പ്രാദേശികമായി നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നത് കുവൈത്തില്‍ നിര്‍ത്തിവച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്കു പ്രാദേശികമായി നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നത് നിര്‍ത്തിവച്ചു. ലോക്കല്‍ റിക്രൂട്ടിങ്ങിനു പകരം വിദേശരാജ്യങ്ങളില്‍ ഇന്റര്‍വ്യൂ നടത്തിയ ശേഷം തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ മാത്രമാകും സര്‍ക്കാര്‍ ആശുപത്രികളിലും ക്ലിനിക്കുകളിലും നിയമിക്കുക. ഇതിനായി പ്രത്യേക റിക്രൂട്‌മെന്റ് കമ്മിറ്റികള്‍ രൂപീകരിച്ചതായും മന്ത്രാലയവൃത്തങ്ങള്‍ വെളിപ്പെടുത്തി.

നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ആശുപത്രികളിലേക്കും മറ്റുമായി നിരവധി നഴ്‌സുമാരുടെ ഒഴിവുകളാണുള്ളത്. ഈ ഒഴിവുകളിലേക്ക് പ്രാദേശികമായി നിയമനം നടത്തേണ്ടതില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം.കുവൈത്തിലെത്തി നഴ്‌സിങ് ജോലിക്ക് അപേക്ഷ നല്‍കുന്ന വിദേശി നഴ്‌സുമാരെ നേരത്തെ മന്ത്രാലയം നിയമനത്തിനായി പരിഗണിച്ചിരുന്നു ഈ സൗകര്യമാണ് ഇപ്പോള്‍ നിര്‍ത്തിവെച്ചത്. അതേസമയം കുവൈത്തില്‍നിന്ന് നഴ്‌സിങ് ബിരുദം പൂര്‍ത്തിയാക്കിയ വിദേശികള്‍ക്ക് പുതിയ തീരുമാനം ബാധകമാകില്ല. വിദേശത്തു നിന്ന് നഴ്‌സുമാരെ യോഗ്യതയുടെയും പ്രവൃത്തി പരിചയത്തിന്റെയും അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നതിനായി മന്ത്രാലയം സെലക്ഷന്‍ കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട് ഇത്തരത്തില്‍ വിദേശ രാജ്യങ്ങളില്‍ നടക്കുന്ന ഇന്റര്‍വ്യൂകളില്‍ നിന്ന് തെരഞ്ഞെടുക്കുന്നവരെയാണ് നിയമനത്തിനായി പരിഗണിക്കുക.

ആരോഗ്യമേഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും നഴ്‌സിംഗ് നിയമനത്തിന്റെ പേരില്‍ നടക്കുന്ന അഴിമതികളെ ഇല്ലാതാക്കാനും പുതിയ തീരുമാനം സഹായകമാകുമെന്നാണ് മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍. സന്ദര്‍ശന വിസയിലും കുടുംബ വിസയിലും കുവൈത്തിലെത്തി നഴ്‌സിങ് ജോലിക്ക് ശ്രമിച്ചുകൊണ്ടിരിക്കുന്ന മലയാളി നഴ്‌സുമാര്‍ക്ക് തിരിച്ചടിയാണ് പുതിയ തീരുമാനം . അതേസമയം ഇടനിലക്കാരില്ലാതെ ആരോഗ്യ മന്ത്രാലയം നേരിട്ട് റിക്രൂട്ടിങ് നടത്തുന്നത് ചൂഷണങ്ങള്‍ ഇല്ലാതാക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top