ന്യുഡൽഹി:ഇന്ത്യയിൽ വീണ്ടും കൊവിഡ് മരണം നടന്നു . ഗുജറാത്തിലെ അഹമ്മദാബാദിൽ ചികിത്സയിലായിരുന്ന 46കാരിയാണ് മരിച്ചത്. ഇതോടെ ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആയി.26നാണ് കൊവിഡിന്റെ ലക്ഷണങ്ങളെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗിക്ക് കടുത്ത രക്തസമ്മർദവും പ്രമേഹവും ഉണ്ടായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് യുവതിയെ വെന്റിലേറ്ററിലേക്ക് മാറ്റി. തുടർന്ന് ഇന്ന് വൈകിട്ടോടെയാണ് മരണം സ്ഥിരീകരിക്കുകയായിരുന്നു. യുവതി വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം. രോഗിക്ക് എവിടെ നിന്നാണ് കൊറോണ ബാധയുണ്ടായതെന്ന് വ്യക്തമല്ല. ഗുജറാത്തിൽ റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ മരണമാണിത്.
അതേസമയം കോവിഡ് രോഗം ബാധിച്ച് മരണം സംഭവിച്ചാല്‍ മൃതദേഹം കൈകാര്യം ചെയ്യേണ്ട വിധം സംബന്ധിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് മാര്‍ഗരേഖ പുറപ്പെടുവിച്ചു. പകര്‍ച്ചവ്യാധിയുടെ സാഹചര്യത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന കര്‍ശന നിയന്ത്രണത്തെപ്പറ്റി ബന്ധുക്കളെ ആദ്യം തന്നെ ബോധ്യപ്പെടുത്തുക. മരണ സാഹചര്യം സംജാതമാകുന്നതിനു മുമ്പേ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐസിഎംആര്‍ നിഷ്കര്‍ഷിക്കുന്ന രീതിയില്‍ വേണ്ട പരിശീലനം നല്‍കുക.
മൃതദേഹം പൂര്‍ണമായും ചോര്‍ച്ചരഹിതമായ (ലീക്ക് പ്രൂഫ്) പ്രത്യേക ബോഡി ബാഗില്‍ പൊതിഞ്ഞ ശേഷമേ സംസ്കാരത്തിനു കൊണ്ടുപോകാനാവൂ. ഒരു ശതമാനം വീര്യമുള്ള ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ച് ബാഗിന്‍റെ പുറംഭാഗം അണുവിമുക്തമാക്കണം. ഇതിനു ശേഷം ബന്ധുക്കള്‍ നല്‍കുന്ന തുണിയിലോ മോര്‍ച്ചറി തുണിയിലോ പൊതിയാം. പ്രത്യേക കവചം ധരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മാത്രം പുറത്തേക്ക് എടുക്കുക. ഇവര്‍ ഏപ്രണ്‍, കയ്യുറ, മൂടിക്കണ്ണട, എന്‍ 95 നിലവാരമുള്ള മാസ്ക് എന്നിവ ധരിക്കണം.
അണുവിമുക്തമാക്കിയ ബോഡി ബാഗിനുള്ളിലാക്കിയ മൃതദേഹത്തില്‍നിന്നു വൈറസ് പകരുമെന്ന പേടി വേണ്ട. എന്നാലും മൃതദേഹം എടുക്കുന്നവര്‍ മാസ്കും കയ്യുറകളും ധരിക്കണം. ഓട്ടോപ്സി കഴിവതും ഒഴിവാക്കുക. അഥവാ നടത്തണമെങ്കില്‍ ഐസിഎംആര്‍ പുറപ്പെടുവിച്ച മാര്‍ഗരേഖ പാലിക്കണം. എംബാമിങ് അനുവദിക്കില്ല. 4 ഡിഗ്രി താപനിലയില്‍ വേണം മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിക്കാന്‍. സോഡിയം ഹൈപ്പോക്ലോറൈറ്റ് ഉപയോഗിച്ച് മോര്‍ച്ചറി തുടച്ചു വൃത്തിയാക്കണം. കതകുകളും പിടികളും റെയിലിങ്സുമെല്ലാം ഇത്തരത്തില്‍ തുടച്ചു വൃത്തിയാക്കണം. മൃതദേഹവുമായി സ്പര്‍ശനത്തില്‍ വരുന്ന എല്ലാ തുണികളും മറ്റും ബയോ മെഡിക്കല്‍ മാലിന്യമിടുന്ന അണുവിമുക്ത ബാഗില്‍ മാത്രം നിക്ഷേപിക്കുക.
ഭീതിജനകമായ സാഹചര്യമല്ലെന്നും ശ്രദ്ധയും കരുതലും കൈകഴുകലും അകലം പാലിക്കലും പാലിച്ചാല്‍ മാത്രം മതിയെന്നും സെമിത്തേരി- സ്മശാന ജീവനക്കാരെ ബോധവല്‍ക്കരിക്കണം.മൃതദേഹം ഇറക്കിയ ശേഷം ഒരു ശതമാനം വീര്യമുള്ള സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ച് മൃതദേഹം കൊണ്ടുപോകുന്ന വാഹനം തുടച്ചു വൃത്തിയാക്കണം.