പത്താനപുരം: പത്തനാപുരം മൗണ്ട് താബോര്‍ കോണ്‍വെന്റിലെ കന്യാസ്ത്രീ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. സിസ്റ്റര്‍ സൂസന്‍ മാത്യുവിന്റെ (54) മൃതദേഹമാണു കോണ്‍വെന്റ് വളപ്പിലെ കിണറ്റില്‍ രാവിലെ കണ്ടെത്തിയത്. സൂസന്‍ മാത്യു താമസിക്കുന്ന മുറിയിലും കിണറ്റിലേക്കുള്ള വഴിയിലും രക്തക്കറകളും മുറിച്ച മുടിയുടെ ഭാഗങ്ങളും വലിച്ചിഴച്ച പാടുകളും പൊലീസ് പരിശോധനയില്‍ കണ്ടെത്തി.
കന്യാസ്ത്രീയെ തല്ലിക്കൊന്ന് കിണറ്റില്‍ തള്ളിയതാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ അദ്ധ്യാപികയാണ് സൂസന്‍. ഇതു സംബന്ധിച്ച് മഠത്തിലുള്ളവര്‍ നല്‍കിയ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ശാസ്ത്രീയ തെളിവുകള്‍ പരമാവധി ശേഖരിച്ച് കൊലപാതക കാരണം കണ്ടെത്താനാണ് ശ്രമം. ഇതിനായി സിസിടിവി ദൃശ്യങ്ങളുടെ ശേഖരണവും നടന്നു.
ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് മൃതദേഹം കണ്ടത്. കോണ്‍വെന്റിനോട് ചേര്‍ന്ന കിണറിന് സമീപത്ത് രക്തപ്പാടുകള്‍ കണ്ട ജീവനക്കാര്‍ കിണറ്റില്‍ നോക്കിയപ്പോളാണ് കിണറിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്‌സും എത്തി പരിശോധിച്ചപ്പോളാണ് ഇത് സിസ്റ്റര്‍ സൂസന്റേതാണെന്ന് മനസിലായത്. പിന്നീട് കിണറിന്റെ സമീപത്ത് നടത്തിയ പരിശോധനയില്‍ രക്തപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. രാവിലെ പ്രാര്‍ത്ഥനയ്ക്ക് വിളിച്ചപ്പോള്‍ സിസ്റ്റര്‍ സൂസന്‍ വരാന്‍ തയ്യാറിയില്ലെന്നും പിന്നീട് പ്രാര്‍ത്ഥന കഴിഞ്ഞ് വന്നപ്പോളാണ് മൃതദേഹം കണ്ടതെന്നുമാണ് മറ്റ് കന്യാസ്ത്രീകളുടെ മൊഴി. പൊലീസ് കൂടുതല്‍ പരിശോധന നടത്തി വരികയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമെ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ കിണറ്റിന് ചുറ്റുമുള്ള സൂചനകള്‍ കൊലപാതകമെന്ന് ഉറപ്പിക്കാന്‍ കഴിയുന്നവയാണ്. അതിനിടെ കോണ്‍വെന്റിലുള്ളവരോട് പുറത്ത് പോകരുതെന്നും പൊലീസ് നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്.
മുടി മുറിച്ച നിലയിലാണ് സൂസന്റെ മൃതദേഹം കണ്ടെത്തിയത്. അഭയാ കേസിന്റെ പശ്ചാത്തലത്തില്‍ പൊലീസ് ഏറെ കരുതലെടുക്കുന്നുണ്ട്. പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് പുറത്തെടുത്തത്. കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇതും കൊലപാതകത്തിന്റെ സൂചനയാണ്. അടിച്ചു കൊന്ന ശേഷം ആരോ കിണറ്റിലേക്ക് വലിച്ചെറിഞ്ഞതാണ് ഇങ്ങനെ മൃതദേഹം കണ്ടെത്താന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. കിണറ്റിന് ചുറ്റുമുള്ള രക്തക്കറയും സംഘര്‍ഷമുണ്ടായതിന്റെ സൂചനയാണ്. ഗൗരവത്തോടെയുള്ള തെളിവെടുപ്പാണ് നടക്കുന്നത്. കോണ്‍വെന്റില്‍ നിന്ന് മറ്റു കന്യാസ്ത്രീകളോടും ജീവനക്കാരോടും പുറത്തുപോകരുതെന്ന് പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പുറത്തുപോയവരെ തിരിച്ചെത്തിക്കാനും പൊലീസ് നിര്‍ദ്ദേശം നല്‍കിയിരിക്കുകായണിപ്പോള്‍. എല്ലാവരേയും വിശദമായി പൊലീസ് ചോദ്യം ചെയ്യും. നിലവില്‍ അന്തേവാസികള്‍ പറഞ്ഞ മൊഴിയൊന്നും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഒരാള്‍ കിണറ്റില്‍ ചാടിയിട്ടും അറിഞ്ഞില്ലെന്ന് പറയുന്നതിലെ അസ്വാഭാവികതയും സംശയങ്ങള്‍ ഇട നല്‍കുന്നു. രക്തം കണ്ട സാഹചര്യത്തില്‍ സിസ്റ്ററുടെ മുറിയിലും ബഹളം ഉണ്ടായെന്ന് അനുമാനിക്കുകയാണ് പൊലീസ്. മുറിയിലും രക്തക്കറയുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന. അന്വേഷണവുമായി സഹകരിച്ചേ മതിയാകൂവെന്ന് ഓര്‍ത്തഡോക്സ് സഭാ നേതൃത്വത്തിനും പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സിസ്റ്റര്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക സൂചന. തെളിവ് നശിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ എല്ലാ നടപടികളും പൊലീസും എടുത്തിട്ടുണ്ട്. പന്ത്രണ്ട് കൊല്ലമായി കന്യാസ്ത്രീ പത്തനാപുരം മൗണ്ട് താബൂര്‍ ദേറാ കോണ്‍വെന്റിലെ താമസക്കാരിയാണ് അദ്ധ്യാപിക. കൊലപാതകത്തിന് പ്രേരണയാത് എന്തെന്ന് കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. മോഷണ ശ്രമത്തിനിടെ കൊലപാതകം നടക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കയുന്നില്ല. വിവാദങ്ങള്‍ ഉണ്ടാകാത്ത വിധം അന്വേഷണം നടത്തണമെന്ന നിര്‍ദ്ദേശം ഡിജിപി ലോക്നാഥ് ബെഹ്റ പൊലീസിന് നല്‍കിയിട്ടുണ്ട്.
കുര്‍ബാന രഹസ്യം ചോര്‍ത്തിയുള്ള പീഡനം ഓര്‍ത്തഡോക്സ് സഭയ്ക്ക് ഏറെ തലവേദനയായിരുന്നു. ഇതിന് പിന്നാലെയാണ് കന്യാസ്ത്രീയുടെ കൊലപാതകമെത്തുന്നത്. സഭാ തര്‍ക്കത്തിലെ കേസുകളില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് ഏറെ മുന്‍തുക്കം ലഭിച്ചിരുന്നു. പള്ളികളില്‍ ഉടമസ്ഥാവകാശം ഉറപ്പിച്ച് മുന്നേറുന്നതിനിടെയാണ് സഭയുടെ ഉറക്കം കെടുത്താന്‍ കന്യാസ്ത്രീയുടെ കിണറ്റിലെ മരണവുമെത്തുന്നത്. സിസ്റ്റര്‍ അഭയാ കേസുമായി ഏറെ സാമ്യമുള്ള സാഹചര്യമാണ് പ്രാഥമികമായി ഇവിടേയും ഉയര്‍ന്നു വരുന്നത്.