
കോട്ടയം: ഉമ്മൻചാണ്ടി പുതുപ്പള്ളി വിടുമെന്ന പ്രചാരണത്തിനു പിന്നിൽ സി.പി.എമ്മിന്റെ പി.ആർ ഗ്രൂപ്പുകൾ. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി ഗ്രാമ പഞ്ചായത്തിൽ സി.പി.എം വിജയിച്ചതിന്റെ പേരിലാണ് ഇപ്പോൾ സി.പി.എമ്മുമായി അനുഭാവമുള്ള മാധ്യമങ്ങളിൽ ചിലത് പ്രചാരണം നടത്തിയത്. സി.പി.എമ്മിന്റെ പി.ആർ ഗ്രൂപ്പുകൾ പ്രചരിപ്പിച്ച വാർത്തയുടെ മുന ആദ്യം തന്നെ ഒടിച്ചാണ് ഉമ്മൻചാണ്ടി എം.എൽ.എ എത്തിയത്. ആളിക്കത്തേണ്ട വാർത്ത ആദ്യം തന്നെ ഊതിക്കെടുത്തിയാണ് ഉമ്മൻചാണ്ടി രംഗത്ത് എത്തിയത്.
ഉമ്മൻചാണ്ടി പുതുപ്പള്ളി വിടുമെന്നും, തിരുവനന്തപുരത്ത് നേമത്ത് മത്സരിക്കുമെന്നുമായിരുന്നു രാവിലെ സി.പി.എമ്മിന്റെ പി.ആർ ഏറ്റുപിടിച്ച് ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. ഇതിനോടുള്ള ഉമ്മൻചാണ്ടിയുടെ പ്രതികരണം തന്നെ എല്ലാ പ്രചാരണങ്ങളുടെയും മുന ഒടിയ്ക്കുന്നതായിരുന്നു. വ്യാജ വാർത്തയ്ക്ക് പത്തു മിനിറ്റ് പോലും അയുസ് നൽകാതെയായിരുന്നു ഒറ്റയടിയ്ക്കുള്ള ഉമ്മൻചാണ്ടിയുടെ പ്രതികരണം.
ആ പ്രതികരണം ഇങ്ങനെയായിരുന്നു …
തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നതാണ്. കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണയം തുടങ്ങുന്നതിനുമുമ്പേ, തന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചാരണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണം.കോൺഗ്രസ് ഹൈക്കമാൻഡും കെപിസിസി നേതൃത്വവുമാണ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത്.
ഇതിനിടെ, തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളിയിൽ കരുത്തു ചോരുന്നുവെന്ന് പ്രചരിപ്പിക്കുവാനുള്ള സിപിഎം തന്ത്രത്തിന് ദൃശ്യ മാധ്യമങ്ങളുടെ എഡിറ്റോറിയൽ തലപ്പത്തുള്ള ചിലരും കൂട്ടു നിൽക്കുന്നതായാണ് സൂചന. ന്യൂസ് 18 നിലെ ഇൻപുട്ട് എഡിറ്ററുടെ ചുമതലയുള്ള ടി ജെ ശ്രീലാലാണ് ബിഗ് ബ്രേക്കിങ്ങ് എന്ന് ഊതി പെരിപ്പിച്ച വാർത്ത നൽകിയത്.
ഡൽഹിയിൽ വർഷങ്ങളുടെ മാധ്യമ പ്രവർത്തന പരിചയമുള്ള ഒരാൾ നൽകിയ വാർത്തയെന്ന നിലയിൽ ഏറ്റെടുക്കണമോയെന്ന കാര്യത്തിൽ രണ്ട് അഭിപ്രായമുണ്ടായി. ഈ മാർക്കറ്റിംങ്ങ് തന്ത്രമാണ് പി ആർ ഏജൻസികൾ ലക്ഷ്യമിട്ടതും. ശനിയാഴ്ച രാവിലെ 11 മണി ക്കുള്ള ന്യൂസ് ലൈവിൽ, വാർത്ത നൽകിയ ശ്രീലാലിന്റെ അസാന്നിധ്യം ചാനൽ ഡസ്‌കിലുള്ളവരെ പോലും അമ്പരിപ്പിച്ചിരിക്കുകയാണ്. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ കുത്തക സീറ്റ് പിടിച്ചെടുത്ത എം എൽ എ യുമായി അടുത്ത ബന്ധമാണ് ശ്രീലാലിനുള്ളത്. ന്യൂസ് എഡിറ്റർ തലസ്ഥാനത്ത് ഇല്ലാതിരുന്ന ദിവസം വാർത്തയുടെ ആസൂത്രണം നടന്നതിലും സംശയങ്ങൾ ബലപ്പെടുകയാണ്.
വരും ദിവസങ്ങളിലും കോൺഗ്രസിനെതിരായ പ്രചാരണം ഉണ്ടാകുമെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. ഇത്തരത്തിൽ പി.ആർ ഏജൻസികൾ സി.പി.എമ്മിനു നിർദേശം നൽകിയതായി രഹസ്യ വിവരമുണ്ട്. കോൺഗ്രസ് പ്രവർത്തകരിൽ ആശങ്ക സൃഷ്ടിക്കുകയാണ് ഇതിനായി സി.പി.എം ലക്ഷ്യമിടുന്നത്. ഇത് ഒഴിവാക്കുന്നതിനായി ഉമ്മൻചാണ്ടി തന്നെ ആദ്യ പ്രതികരണം നടത്തിയതോടെ സി.പി.എം ഉയർത്തി വിട്ട സോപ്പ് കുമിള ആദ്യ ഘട്ടത്തിൽ തന്നെ തകർന്നു.