വയനാട്: വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ജനന സമയത്ത് ദില്ലിയിലെ ആശുപത്രിയിലുണ്ടായിരുന്ന നഴ്‌സ് രാജമ്മയെ രാഹുല്‍ ഗാന്ധി കണ്ടുമുട്ടി. വയനാട് സന്ദര്‍ശനത്തിന് എത്തിയ രാഹുലിന്റെ കാര്‍ യാത്രയ്ക്കിടെയാണ് രാഹുല്‍ രാജമ്മയെ കണ്ടുമുട്ടിയത്. കാറിനുള്ളില്‍ ഇരുന്ന രാഹുലിനെ രാജമ്മ സ്നേഹം കൊണ്ടും വാല്‍സല്യം കൊണ്ടും മൂടുന്ന വിഡിയോ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു. നീ എന്‍റെ മകനാണ്,.. എന്ന് അധികാരസ്നേഹത്തോടെ വിളിച്ചുപറഞ്ഞാണ് രാജമ്മയുടെ ഇഷ്ടപ്രകടനം. എന്‍റെ മുന്നില്‍വച്ചാണ്, മറ്റാരും രാഹുലിനെ കാണുന്നതിന് മുമ്പ് ഞാന്‍ കണ്ടതാണ്, അതുകൊണ്ട് ആ സ്ഥാനം ഞാനാര്‍ക്കും കൊടുക്കില്ലെന്നും രാജമ്മ സ്നേഹത്തോടെ പറയുന്നു. ഈ സമയമത്രയും രാജമ്മയെ ചേർത്തുപിടിച്ച് രാഹുലും.
സ്വന്തം വീടും രാജമ്മ രാഹുലിന് ചൂണ്ടിക്കാണിച്ചുകൊടുക്കുന്നു. നല്ല വീടെന്ന് രാഹുല്‍ മറുപടി നല്‍കുന്നു. താൻ എന്തെങ്കിലും അസൗകര്യമുണ്ടാക്കിയോ എന്ന് ഒപ്പമുള്ളവരോട് അവര്‍ ചോദിക്കുന്നുണ്ട്. യാത്ര പറയുമ്പോള്‍ സൂക്ഷിക്കണമെന്ന് രാഹുലിന്റെ വാക്ക്.
പിന്നാലെ ഈ സന്തോഷം രാഹുല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു. ഞാന്‍ ജനിച്ച സമയത്ത് ദില്ലി ഹോളി ഫാമിലി ആശുപത്രിയില്‍ നഴ്‌സായിരുന്നു രജമ്മ കണ്ടുമുട്ടിയത് സന്തോഷകരമാണ്. എന്റെ മകന്‍ എന്ന് അവര്‍ വിളിക്കുമ്പോഴെല്ലാം സ്‌നോഹവും വാത്സല്യവും എന്റെ ഹൃദയത്തെ സ്പര്‍ശിക്കുന്നു. എന്റെ വയനാട് സന്ദര്‍ശനത്തിനിടെ ഇന്നലെ രാജമ്മയെ കണ്ടു. രാജമ്മ, ഞാന്‍ എപ്പോഴും നിങ്ങളുടെ അനുഗ്രഹം തേടും- രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി 16ന് ആണ് വയനാട്ടില്‍ എത്തിയത്. രാവിലെ 8.30 കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ രാഹുലിനെ പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ചേര്‍ന്നാണ് സ്വീകരിച്ചത്. നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടതിന് ശേഷം രാഹുല്‍ ആദ്യമായാണ് കേരളത്തിലെത്തുന്നത്. മാനന്തവാടിയില്‍ എത്തിയ രാഹുല്‍ മഹാത്മഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യും. ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ ഉയര്‍ന്ന അതൃപ്തി നേതാക്കല്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചെന്നാണ് സൂചന.