ചെന്നൈ: തമിഴ്‌നാട് കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം ഒരിക്കല്‍ക്കൂടി ചെന്നൈ മറീന ബീച്ചിലെ ജയലളിതയുടെ സ്മൃതിമണ്ഡപം സന്ദര്‍ശിച്ചു. തന്നെ അനുകൂലിക്കുന്ന നേതാക്കള്‍ക്കൊപ്പമാണ് രാത്രി വൈകി പനീര്‍ശെല്‍വം മറീനയിലെത്തിയത്. ഏതാനും ദിവസം മുമ്പ് ഇതുപോലെ രാത്രി നടത്തിയ സന്ദര്‍ശനത്തിലാണ് തമിഴ്‌നാട് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിക്കൊണ്ട് പനീര്‍ശെല്‍വം ശശികലയ്‌ക്കെതിരേ ആഞ്ഞടിച്ചത്. പനീര്‍ശെല്‍വത്തിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാറും ഇവിടെയെത്തി.
മുഖ്യമന്ത്രി പദവി ഒഴിയില്ലെന്നാണു പനീര്‍സെല്‍വം നേരത്തേ സൂചന നല്‍കിയത്. തന്നെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ ശശികലയ്ക്ക് അധികാരമില്ലെന്നും പനീര്‍സെല്‍വം വ്യക്തമാക്കി. ജയലളിതയുടെ സദ്ഭരണം മുടക്കമില്ലാതെ തുടരും. ധര്‍മത്തിന്റെയും നീതിയുടെയും വിജയമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ശശികല ശിക്ഷിക്കപ്പെട്ടതോടെ തമിഴ്‌നാട് രക്ഷപെട്ടു. താല്‍ക്കാലികമായുള്ള പ്രശ്‌നങ്ങള്‍ മറന്നുകളയണമെന്നും എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ആഹ്വാനം ചെയ്ത് പനീര്‍സെല്‍വം എംഎല്‍എമാര്‍ക്ക് തുറന്ന കത്തെഴുതി.
സഭയില്‍ ഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്. മറ്റൊരു പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ സര്‍ക്കാര്‍ രൂപീകരിക്കും. പിന്തുണ നല്‍കിയ പ്രവര്‍ത്തകര്‍ക്കെല്ലാം നന്ദി. അമ്മയുടെ ആത്മാവ് നമ്മളെ വഴിനടത്തും. അമ്മയുടെ കാലടികളെ പിന്തുടരുമെന്നും പനീര്‍സെല്‍വം പറഞ്ഞു. അതേസമയം, സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ക്കരുതെന്ന് പ്രവര്‍ത്തകരോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.തുടര്‍ന്ന് പനീര്‍ശെല്‍വത്തെ അനുകൂലിക്കുന്ന രാജ്യസഭാ എംപി വി. മൈത്രേയനും മനോജ് പാണ്ഡ്യനും രാജ്ഭവനിലെത്തി ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് ശശികലയുടെ പകരക്കാരന്‍ എടപ്പാടി പളനിസാമി ഗവര്‍ണറെ കണ്ടതിനു പിന്നാലെയാണ് പനീര്‍ശെല്‍വത്തിന്റെ വിശ്വസ്തര്‍ രാജ്ഭവനിലെത്തിയത്.
നേരത്തെ, കൂവത്തൂരിലെ റിസോര്‍ട്ടില്‍ ചേര്‍ന്ന എംഎല്‍എമാരുടെ യോഗമാണ്, സുപ്രീം കോടതി ശിക്ഷിച്ച ശശികലയുടെ പകരക്കാരനായി എടപ്പാടി പളനിസാമിയെ തിരഞ്ഞെടുത്തത്. പനീര്‍സെല്‍വത്തെയും പിന്തുണയ്ക്കുന്ന എംഎല്‍എമാരെയും പുറത്താക്കാനും യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍, പനീര്‍സെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ച എംപിമാരെ പുറത്താക്കിയിട്ടില്ല.ഇതിനിടെ, കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ തമ്പടിച്ചിരിക്കുന്ന എംഎല്‍എമാരെ ബലംപ്രയോഗിച്ച് ഒഴിപ്പിക്കാനുള്ള നീക്കങ്ങള്‍ പൊലീസ് ആരംഭിച്ചു. ഇതിന്റെ ഭാഗമായി റിസോര്‍ട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതായാണു റിപ്പോര്‍ട്ടുകള്‍. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശശികലയെ ശിക്ഷിച്ചുകൊണ്ട് സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ റിസോര്‍ട്ടിന്റെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തിരുന്നു.