സ്വന്തം ലേഖകൻ
ഫ്‌ളോറിഡ: അമേരിക്കയിലെ വിമാനത്താവളത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്കു പലപ്പോഴും ക്രൂരമായ പീഡനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വരാറുള്ളത്. ഇത്തവണ അവധിക്കാലം ചിലവഴിക്കാനെത്തിയ ഓസ്‌ട്രേലിയൻ യുവതിയ്ക്കാണ് യുഎസിലെ ഹൊണൊലുലു വിമാനത്താവളത്തിൽ ക്രൂരമായ പരിശോധനയ്ക്കു വിധേയയാകേണ്ടി വന്നത്.
അവധിക്കാലം ചെലവഴിക്കാനായി അമേരിക്കയിലെത്തിയ മോളി ഹിൽ എന്ന 26 കാരിക്കാണ് ദുരനുഭവം ഉണ്ടായത്.
വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഉദ്യാഗസ്ഥർ തന്നെ നഗ്‌നയാക്കി പരിശോധിച്ചെന്നും ഒരു ദിവസം ജയിലിലടച്ചെന്നുമാണ് യുവതി പറയുന്നത്. സുഹൃത്തായ റോസ് മൈഡിലിനൊപ്പം ഹവായിലേക്ക് പോകവേയാണ് ഇമിഗ്രേഷൻ വിഭാഗം യുവതിയെ പരിശോധനയ്ക്ക് വിധേയയാക്കിയത്. ഡയറിയിൽ ‘ജോലി സ്ഥലത്തെ അവസാന ദിനം’ എന്നു എഴുതിയതാണ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ. ഡയറിയിലെ വാചകങ്ങൾ കണ്ട് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാനാണ് മോളി ഉദ്ദേശിക്കുന്നതെന്നു കരുതിയാണ് ആറു മണിക്കൂറത്തെ പരിശോധനയ്ക്ക് ശേഷം ഇവരെ ജയിലിലടക്കുന്നത്.
ചോദ്യം ചെയ്യലിനിടെ വസ്ത്രങ്ങൾ മുഴുവൻ അഴിച്ച് മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടയാൾക്കൊപ്പം ജയിലിടക്കുകയും ചെയ്തു. സിഡ്നിയിലേക്ക് ടിക്കറ്റെടുത്ത് മടങ്ങനാവശ്യപ്പെട്ടാണ് മോളിയെ പിന്നീട് വിട്ടയക്കുന്നത്. ഇമിഗ്രേഷൻ വിഭാഗത്തിന്റെ നടപടിക്കെതിരെ പരാതി നൽകാനിരിക്കുകയാണ് മോളി.


