കൊച്ചി: പ്രോജക്ടുകള്‍ ചെയ്തു തീര്‍ക്കാന്‍ കഴിയാത്തതില്‍ മനം നൊന്താണെനന്‍ സംശയം ബാക്കി വെച്ച് നഴ്സിങ് വിദ്യാര്‍ഥിനി ആശുപത്രി ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് ചാടിമരിച്ചു.എറണാകുളം ലിസി കോളേജ് ഓഫ് നഴ്‌സിംഗിലെ വിദ്യാര്‍ഥിനി ബിഎസ്സി മൂന്നാം വര്‍ഷ വിദ്യാര്‍ഥിനി തൃക്കാക്കര സ്വദേശിനി ധന്യ ഡേവിഡ് (20) ആണ് ഹോസ്റ്റലിന്റെ ഏഴാം നിലയില്‍ നിന്ന് ചാടി മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.20-ഓടെയാണ് സംഭവം.ലിസി ആസ്പത്രിക്ക് സമീപമായുള്ള നഴ്‌സിംഗ് കോളേജില്‍ രാവിലെ എട്ടര മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ ധന്യ ക്ലാസിലുണ്ടായിരുന്നുവെന്ന് സഹപാഠികള്‍ പറഞ്ഞു. അതിനുശേഷം ഹോസ്റ്റല്‍ മുറിയില്‍ നിന്ന് എന്തോ എടുക്കാനുണ്ടെന്നു പറഞ്ഞ് ഇന്റര്‍വെല്‍ സമയത്ത് 100 മീ. മാത്രം അകലെയുള്ള ഹോസ്റ്റല്‍ ബ്ലോക്കിലേക്ക് എത്തുകയായിരുന്നു. ഈ സമയം ചില കുട്ടികള്‍ ഹോസ്റ്റലിലെ വിവിധ നിലകളിലായുണ്ടായിരുന്നു.
ഹോസ്റ്റലിന് പിറകിലായി എന്തോ വീഴുന്ന ശബ്ദം കേട്ട് നോക്കിയപ്പോഴാണ് സംഭവം അറിഞ്ഞതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വിദ്യാര്‍ത്ഥിനികളും ഹോസ്റ്റലിലുണ്ടായിരുന്ന പണിക്കാരും ചേര്‍ന്ന് ഉടന്‍ ഓട്ടോറിക്ഷയില്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീഴ്ചയില്‍ സണ്‍ഷേഡില്‍ ഇടിച്ചും മറ്റും തലയ്‌ക്കേറ്റ ഗുരുതര ക്ഷതമാണ് മരണ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ധന്യയുടെ ഇടതുകൈവൈള്ളയിലായി ‘സോറി അമ്മ, സോറി പപ്പ, സോറി പാഞ്ചു’ എന്നെഴുതിയിട്ടുള്ളതായി പോലീസ് പറഞ്ഞു.
പെണ്‍കുട്ടിക്ക് മാനസിക സംഘര്‍ഷമൊന്നും ഉള്ളതായി അറിവില്ലെന്ന് കോളേജ് ഡയറക്ടര്‍ ഫാ. തോമസ് വൈക്കത്തുപറമ്പില്‍ പറഞ്ഞു. ഇടയ്ക്കിടെ കുട്ടികള്‍ക്ക് കൗണ്‍സലിംഗ് നടക്കാറുണ്ട്. ഞായറാഴ്ച മുതല്‍ സ്റ്റഡി ലീവ് ആരംഭിക്കാനിരിക്കെയാണ് സംഭവം നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നോര്‍ത്ത് സി.ഐ. പി.എസ്. ഷിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഹോസ്റ്റലില്‍ ധന്യയുടെ മുറിയിലും ചാടിയ സ്ഥലങ്ങളിലുമായി പരിശോധന നടത്തി. ലിസി ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഞായറാഴ്ച ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണത്തെ സംബന്ധിച്ച ശാസ്ത്രീയ വിശകലനം ലഭിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. ബെന്നി ബഹനാന്‍ എംഎല്‍എ, സിറ്റി പോലീസ് കമ്മീഷണര്‍ എ.എസ്. ദിനേശ്, അസി. പോലീസ് കമ്മീഷണര്‍ എസ്.ടി. സുരേഷ് കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി.