങളായി തുടർന്നുവരുന്ന നിലപാട് ആവർത്തിച്ചു പ്രഖ്യാപിക്കാനും സർവ്വകക്ഷിയോഗം അടിയന്തരമായി വിളിക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു. ഇതേ ആവശ്യം നേരത്തെയും സർക്കാരിനോട് ഉന്നയിച്ചതാണ്. എന്നാൽ സർക്കാർ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. അതുകൊണ്ട് സർവ്വകക്ഷിയോഗം വിളിച്ചുകൂട്ടി ആശയവ്യക്തത വരുത്തുന്നതിന് ഇനിയും കാലതാമസം വരുത്തരുതെന്നും സുധീരൻ ആവശ്യപ്പെട്ടു.
സി.പി.എം ബി.ജെ.പി കൂട്ടുക്കെട്ടിന്റെ ഏറ്റവും പ്രകടമായ രൂപമാണ് സ്പീക്കർ തെരഞ്ഞടുപ്പിൽ ബി.ജെ.പിയുടെ എം.എൽ.എ. ഓ.രാജഗോപാൽ ഇടതുപക്ഷ സ്ഥാനാർത്ഥിക്ക് വോട്ട് രേഖപ്പെടുത്തിയതിലൂടെ വ്യക്തമായത്. ഇത് യാദൃശ്ചികമല്ല. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സാഹായിച്ചതിന് രാജഗോപാൽ നേരിട്ട് എ.കെ.ജി സെന്ററിലെത്തി നന്ദി അറിയിച്ചിരുന്നു.ബി.ജെ.പിയുടെ വോട്ട് യു.ഡി.എഫിന് വേണ്ടെന്ന് പറയാൻ പ്രതിപക്ഷം തയ്യാറായി.എന്നാൽ സി.പി.എം എന്തുകൊണ്ട് ഇതിന് തയ്യാറായില്ലെന്നും സുധീരൻ ചോദിച്ചു.
കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സത്യസന്ധമായ അന്വേഷണത്തിന് സി.ബി.ഐയെ എൽപ്പിക്കണമെന്ന ആവശ്യം കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി.രാമകൃഷ്ണൻ മുന്നോട്ട് വച്ചിട്ടുണ്ട്. ഇത് തികച്ചും ന്യായമായ ആവശ്യമാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ അനുകൂല നടപടികൾ സ്വീകരിക്കണമെന്നും സുധീരൻ അഭ്യർത്ഥിച്ചു.കഴിഞ്ഞ വേനലിൽ കേരളം ആഗോള താപനത്തിന്റെ കെടുതി നേരിട്ട് അനുഭവിച്ച പശ്ചാത്തലത്തിൽ ലോക പരിസ്ഥിതി ദിനം വിപുലമായി ആഘോഷിക്കാൻ പാർട്ടിഘടകങ്ങളോട് സുധീരൻ അഭ്യർത്ഥിച്ചു. അതിന്റെ ഭാഗമായുള്ള പരിസ്ഥിതിദിന ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ശ്രീ. എ.കെ. ആന്റണി ജൂൺ അഞ്ചിന് നെയ്യാർഡാം രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് പരിസരത്ത് നിർവ്വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.


