റോം: കോവിഡിൻറെ പുതിയ വകഭേദമായ ഒമിക്രോൺ ഇറ്റലിയിലും സ്ഥിരീകരിച്ചു. മൊസാംബിക്കിൽ നിന്ന് മിലാനിൽ മടങ്ങിയെത്തിയ യുവാവിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ഇയാളെ പ്രത്യേക നിരീക്ഷണത്തിലേക്ക് മാറ്റി.
നെതർലൻഡിലും ഒരാൾക്ക് പുതിയ വകഭേദം സംശയിക്കുന്നുണ്ട്. നമീബിയയിൽനിന്ന് തിരിച്ചെത്തിയ ഒരാളിലാണ് രോഗം സംശയിക്കുന്നതെന്നും വിദഗ്ധ പരിശോധന തുടരുകയാണെന്നും നെതർലൻഡ് ആരോഗ്യവകുപ്പ് അറിയിച്ചു. ഒമിക്രോൺ സ്ഥിരീകരിക്കുന്ന നാലാമത്തെ യൂറോപ്യൻ രാജ്യമാണ് ഇറ്റലി.
ഒമിക്രോൺ വകഭേദം നിരവധി രാജ്യങ്ങളിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഏഷ്യൻ രാജ്യങ്ങൾക്ക് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി. നിരീക്ഷണവും ജാഗ്രതയും മുൻകരുതലും ശക്തമാക്കാനാണ് തെക്കു കിഴക്കൻ ഏഷ്യൻ മേഖലയിലെ രാജ്യങ്ങൾക്ക് ഡബ്ലിയുഎച്ച്ഒ മുന്നറിയിപ്പ് നൽകിയത്.