സൈന്യത്തിന്റെ കാശ്മീര്‍ നടപടികളെ വിമര്‍ശിച്ച് ന്യൂയോര്‍ക്ക് ടൈംസിന്റെ എഡിറ്റോറിയല്‍. കാശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തുന്ന മനുഷ്യത്വ വിരുദ്ധമായ ആക്രമണങ്ങളെയും അടിച്ചമര്‍ത്തല്‍ ശ്രമങ്ങളെയുമാണ് വിമര്‍ശനത്തിന് വിധേയമാക്കിയിരിക്കുന്നത്. ക്രൂവല്‍റ്റി ആന്‍ഡ് കവാര്‍ഡൈസ് ഇന്‍ കശ്മീര്‍ (കശ്മീരിലെ ക്രൂരതയും ഭീരുത്വവും) എന്ന പേരിലാണ് എഡിറ്റോറിയല്‍. കശ്മീരില്‍ ഇന്ത്യയുടെ സുരക്ഷാ വീഴ്ച ക്രൂരമാണെന്നും സൈന്യത്തെ ആ രീതിയിലുപയോഗിക്കുന്നത് കൂടുതല്‍ തീവ്രവാദത്തെ വളര്‍ത്തുകയേ ഉള്ളൂവെന്നും എഡിറ്റോറിയല്‍ പറയുന്നു.
ഏപ്രില്‍ ഒമ്പതിന് ഫാറൂഖ് ദര്‍ എന്ന യുവാവിനെ പട്ടാളജീപ്പിനു മുന്നില്‍ കെട്ടിയിട്ട സംഭവവും എഡിറ്റോറിയലില്‍ പരാമര്‍ശിച്ചിട്ടുണ്ട്. 2016 ജൂലൈയില്‍ ബുര്‍ഹാന്‍ വാണി എന്ന വിഘടനവാദി കൊല്ലപ്പെട്ടതോടെ കശ്മീരില്‍ വ്യാപകമായി പെല്ലറ്റ് ഗണ്‍ പ്രയോഗിച്ചതോടെ പലര്‍ക്കും കാഴ്ച നഷ്ടമായി, ഒരുപാട് ജീവനുകള്‍ നഷ്ടമായി. ബുര്‍ഹാന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ശ്രീനഗര്‍ ഉപതെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ വിഘടനവാദികള്‍ ആഹ്വാനം ചെയ്തതോടെ എട്ടുശതമാനം മാത്രം പോളിങ് ആണ് രേഖപ്പെടുത്തിയത്. ആ ദിവസം എട്ടുപേര്‍ കൊല്ലപ്പെട്ടു. വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയതില്‍ 2% ആയിരുന്നു പോളിങ്. ആക്രമിക്കപ്പെട്ട ഫറൂഖ് ദര്‍ വോട്ട് ചെയ്തിരുന്നു, ‘വോട്ട് ചെയ്തിട്ടും എനിക്ക് കിട്ടിയത് ഇതാണ്. കശ്മീരില്‍ ഇന്ത്യയെ അത് സഹായിക്കുമെന്ന് തോന്നുന്നുണ്ടോ? ഇന്ത്യയെ വെറുക്കാന്‍ കൂടുതല്‍ കാരണമാകും എന്നേയുള്ളൂ’ എന്നാണ് ദര്‍ പറഞ്ഞതെന്നും എഡിറ്റോറിയല്‍ എഴുതി.
ദറിനെ ജീപ്പില്‍ കെട്ടിയിട്ട് പരേഡ് ചെയ്ത പട്ടാളക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഇന്ത്യന്‍ ആര്‍മി ചീഫ് ജനറല്‍ ബിപിന്‍ റാവത് പറഞ്ഞിരുന്നു. എന്നാല്‍, കല്ലേറുകാരെപ്പറ്റി ‘അവര്‍ ഇപ്പോള്‍ അതിജീവിക്കുമായിരിക്കും, പക്ഷേ നാളെ നമ്മള്‍ക്ക് അവരെ കിട്ടും. വിശ്രമമില്ലാത്ത ഓപ്പറേഷനുകള്‍ തുടരും.’ എന്നായിരുന്നു റാവതിന്റെ മറുപടി.
ഇത്തരം നടപടികള്‍ കശ്മീരിനെ കൂടുതല്‍ ജഡാവസ്ഥയിലേക്ക് തള്ളിയിടും, അവിടെ കൂടുതല്‍ നിരാശയും തീവ്രവാദവും ആയിരിക്കും. ഗവണ്‍മെന്റിന്റെ വാഗ്ദാനങ്ങളില്‍ കടുത്ത അവിശ്വാസവും വിവേചനം നേരിടുന്നുവെന്ന തോന്നലുമാണ് കശ്മീരികള്‍ക്കുള്ളതെന്ന് ചൂണ്ടിക്കാട്ടി ജനുവരിയില്‍ ചില പൗരന്മാര്‍ ഗവണ്‍മെന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു എന്നും ന്യൂയോര്‍ക്ക് ടൈംസ് എഴുതുന്നു. എല്ലാ രാഷ്ട്രീയ കക്ഷികളെയും ഉള്‍പ്പെടുത്തിക്കൊണ്ട്, സുദീര്‍ഘമായ രാഷ്ട്രീയ പരിഹാരം ലക്ഷ്യമിട്ട്, മനുഷ്യാവകാശ സംരക്ഷണത്തിലൂന്നിയ ഇടപെടല്‍ നടത്തണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
മിസ്റ്റര്‍ മോദിയുടെ ഭരണകൂടം റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പിന്തുടരണം, ഇന്ത്യന്‍ ജനാധിപത്യത്തിന് അതിന്റെ വിശ്വാസ്യത നഷ്ടപ്പെടും മുമ്പ്, കശ്മീരികള്‍ക്ക് സ്വപ്‌നം കാണാനുള്ള അവസാനത്തെ അവസരവും കൊള്ളയടിക്കപ്പെടും മുമ്പ് എന്നാണ് എഡിറ്റോറിയല്‍ അവസാനിപ്പിക്കുന്നത്.