സ്വന്തം ലേഖകൻ
കോട്ടയം : കോവിഡിന്റെ രണ്ടാം വരവ് സംസ്ഥാനത്തെ ഒന്നാകെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. മഹാമാരിയെ ചെറുക്കാൻ ആരോഗ്യപ്രവർത്തർ വഹിക്കുന്ന പങ്ക് ചെറുതല്ല.
കോവിഡിന്റെ തുടക്കം മുതൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ഡ്യൂട്ടി ചെയ്ത് വരികെയായിരുന്നു കുടയത്തൂർ സ്വദേശി അനുര ജോബി തന്റെ ഡ്യൂട്ടിയ്ക്കിടെയിലെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്.
പിപിഇ കിറ്റുകൊണ്ട് ദേഹം മുഴുവൻ പൊതിഞ്ഞു കെട്ടിയാണ് കോവിഡ് വാർഡിൽ കയറുന്നതെങ്കിലും ശബ്ദം കൊണ്ട് മിക്ക രോഗികളും തങ്ങളെ തിരിച്ചറിയുമെന്ന് അനുര പറയുന്നു. ഡ്യൂട്ടിക്കിടയിലെ ഏറ്റവും വലിയ ഞെട്ടൽ കോവിഡ് മരണങ്ങളാണെന്നും അനുര പറയുന്നു.
തലേന്ന് രാത്രിവരെ കൂടെ കഥപറഞ്ഞും കോവിഡ് ഭേദമാകുന്ന കാര്യങ്ങൾ പറഞ്ഞും ചിരിച്ചുകളിച്ചിരുന്നിട്ട് പിറ്റേന്ന് ഷിഫ്റ്റിന് എത്തുമ്പോൾ കാത്തിരിക്കുന്നത് ഒഴിഞ്ഞ കിടക്കയായിരിക്കും.
പത്തോളം മരണങ്ങളാണ് ഇങ്ങനെ പിടിച്ചു കുലുക്കിയത്. ഇപ്പോൾ വെറുമൊരു മരവിപ്പ് മാത്രമായി മരണവാർത്തകൾ. എങ്കിലും ഷിഫ്റ്റ് കഴിഞ്ഞ് യാത്രപറഞ്ഞിറങ്ങുമ്പോൾ പ്രാർഥിക്കുന്നത് തിരിച്ചുവരുമ്പോൾ അവർക്ക് ഒന്നും സംഭവിക്കരുതേ എന്നാണെന്നും അനുര പറയുന്നു.
ചെറിയ കുട്ടികളുള്ള പലരുടെയും കഥകൾ കേട്ടു പിപിഇ കിറ്റിനുള്ളിൽ നിന്നു കരഞ്ഞിട്ടുണ്ട് അനുര പങ്കുവയ്ക്കുന്നു.