പത്തനാപുരം മൗണ്ട് താബോര്‍ കോണ്‍വെന്റിലെ കന്യാസ്ത്രീയുടെ മരണത്തില്‍ ദുരൂഹത ഇല്ലെന്ന് മറ്റു സിസ്റ്റര്‍മാരുടെ മൊഴി. സിസ്റ്റര്‍ സി.ഇ.സൂസമ്മയുടെ (54) മൃതദേഹമാണു കോണ്‍വെന്റ് വളപ്പിലെ കിണറ്റില്‍ രാവിലെ പത്തു മണിയോടെ കണ്ടെത്തിയത്. കിണറ്റിലും പരിസരത്തും രക്തക്കറയും കണ്ടെത്തിയിരുന്നു. എന്നാല്‍ സംഭവത്തില്‍ ദുരൂഹത ഇല്ലെന്നും ആത്മഹത്യ തന്നെയെന്നുമുള്ള സിസ്റ്റര്‍മാരുടെ മൊഴി പോലീസിനെ കുഴക്കുകയാണ്.
സൂസന്‍ മാത്യുവിന്റേത് ആത്മഹത്യയാണെന്ന് പറയുന്നതില്‍ ഉറച്ച് നില്‍ക്കുകയാണ് സഹ കന്യാസ്ത്രീകള്‍. ഗ്യാസിന്റെ അസുഖത്തിന് സിസ്റ്റര്‍ ചികില്‍സയിലായിരുന്നുവെന്നും പേടിക്കേണ്ട ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് വിദഗ്ധ ചികില്‍സയില്‍ കണ്ടെത്തിയെന്നും ഇവര്‍ പൊലീസിനെ അറിയിച്ചു. മഠത്തില്‍ കന്യാസ്ത്രീകള്‍ തീരെ കുറവായിരുന്നു. ഇന്ന് ജോലിക്കാരും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് മരണം അറിയാന്‍ വൈകിയതെന്നാണ് മഠം അധികൃതരുടെ വിശദീകരണം.
ഇന്നലേയും ഗ്യാസിന്റെ ചികില്‍സയ്ക്ക് പരുമല ആശുപത്രിയില്‍ പോയിരുന്നു. എന്‍ഡോസ്‌കോപ്പിയും മറ്റും ചെയ്തു. അതിന് ശേഷം ഇന്നലെ പുഷ്പഗിരി ആശുപത്രിയില്‍ പോയിരുന്നു. അവിടെ വിദഗ്ധ ചികില്‍സ നല്‍കി. എല്ലാ പരിശോധനാ റിപ്പോര്‍ട്ടുകളും പരിശോധിച്ചു. ചെറിയ കുഴപ്പം മാത്രമാണ് കണ്ടെത്തിയത്. അതിന് ശേഷം മഠത്തിലെത്തി. ഉറക്കിമില്ലെന്ന് സിസ്റ്റര്‍ എപ്പോഴും പരാതി പറയുമായിരുന്നു. ഗ്യാസിന്റെ പ്രശ്നമേ ഉള്ളൂവെന്നും പേടിക്കാനില്ലെന്നും മറ്റ് കന്യാസ്ത്രീകള്‍ സൂസനെ പറഞ്ഞ് സമാധാനിപ്പിച്ചു. ഇതിന് ശേഷം ഇന്നലെ സന്ധ്യാനമസ്‌കാരത്തിനും എത്തി. അതിന് ശേഷം റൂമില്‍ പോയി കിടന്നുറങ്ങി. പിന്നെ തങ്ങള്‍ക്കൊന്നും അറിയില്ലെന്നാണ് മഠം അധികൃതര്‍ പറയുന്നത്.
മഠത്തില്‍ കന്യാസ്ത്രീകള്‍ കുറവായിരുന്നു. രണ്ട് കന്യാസ്ത്രീകള്‍ കോട്ടയത്തേക്ക് പോയി. രണ്ട് പേര്‍ റാന്നിയിലേക്ക്. രണ്ട് പേര്‍ ആശുപത്രിയില്‍ ചികില്‍സയിലും. അതുകൊണ്ട് ആരും മഠത്തില്‍ ഇല്ലായിരുന്നു. കന്യാസ്ത്രീയുടെ മറിക്ക് തൊട്ട് അടുത്ത് താമസിക്കുന്നവര്‍ റാന്നിയില്‍ ആയിരുന്നു. ഇവിടെ രണ്ട് പ്രാര്‍ത്ഥനാലയങ്ങളുണ്ട്. അസുഖമുള്ളവര്‍ക്ക് അടുത്തൊരു പള്ളിയുണ്ട്. അവിടെ പോകും. മറ്റുള്ളവര്‍ വലിയ പള്ളിയിലും. സുഖമില്ലാത്തതു കൊണ്ട് ഇന്ന് പള്ളിയില്‍ വരാത്തതാണ് ഇതിന് കാരണമെന്ന് ഏവരും കരുതി. എന്നാല്‍ കാപ്പി കുടിക്കാനും എത്തിയില്ലെന്ന് അറിഞ്ഞതോടെ സിസ്റ്ററെ അന്വേഷിച്ചു. ജോലിക്കാരില്ലാത്തതുകൊണ്ട് അടുക്കളിയിലും ഇന്ന് സിസ്റ്റര്‍മാരായിരുന്നു. അവര്‍ പോയി നോക്കി. അപ്പോള്‍ കതക് തുറന്ന് കിടക്കുന്നത് കണ്ടു.
തുണി നനയ്ക്കാനോ മറ്റോ പോയതാണെന്ന് കരുതി പരിശോധിച്ചു. ഫാഷന്‍ ഫ്രൂട്ട് കൃഷി സ്ഥലത്തും കോഴിയെ വളര്‍ത്തുന്നിടത്തുമെല്ലാം നോക്കി. ഒരിടത്തും കണ്ടില്ല. അപ്പോഴാണ് കിണറ്റില്‍ കണ്ടത്. മുറിയിലും മറ്റും കണ്ട രക്തം ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാകാമെന്നും മഠം വിശദീകരിക്കുന്നു. കൈ അറുത്ത് മരിക്കാന്‍ ശ്രമിച്ചിട്ടുണ്ടാകാം. നടക്കാതെ വന്നപ്പോള്‍ കിണറ്റില്‍ പോയി ചാടിയിട്ടുണ്ടാകാം. ഇതില്‍ ദുരൂഹതയൊന്നുമില്ലെന്നും മഠം പൊലീസിനോട് പറഞ്ഞു. തെറ്റ് സംഭവിച്ചതായി കരുതുന്നില്ല. അതുകൊണ്ട് ഒരു പ്രചരണത്തേയും ഭയക്കുന്നില്ലെന്നും ഓര്‍ത്തഡോക്സ് സഭയ്ക്ക് കീഴിലെ മഠം അധികാരികള്‍ മാധ്യമ പ്രവര്‍ത്തകരേയും അറിയിക്കുന്നുണ്ട്.
കൊല്ലം പത്തനാപുരത്ത് കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ രാവിലെ ഒന്‍പത് മണിയോടെയാണ് കണ്ടെത്തിയത്. ഓര്‍ത്തഡോക്സ് സഭ മൗണ്ട് താബോര്‍ ദയറാ കോണ്‍വെന്റിലെ സിസ്റ്റര്‍ സൂസന്‍ മാത്യു(54)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ അദ്ധ്യാപികയായ ഇവര്‍ കൊല്ലം കല്ലട സ്വദേശിയാണ്. കോണ്‍വെന്റിനോട് ചേര്‍ന്ന കിണറിന് സമീപത്ത് രക്തപ്പാടുകളും ഉണ്ട്. സിസ്റ്ററെ അന്വേഷിക്കുന്നതിനിടയില്‍ സിസ്റ്റര്‍മാര്‍ രക്തം കണ്ടു. തുടര്‍ന്ന് കിണറ്റില്‍ നോക്കിയപ്പോളാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ അറിയിച്ചു. പൊലീസും ഫയര്‍ഫോഴ്സും എത്തി പരിശോധിച്ചപ്പോളാണ് മൃതദേഹം സിസ്റ്റര്‍ സൂസന്റേതാണെന്ന് മനസിലായത്. പിന്നീട് കിണറിന്റെ സമീപത്ത് നടത്തിയ പരിശോധനയില്‍ കിണറിന്റെ തൂണിലും സമീപത്തും രക്തപ്പാടുകളും കണ്ടെത്തി. സിസ്റ്ററിന്റെ മുറിയില്‍ നിന്ന് കിണറ്റിലേക്കുള്ള വഴിയിലും രക്തപ്പാടുകളും വലിച്ചിഴച്ച പാടുകളുമുണ്ട്.