ഉമ്മൻചാണ്ടിയുടെ തട്ടകത്തിൽ കരുത്ത് തെളിയിക്കാൻ യു.ഡി.എഫ്: കോട്ടയത്ത് അഞ്ചിടത്ത് കോൺഗ്രസും മൂന്നിടത്ത് കേരള കോൺഗ്രസും മത്സരിക്കും

കോട്ടയം: ജോസ് കെ.മാണി കൈവിട്ടു പോയെങ്കിലും കരുത്ത് ചോർന്നിട്ടില്ലെന്നു തെളിയിക്കാൻ യു.ഡി.എഫ്. ഉമ്മൻചാണ്ടിയുടെയും തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും കരുത്തിലാണ് യു.ഡി.എഫ് ഇക്കുറി ഒരുങ്ങുന്നത്. മുന്നണിയിലെ പ്രബലകക്ഷിയായ കേരള കോൺഗ്രസ് കെ.എം മാണി വിഭാഗം മുന്നണി വിട്ടത് ബാധിക്കാതിരിക്കാനുള്ള തന്ത്രങ്ങളും യു.ഡി.എഫ് കോൺഗ്രസ് നേതാക്കൾ ഒരുക്കുന്നുണ്ട്.

എല്ലാ നിയമസഭാ തിരഞ്ഞെടുപ്പിലും, പാർലമെന്റ് തിരഞ്ഞെടുപ്പിലും യു.ഡി.എഫിന്റെ കരുത്തുറ്റ കോട്ടയാണ് കോട്ടയം. ഒൻപതിൽ ആറു സീറ്റും യു.ഡി.എഫ് കൈക്കലാക്കിയാണ് കഴിഞ്ഞ തവണ യു.ഡി.എഫ് പ്രതികൂല സാഹചര്യത്തിലും ജില്ലയിൽ വിജയിച്ചത്. കെ.എം മാണിയും, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും അടങ്ങുന്ന നേതൃനിര തന്നെയായിരുന്നു ജില്ലയിൽ യു.ഡി.എഫിന്റെ കരുത്തും. എന്നാൽ, കെ.എം മാണിയുടെ നിര്യാണത്തിനു ശേഷവും ജോസ് കെ.മാണി മുന്നണി വിട്ടിട്ടും തങ്ങൾക്ക് കരുത്ത് ചോർന്നിട്ടില്ലെന്നു തെളിയിക്കുകയാണ് ഇക്കുറി യു.ഡി.എഫിന്റെ വെല്ലുവിളി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ തവണ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയും, കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനും മാത്രമാണ് ജില്ലയിൽ നിന്നും കോൺഗ്രസ് പ്രതിനിധികളായി വിജയിച്ചത്. പാലായിൽ കെ.എം മാണിയും, ചങ്ങനാശേരിയിൽ കെ.സി ജോസഫും, കടുത്തുരുത്തിയിൽ മോൻസ് ജോസഫും, കാഞ്ഞിരപ്പള്ളിയിൽ എൻ.ജയരാജും കേരള കോൺഗ്രസ് പ്രതിനിധികളായി വിജയിച്ചിരുന്നു. സ്വതന്ത്രനായി മത്സരിച്ച പി.സി ജോർജായിരുന്നു പൂഞ്ഞാറിലെ വിജയി. ഏറ്റുമാനൂരിൽ സി.പി.എം സ്ഥാനാർത്ഥി കെ.സുരേഷ് കുറുപ്പും, വൈക്കത്ത് സി.പി.ഐ സ്ഥാനാർത്ഥി സി.കെ ആശയുമായിരുന്നു വിജയിച്ചത്. കെ.എം മാണിയുടെ മരണത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ അൻപത് വർഷത്തിനു ശേഷം കെ.എം മാണിയുടെ പാലാ ഇടത് മുന്നണി തിരികെ പിടിച്ചു. മാണി സി.കാപ്പനാണ് ഇവിടെ വിജയിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചപ്പോൾ തന്നെ ജില്ലയിൽ യു.ഡി.എഫ് ചർച്ചകൾ സജീവമാക്കിയിട്ടുണ്ട്. കോൺഗ്രസ് അഞ്ചു സീറ്റിലും, കേരള കോൺഗ്രസ് ജോസഫ് വിഭാഗം മൂന്നു സീറ്റിലും, മാണി സി.കാപ്പൻ പാലായിലും മത്സരിക്കുന്നതിനാവും ധാരണ ഉണ്ടാകുക. കോട്ടയം, പുതുപ്പള്ളി, വൈക്കം, ചങ്ങനാശേരി സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും. പൂഞ്ഞാറിന്റെയും കാഞ്ഞിരപ്പള്ളിയുഡടെയും കാര്യത്തിൽ ചർച്ചകളിലൂടെ മാത്രമേ തീരുമാനം ഉണ്ടാകൂ. ജോസഫ് വിഭാഗത്തിനു കടുത്തുരുത്തിയും, ഏറ്റുമാനൂരും നൽകാനാണ് സാധ്യത. പൂഞ്ഞാറോ, കാഞ്ഞിരപ്പള്ളിയോ കൂടി നൽകി സീറ്റ് വിഭജനം പൂർത്തിയാക്കിയേക്കും. പി.സി ജോർജ് മുന്നണിയുടെ ഭാഗമായാൽ തന്നെ പൂഞ്ഞാർ സീറ്റ് മാത്രമാവും നൽകുക.

പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയും, കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനും, പാലായിൽ മാണി സി.കാപ്പനും, കടുത്തുരുത്തിയിൽ മോൻസ് ജോസഫും തന്നെയാവും ഇക്കുറിയും ജനവിധി തേടുക. ഇരിക്കൂറിൽ നിന്നെത്തുന്ന കെ.സി ജോസഫിനു വേണ്ടിയാണ് ചങ്ങനാശേരി സീറ്റ് കോൺഗ്രസ് മാറ്റി വച്ചിരിക്കുന്നത്. ചങ്ങനാശേരിയിൽ കെ.സി ജോസഫ് തന്നെ സ്ഥാനാർത്ഥിയാകും. വൈക്കത്ത് കോട്ടയം മുൻ നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന മത്സരിക്കും. കാഞ്ഞിരപ്പള്ളി സീറ്റ് കോൺഗ്രസിനു ലഭിച്ചാൽ അഡ്വ.ടോമി കല്ലാനി, ഐഗ്രൂപ്പ് നേതാവ് ജോസഫ് വാഴയ്ക്കൻ, അഡ്വ.സിബി ചേനപ്പാടി, യുവ കോൺഗ്രസ് നേതാവ് ജിജി അഞ്ചാനി എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. പൂഞ്ഞാർ സീറ്റ് കോൺഗ്രസിനു ലഭിച്ചാൽ അഡ്വ.ടോമി കല്ലാനിയുടെയും, മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പുന്നത്താനത്തിന്റെയും പേരുകളും പരിഗണിക്കുന്നുണ്ട്.

ഏറ്റുമാനൂരിൽ പ്രിൻസ് ലൂക്കോസിന്റെയും, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പന്റെയും പേരുകളാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം പരിഗണിക്കുന്നത്. പൂഞ്ഞാറിലും സജി മഞ്ഞക്കടമ്പന്റെയും മുൻ എം.പി ജോയി എബ്രഹാമിന്റെയും പേരുകൾ പരിഗണിക്കുന്നുണ്ട്.

Top