ബെയ്‌റൂട്ട്: സിറിയയിലെ യുദ്ധത്തിന്റെ തീവ്രതയും ഭീകരതയും കാണിച്ചുതന്ന ഒമ്രന്‍ ദഖിന്റെ ഫോട്ടോ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. മനുഷ്യമനഃസാക്ഷിയെ കരയിപ്പിക്കുന്നതായിരുന്നു ആ ഫോട്ടോ. ഒമ്രാന്‍ ദഖ്നീശിനൊപ്പം ദേഹമാസകലം കനത്ത മുറിവുകളുമായി രക്ഷപ്പെട്ട ഒമ്രാന്റെ മൂത്ത സഹോദരനായ അലി ദഖ്നീശ് വിടപറഞ്ഞു.
രക്തസ്രാവത്തെ തുടര്‍ന്നാണ് അലി ദഖ്നീശ് മരണപ്പെട്ടത്. അലിയുടെ അവയവങ്ങള്‍ക്ക് ഗുരുതരമായി ക്ഷതമേറ്റിരിന്നു. വടക്കന്‍ സിറിയന്‍ നഗരമായ അലപ്പോയില്‍ ബുധനാഴ്ച വ്യോമാക്രമണത്തില്‍ തകര്‍ത്ത കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് അലിയേയും ഒമ്രാനേയും രക്ഷപ്പെടുത്തിയത്. ചോരവാര്‍ന്നൊഴുകുന്ന മുഖത്തോടെ നിര്‍വികാരതയോടെ തനിക്ക് നഷ്ടപ്പെട്ട ബാല്യത്തെക്കുറിച്ച് ചോദിക്കാതെ ചോദിച്ച് നമുക്ക് മുന്നില്‍ ചോദ്യചിഹ്നമായി മാറിയ ഒമ്രാന്റെ വാര്‍ത്തകള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാധ്യമങ്ങള്‍ ചേര്‍ത്തുപിടിച്ചിരുന്നു.
ഒമ്രാനേയും മൂത്ത സഹോദരനേയും സഹോദരിയേയും മാതാപിതാക്കളേയും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും രക്ഷപ്പെടുത്തുന്ന വീഡിയോ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. ശരീരമാസകലം പൊടിപിടിച്ചും നെറ്റിയില്‍ നിന്ന് രക്തം ഒലിച്ചിറങ്ങുന്ന നിലയിലുമാണ് ഒംറാനെ കണ്ടെടുത്തത്. നേരെ ആംബുലന്‍സില്‍ ഇരുത്തിയെങ്കിലും കുട്ടി കരയുന്നുണ്ടായിരുന്നില്ല. ക്യാമറ കണ്ണുകള്‍ രംഗം ഒപ്പിയെടുക്കുമ്പോഴും ആ കൊച്ചുകുട്ടി ധീര പോരാളിയെ പോലെ നോക്കുകയായിരുന്നു. സിറിയന്‍ കുട്ടികള്‍ക്ക് നഷ്ടമാകുന്ന ബാല്യത്തിന്റെ നേര്‍ചിത്രമായി ഒമ്രാന്‍ നമുക്കു മുന്നില്‍ തെളിഞ്ഞിരുന്നു.
സിറിയയില്‍ വിമതര്‍ക്ക് സ്വാധീനമുളള അലപ്പോയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. റഷ്യയുടെ സഹായത്തോടെയാണ് സിറിയന്‍ ഭരണകൂടം പോരാട്ടം നടത്തുന്നത്. റഷ്യന്‍ ബോംബാക്രമണത്തിലാണ് ഈ കുട്ടിയിടക്കമുള്ളവരെ ദുരിതത്തിലാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കുട്ടിയുടെ മാതാപിതാക്കളെക്കുറിച്ച് വ്യക്തമായ വിവരമില്ല. ഒംറാനെപ്പോലെ നിരവധി കുട്ടികളെയാണ് ഇത്തരത്തില്‍ രക്ഷിച്ചത്. ആഭ്യന്തര കലഹം പൊട്ടിപ്പുറപ്പെട്ട 2011 മുതല്‍ 290,000 പേരാണ് ഇതുവരെ സിറിയയില്‍ കൊല്ലപ്പെട്ടത്.