തിരുവനന്തപുരം : ഓഖി ദുരന്ത പാക്കേജ് ചർച്ചയെക്കുറിച്ച് വി.എം. സുധീരൻ പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി.
പ്രിയപ്പെട്ട മുഖ്യമന്ത്രി,
ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സർവ്വകക്ഷിയോഗം ചേരുന്നതിനു മുമ്പായി തന്നെ തിരുവനന്തപുരം ആർച്ച് ബിഷപ് മോസ്റ്റ് റവ. ഡോ. സൂസപാക്യവും മത്സ്യത്തൊഴിലാളി സംഘടന നേതാക്കളുമായി ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് 5.12.2017 ന് കത്ത് നൽകിയിരുന്നുവല്ലോ. ഇത്തരത്തിലൊരു ചർച്ച നടന്നിരുന്നുവെങ്കിൽ സർവ്വകക്ഷിയോഗം കൂടുതൽ ഫലപ്രദമായേനെ. എന്നാൽ ഈ അഭ്യർത്ഥനയോട് നിഷേധാത്മകമായ നിലപാടാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇക്കാര്യത്തിൽ എനിക്കുള്ള അതിയായ പ്രതിഷേധം അറിയിക്കുന്നു.
മത്സ്യത്തൊഴിലാളികൾക്കും കുടുംബങ്ങൾക്കും തീരദേശത്തിനുമുണ്ടായ സമാനതകളില്ലാത്ത ദുരന്തത്തെയും ദുരനുഭവങ്ങളെയും കുറിച്ച് നേരിട്ട് അറിയാവുന്നവരുമായി ആശയവിനിമയം നടത്തിയിരുന്നുവെങ്കിൽ ഓഖി ദുരന്തം വരുത്തി വച്ച കെടുതികളെ കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കുന്നതിന് സഹായകരമാകുമായിരുന്നു. മത്സ്യത്തൊഴിലാളികളെയും ആ മേഖലയിൽ പ്രവർത്തിക്കുന്നവരേയും വിശ്വാസത്തിലെടുക്കാതെ മുന്നോട്ടുപോയതാണ് സർക്കാരിനു പറ്റിയ പിഴവ്.
ഇനിയെങ്കിലും യാഥാർത്ഥ്യബോധത്തോടെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് മോസ്റ്റ് റവ. ഡോ. സൂസപാക്യത്തിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമായും മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളുമായും ചർച്ച നടത്തി പൊതുസ്വീകാര്യമായ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പാക്കേജിന് രൂപം കൊടുത്ത് ദുരിതാശ്വാസ നടപടികളും ബന്ധപ്പെട്ട കാര്യങ്ങളും നടപ്പാക്കുന്നതിന് വേണ്ടതെല്ലാം ചെയ്യണമെന്ന് താൽപര്യപ്പെടുന്നു.
സ്നേഹപൂർവ്വം