തിരുവനന്തപുരം :പുത്തൻ ഉടുപ്പും ബാഗും പ്രവേശനോൽസവുമില്ലാതെ, ക്ലാസുമുറികളിൽ ആരവങ്ങളില്ലാതെ പുതിയ അധ്യയന വർഷത്തിന് തുടക്കമായി. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ വിക്ടേഴ്സ് ചാനലിലൂടെ ഓൺലൈൻ ക്ലാസുകളാണ് ഇന്ന് തുടങ്ങിയത്.
രാവിലെ എട്ടരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശത്തോടെയാണ് പുതിയൊരു അധ്യയന വർഷത്തിന് നാന്ദി കുറിച്ചത്. ഓൺലൈൻ ക്ലാസിന്റെ പ്രായോഗികത അധ്യാപകർ നിരീക്ഷിക്കണമെന്നും വിദ്യാർഥികൾ ക്ലാസിൽ പങ്കെടുക്കുന്നുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണമെന്നും ആമുഖ സന്ദേശത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. സാഹചര്യം അനുകൂലമായാൽ ക്ലാസ് റൂം പഠന രീതിയിലേക്ക് മടങ്ങി വരുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ് പറഞ്ഞു.
രാവിലെ എട്ടര മുതൽ പ്ലസ്ടു വിദ്യാർഥികൾക്കാണ് ആദ്യ ക്ലാസ് നടന്നത്. ഓരോ വിഷയത്തിനും അരമണിക്കൂർ നീളുന്ന ക്ലാസുകളാണ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുക. ആദ്യ ആഴ്ചയിൽ ട്രയൽ സംപ്രേഷണമാണ്. തിങ്കളാഴ്ചത്തെ ക്ളാസുകൾ അതേ ക്രമത്തിൽ ജൂൺ എട്ടിന് പുനഃസംപ്രേഷണം ചെയ്യും. ടി.വി.യോ സ്മാർട്ഫോണോ ഇന്റർനെറ്റോ ഇല്ലാത്ത കുട്ടികൾക്ക് പ്രഥമാധ്യാപകർ, തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും പി.ടി.എ.കളുടെയും സഹായത്തോടെ അത് ഏർപ്പെടുത്താനാണ് നിർദേശം.
കോളേജുകളിലെ ഓൺലൈൻ പഠനം മന്ത്രി കെ ടി ജലീൽ ചരിത്ര ക്ലാസ് എടുത്തു കൊണ്ട് ഉദ്ഘാടനം ചെയ്തു.