
ന്യൂഡൽഹി :ഒമിക്രോൺ പുതിയ ഭീഷണി മുൻ വകഭേദങ്ങളെക്കാൾ വേഗത്തിൽ പടരും, വാക്സീൻ എടുത്തവരെയും ബാധിക്കും. അതേസമയം വാക്സിനേഷൻ കടുത്ത രോഗാവസ്ഥയും മരണസാധ്യതയും ഒഴിവാക്കുമെന്നും വിദഗ്ധർ പറയുന്നു.ഏതാനും ആഴ്ച കൂടി കാത്തിരിക്കാതെ ഒമിക്രോണിന്റെ തീവ്രത സംബന്ധിച്ച ചിത്രം വ്യക്തമാകില്ലെന്നാണു ശാസ്ത്രജ്ഞരുടെ നിലപാട്
ഒമിക്രോൺ ബാധിച്ച് മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നു ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അതേസമയം, പുതിയ വകഭേദം കൂടുതൽ വ്യാപന ഭീഷണി സൃഷ്ടിക്കുന്നതാണെന്നും മുന്നറിയിപ്പുണ്ട്. അസാധാരണ രീതിയിൽ ജനിതക മാറ്റം സംഭവിച്ച വകഭേദമാണിത്. ചില മേഖലകളിൽ ഇതു ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കാം. കോവിഡ് വന്നുപോയതു വഴിയും വാക്സീൻ വഴിയും കിട്ടുന്ന സുരക്ഷയെ ഒമിക്രോൺ മറികടക്കുന്നു. വിശദമായ പഠനം ആവശ്യമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
മുഴുവൻ രാജ്യങ്ങളും വാക്സീൻ കുത്തിവയ്പ് ശക്തിപ്പെടുത്താൻ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഡാനം നിർദേശിച്ചു. ചില രാജ്യങ്ങൾ അതിർത്തികൾ അടച്ചതുൾപ്പെടെ നടപടികളെ അദ്ദേഹം വിമർശിച്ചു.
ഒമിക്രോൺ വകഭേദത്തിന്റെ ആദ്യ അതിസൂക്ഷ്മ ത്രിമാന ചിത്രം പുറത്തു വന്നു. ഡെൽറ്റ വകഭേദവുമായി താരതമ്യപ്പെടുത്തുമ്പോൾ ഒട്ടേറെ ജനിതകമാറ്റം ഉണ്ടായി എന്ന വാദം ശരിവയ്ക്കുന്നതാണ് ചിത്രം. >മാറ്റങ്ങൾ അധികവും വൈറസിനെ മനുഷ്യകോശത്തിലേക്കു പ്രവേശിക്കാൻ അനുവദിക്കുന്ന സ്പൈക് പ്രോട്ടീനിലാണ്. എന്നാൽ, കൂടുതൽ മാറ്റങ്ങൾ ഉണ്ടായി എന്നതു കൊണ്ടു മാത്രം കൂടുതൽ അപകടകാരിയാണെന്നു പറയാനാവില്ലെന്നു വിദഗ്ധർ പറയുന്നു.ഡെൽറ്റ വകഭേദവുമായുള്ള താരതമ്യ ചിത്രവും പഠനം നടത്തിയ റോമിലെ ബാംബിനോ ജെസു ആശുപത്രിയും മിലാൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയും പ്രസിദ്ധീകരിച്ചു.