
ക്വാലാലംപുര്‍: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനോട് യാതൊരു വിധത്തിലുമുള്ളവിട്ടുവീഴ്ചയ്ക്കുമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. പാരീസിലെ സാധാരണക്കാരായ ജനങ്ങള്‍ക്കു നേരെയുള്ള ആക്രമണം ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല. ഒമ്പതു ദിവസത്തെ തുര്‍ക്കി, ഏഷ്യ സന്ദര്‍ശനത്തിനിടെയാണ് ഒബാമ ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.റഷ്യയുമായി സഹകരിച്ച് ഐഎസ് ഭീകരതയ്‌ക്കെതിരെ പോരാടാന്‍ അമേരിക്ക തയ്യാറാണെന്നും ഒബാമ പറഞ്ഞു.
സാധാരണജനങ്ങള്‍ക്കുമേല്‍ തീവ്രവാദികള്‍ നടത്തുന്ന ആക്രമണം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ ഒബാമ, ഐ.എസിനെതിരായ യുദ്ധത്തിന് നേതൃത്വം നല്‍കാന്‍ യു.എസ് തയാറാണെന്നും വ്യക്തമാക്കി.
ഐ.എസിനെതിരായ പോരാട്ടത്തില്‍ റഷ്യയും ചേരണമെന്ന് ഒബാമ ആവശ്യപ്പെട്ടു. റഷ്യന്‍ വിമാനം വെടിവെച്ചിട്ടത് ഐ.എസ് ആണെന്ന് ആരോപണമുണ്ട്. തന്‍െറ രാജ്യത്തെ ജനങ്ങളെ കൊന്ന ഐ.എസിനെതിരെയുള്ള പോരാട്ടത്തില്‍ അണിചേരേണ്ടത് പുടിന്‍െറ കടമയാണെന്നും ഒബാമ പറഞ്ഞു.
സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍ അസദിനെ പിന്തുണക്കുന്നതില്‍ നിന്ന് റഷ്യ പിന്‍മാറണം. അസദിനെതിരെ പ്രവര്‍ത്തിക്കുന്ന വിമതരെയാണ് റഷ്യ ഇപ്പോള്‍ ലക്ഷ്യം വെക്കുന്നത്. അസദ് ഭരണത്തില്‍ ഉള്ളിടത്തോളം കാലം സിറിയയിലെ സംഘര്‍ഷം അമര്‍ച്ച ചെയ്യാന്‍ സാധിക്കില്ല. തീവ്രവാദത്തെ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ല. ഇതിനെതിരെ ലോകം അണിനിരക്കണമെന്നും ഒബാമ പറഞ്ഞു.
ചൊവ്വാഴ്ച ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്സ്വ ഒലാന്‍ഡെ വൈറ്റ് ഹൗസില്‍ ഒബാമയെ സന്ദര്‍ശിക്കുന്നുണ്ട്. ഇതിന് മുമ്പാണ് ഒബാമയുടെ പ്രസ്താവന വന്നിരിക്കുന്നത്. യു.എസ് സന്ദര്‍ശനത്തിന് ശേഷം ഒലാന്‍ഡെ റഷ്യയും സന്ദര്‍ശിക്കുന്നുണ്ട്.