
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. കേന്ദ്രം കേരളത്തെ അവഗണിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെയാണ് രാജഗോപാല്‍ രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്നായിരുന്നു എംഎല്‍എയുടെ പ്രതികരണം.
ഇഷ്ടമുള്ളപ്പോള്‍ ഓടിച്ചെന്ന് കുശലാന്വേഷണം നടത്താനുള്ള ഇടമല്ല പ്രധാനമന്ത്രിയുടെ ഓഫീസ് എന്നായിരുന്നു രാജഗോപാലിന്റെ പ്രതികരണം.
ഡല്‍ഹിയില്‍ ചെല്ലുമ്പോഴെല്ലാം ചെന്ന് കാണാനുള്ള സ്ഥലമല്ല പ്രധാനമന്ത്രിയുടെ ഓഫീസെന്നും അങ്ങനെ വാശി പിടിക്കുന്നത് ശരിയല്ലെന്നും രാജഗോപാല്‍ പറഞ്ഞു. പ്രധാന മന്ത്രി നരേന്ദ്രമോദിയെ കാണാന്‍ അനുമതി ലഭിക്കാത്തതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം രൂക്ഷമായി പ്രതികരിച്ചിരുന്നു.
ഡല്‍ഹിയില്‍ പാര്‍ട്ടി യോഗത്തിന് എത്തുമ്പോഴെല്ലാം പ്രധാനമന്ത്രിയെ കണ്ടേക്കാമെന്ന് മുഖ്യമന്ത്രി കരുതുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ മറ്റ് പല ലക്ഷ്യങ്ങളും കാണുമെന്നും എന്നാല്‍ അതിന് പ്രധാനമന്ത്രി നിന്ന് തരണമെന്ന് ചിന്തിക്കുന്നിടത്താണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.
മോദി സര്‍ക്കാറിന് കേരളത്തോട് രാഷ്ട്രീയ വിരോധമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന മോദിയോടുള്ള വിരോധം കൊണ്ടാണ്. കേരളത്തോട് കേന്ദ്രം എന്ത് വിരോധമാണ് കാട്ടിയതെന്ന് മുഖ്യമന്ത്രി പറയണമെന്നും രാജഗോപാല്‍ ആവശ്യപ്പെട്ടു.