തിരുവനന്തപുരം :വീട്ടിലിരുന്ന് പണം നേടാമെന്ന് പറഞ്ഞു പെണ്കുട്ടികളെ വലയിലാക്കുന്ന ഓണ്‍ലൈന്‍ സെക്സ് റാക്കറ്റിന്റെ ഞെട്ടിക്കുന്ന സംഭാഷണങ്ങള്‍ പുറത്ത്!…മനോരമ ന്യുസ് ആണ് ഈ റാക്കറ്റിന്റെ വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.മനോരമ പുറത്തു വിട്ട വിവരത്തിന്റെ പൂര്‍ണ്ണ രൂപം :
അശ്ലീല ഫോണ്‍കോളുകള്‍ക്കായി മാത്രം നൂറുകണക്കിനു ഫെയ്സ്ബുക്ക് പേജുകള്‍,സെക്സ്റ്റിങ്ങിനായി വാട്സാപ്പ് ഗ്രൂപ്പുകള്‍, ഫോണ്‍ സെക്സ് ടോക്കില്‍ നിന്ന് ഫെയ്സ്ബുക്ക് ബന്ധത്തിലേക്കു നീളുന്ന വൈകൃതങ്ങള്‍ (തിരിച്ചും), അശ്ലീലവിഡിയോകള്‍ നിറയുന്ന യുട്യൂബ് ക്ലിപ്പിങ്ങുകള്‍ – ഈ സമൂഹത്തിന് ഇതെന്തുപറ്റി? അന്വേഷണം.
വീട്ടിലിരുന്നോ ഞങ്ങളുടെ സ്ഥലത്തു വന്നോ ഫോണില്‍ സംസാരിച്ചു പണം വാരാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ?
ലേഡീസ്, ടെലി കോളര്‍ ജോബ്, പാര്‍ട് ടൈം, ഫുള്‍ ടൈം, കോള്‍ മി (നമ്പര്‍). ഇടുക്കി
ഓണ്‍ലൈന്‍ റാക്കറ്റുകളുടെ വലക്കുരുക്കുകള്‍ തേടിയുള്ള അന്വേഷണത്തിനിടെ ക്ലാസിഫൈഡ് സൈറ്റില്‍ ഈ പരസ്യം കണ്ടു. ഒരു ക്ലബിന്റെ പേരും പറഞ്ഞിരിക്കുന്നു. നമ്പര്‍ സേവ് ചെയ്തു വാട്സാപ്പില്‍ നോക്കിയപ്പോള്‍ പ്രൊഫൈല്‍ ആയി ഇട്ടിരിക്കുന്നതും ഈ ക്ലബിന്റെ ലോഗോ. വെബ് സൈറ്റില്‍ ജോലിയുടെ വിശദാംശങ്ങള്‍. പക്കാ പ്രഫഷനല്‍ ആണെന്നു തോന്നും വിധം ഒരു മുന്നറിയിപ്പും – 18 വയസ്സില്‍ താഴെയുള്ളവര്‍ ജോലിക്ക് അപേക്ഷിക്കുകയോ ക്ലബില്‍ അംഗത്വം നേടുകയോ ചെയ്യരുത്! ഫെയ്സ്ബുക്കില്‍ ക്ലബിന്റെ പേരില്‍ പേജുണ്ട്. സ്ത്രീകളുടെ ചിത്രങ്ങളും. അവയെല്ലാം യഥാര്‍ഥമാണോ മറ്റു സൈറ്റുകളില്‍ നിന്നോ മറ്റോ ഡൗണ്‍ലോഡ് ചെയ്തതാണോ എന്നു വ്യക്തമല്ല. ദിസ് പേജ് യുമേ ലൈക് എന്ന തലക്കെട്ടിനു താഴെ ഈ പേജും യുവതീയുവാക്കളുടെ ഫെയ്സ്ബുക്ക് അക്കൗണ്ടുകളിലേക്ക് എത്തിനോക്കുന്നു.
ജോലി തേടിയെന്ന മട്ടില്‍ സൈറ്റില്‍ കണ്ട ഫോണ്‍നമ്പരിലേക്കു വിളിച്ചു. നെറ്റില്‍ പരസ്യം കണ്ടതാണെന്നു പറഞ്ഞപ്പോള്‍ കൂടുതല്‍ അന്വേഷണമൊന്നുമില്ലാതെ ‘സാര്‍’ സംസാരം തുടങ്ങി. േപര് സിമിയെന്നു പരിചയപ്പെടുത്തി. വയസ് 23. കല്യാണം കഴിച്ചിട്ടില്ലെന്നു പറഞ്ഞപ്പോള്‍ വിവാഹിതര്‍ക്കാണ് ഈ ജോലികൂടുതല്‍ എളുപ്പമെന്നായി ‘സാര്‍’. തുടര്‍ന്നുള്ള സംഭാഷണത്തില്‍ നിന്ന്.
‘‘ സാര്‍, ഞാന്‍ സിമിയാണ്. കോട്ടയത്തൂന്ന്. നേരത്തെ സാര്‍ വിളിച്ചപ്പോ എടുക്കാന്‍ പറ്റിയില്ല’
ഒകെ. വര്‍ക്കിന്റ കാര്യങ്ങളൊക്കെ പറഞ്ഞുതരാം.’അതായത് ഫോണ്‍ ടോക്കിങ് എന്നു പറയുന്നത്, സെക്സിയായിട്ടു സംസാരിക്കണം.ഫ്രണ്ട്‍ലിയായിട്ട്, റൊമാന്റിക് ആയിട്ട് ഒക്കെ കസ്റ്റമേഴ്സിന്റെ ആവശ്യം അനുസരിച്ചു സംസാരിക്കണം. ഓരോ കസ്റ്റമറും ഓരോ തരത്തിലായിരിക്കുമല്ലോ.പേഴ്സനല്‍ നമ്പര്‍ കൊടുക്കാന്‍ പാടില്ല, കസ്റ്റമറെ മീറ്റ് ചെയ്യരുത്.
കടുത്ത നിഷ്ഠകളോടെയുള്ള ഹോസ്റ്റലിലെ നിബന്ധനകള്‍ പറയുകയാണെന്ന മട്ടില്‍, ആധികാരികമായ സ്വരത്തിലാണു സംസാരം)
നിങ്ങള്‍ക്കു കമ്പനി ഫോണ്‍ നമ്പര്‍ തരും, ഏതു ടൈമില്‍ വര്‍ക്ക് ചെയ്യാന്‍ പറ്റും എന്ന് അറിയിക്കണം. ഇതേപൊലെ ലൈവ് വെബ് ക്യാം ചാറ്റിങ് ഉണ്ട്. കസ്റ്റമര്‍ എന്ത് ആവശ്യപ്പെടുന്നോ അതിനനനുസരിച്ചാണു വെബ്ക്യാമില്‍ ചാറ്റ് ചെയ്യേണ്ടത്. അതിനനുസരിച്ചുള്ള സാലറി കിട്ടും
‘‘ സാലറി എങ്ങനെയാ സാറേ? എങ്ങനെയാ കിട്ടുക?’’
15 ദിവസം കൂടുമ്പോള്‍ സാലറി ബാങ്കിലേക്ക് ഇട്ടുതരും. നിങ്ങളുടെ അക്കൗണ്ട് നമ്പര്‍ തരണം. 30 ക്ലയന്റിന് 10,000 രൂപയാണ് കിട്ടുന്നത്.
‘സാറേ, വെബ്ക്യാം ചാറ്റ് എന്നു പറഞ്ഞില്ലേ. അതില്‍ മുഖം കണ്ടാല്‍ പ്രശ്നമാകില്ലേ. കല്യാണത്തിനൊക്കെ’’
നമ്മളുടെ തന്നെ സൈറ്റ് ആയിരിക്കും. അതിലാണു ചാറ്റ് ചെയ്യേണ്ടത്. ഡൗണ്‍ ലൗഡ് ഇല്ല, ഫോട്ടോ എടുക്കാനുള്ള സംവിധാനമില്ല.നിബന്ധനകളുണ്ട്. നിങ്ങള്‍ എന്നെ കാണണം, ഞാന്‍ അയാളെ കാണണം. ഗ്രൂപ്പായിട്ടുള്ള ചാറ്റിങ് ഇല്ല. അത്ര പ്യുവര്‍ ആയിട്ടാണു ചെയ്യുന്നത്.
‘അല്ല സാറേ, മുഖം കാണുമോ?’
ആദ്യം അവര്‍ ക്യാമറ ഓണ്‍ ചെയ്യും . കാശിട്ടവന്‍ ക്യാമറ ഓപ്പണ്‍ ചെയ്യും. അതു കഴിഞ്ഞു നിങ്ങള്‍ ഓപ്പണ്‍ ചെയ്യും. ഫെയ്സ് കാണാതെ കുറച്ച് താത്തിയങ്ങു വയ്ക്കുക. ക്യാമറ അഡ്ജസ്റ്റബിള്‍ ആണല്ലോ. മൊബൈല്‍ യൂസ് ചെയ്താല്‍ ക്ലിയറാകില്ല.
‘വീട്ടില്‍ കംപ്യൂട്ടര്‍ ഇല്ലല്ലോ സാറേ’’
ആദ്യം ഫോണ്‍ ടോക്ക് ചെയ്തു തുടങ്ങ്. അത് അടിപൊളിയാണെങ്കില്‍ അടുത്തതിനു കമ്പനി സഹായം ചെയ്യും ടാബ് ലറ്റും എല്ലാം കമ്പനി വാങ്ങിത്തരും. ഞാന്‍ പറഞ്ഞല്ലോ ഇതു സെക്സിയാണ്, ന്യൂഡിയാണ്. ജോലിയായിട്ടു മാത്രം കണക്കാക്കുക.ഒരു കസ്റ്റമറുമായി അരമണിക്കൂറാണു സംസാരിക്കേണ്ടത്. എല്ലാ കാര്യങ്ങളും ഫിക്സ്ഡ് ആണ്.കൂടുതല്‍ എന്തെങ്കിലും വേണമെങ്കില്‍ ഞാന്‍ ഇന്‍ഫോം ചെയ്യും. മെസെജ് ചെയ്യും.ഓപ്പണ്‍ മൈന്‍ഡ് ആയി പെരുമാറണം.ഈ സത്യസന്ധത സമ്മതിക്കണം
‘വീട്ടിലിരുന്നു ഫോണ്‍ ചെയ്താല്‍ പ്രശ്നമാണോ’
ഇയാളുടെ വീട്ടില്‍ സേഫാണെങ്കില്‍ എനിക്കെന്തു പ്രശ്നം? വീട്ടില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ഞങ്ങളുടെ ഓഫിസില്‍ വന്നു ജോലി ചെയ്യാം. ഓഫിസ് ബാംഗ്ലൂരിലാണ്’. എല്ലാം അഡ്ജസ്റ്റ്മെന്റാണ്. മറ്റൊരു രീതിയിലും നടക്കില്ല.
അതായത് പെണ്‍കുട്ടികള്‍ക്കു ചീത്തയാകണമെന്ന് ആഗ്രഹമുണ്ടെങ്കിലും നടക്കില്ലെന്ന്!!!
‘‘ അവിടെ സുരക്ഷയൊക്കെ ഉണ്ടോ സാറേ’’
അതാണല്ലോ പറഞ്ഞത്. നിങ്ങളുടെ സേഫ്റ്റിയാണു ഞങ്ങള്‍ക്കു പ്രധാനം.– ഞങ്ങളുടെ സ്റ്റാഫ് അത്ര പ്യുവര്‍ ആയിരിക്കണം ഗുഡ് ആയിരിക്കണം സെക്സി ആയിരിക്കണം. അതാണ് ആഗ്രഹം. ഞങ്ങള്‍ക്കു വേണ്ടത് ബിസിനസ് ആണ്, നിങ്ങള്‍ക്കു വേണ്ടതു പണമാണ്.
‘കുറച്ചു നാള്‍ കഴിയുമ്പോള്‍ ജോലി നിര്‍ത്തണമെന്നു തോന്നിയാലോ’
ഇതെന്താ ജീവതകാലം മുഴുവന്‍ എഗ്രിമെന്റുണ്ടോ? നിര്‍ത്തുന്നതിനു പത്തിരുപതു ദിവസം മുന്‍പേ പറയുക ആര്‍ക്കും എതിര്‍പ്പില്ല.
നമ്മുടെ വിവരങ്ങള്‍ പുറത്താരും അറിയില്ലല്ലോ’
അറിയാന്‍ പാടില്ല. വെബ്സൈറ്റില്‍ ഫുള്‍ ഡീറ്റെയ് ല്‍സ് ഉണ്ട്. ജോബിന്റെ എല്ലാം ഫില്‍ ചെയ്ത് തിരിച്ചയയ്ക്കണം.
നിയമപരമായിട്ടു വേറെ പ്രശ്നമെന്തെങ്കിലുമുണ്ടോ ?
കര്‍ണാടക ഗവണ്‍മെന്റ് റജിസ്ട്രേഡ് ക്ലബാണിത്. വേള്‍ഡ് ചാറ്റിങ് ഗൂഗിള്‍ റജിസ്ട്രേഡ് ക്ലബ്. അതുപോലെ കമ്പനിയുടെ ഒരോ വരുമാനത്തിന്റെയും 10 ശതമാനം വീതം സമൂഹസേവനത്തിനായി നല്‍കുന്നു.
ഹോ, എന്തു നല്ല മനുഷ്യര്‍)
പിന്നെ, ക്ലബിന്റേതായ മറ്റു ചില കാര്യങ്ങളൊക്കെയുണ്ട്. ക്ലബിലെ അംഗങ്ങളെല്ലാവരുമായി മീറ്റ് ചെയ്യാം.(കാണരുത്, അറിയരുത് എന്നു പറഞ്ഞത് ഇവിടെ പൊളിഞ്ഞു.) അതിനു നിങ്ങള്‍ മെംബര്‍ഷിപ് എടുക്കണം. ആറുമാസത്തേക്ക് 2000 രൂപ. അതെല്ലാം നിങ്ങളുടെ ഇഷ്ടം, നിങ്ങളുടെ താല്‍പര്യം.
(മെയില്‍ ഐഡി കൊടുത്തപ്പോള്‍ ജോലിക്കു ചേരാനുള്ളഫോം കിട്ടി. വാട്സാപ്പില്‍ ഫോട്ടോ അയയ്ക്കാനും** (പാസ്പോര്‍ട്ട് സൈസ്, ഫുള്‍സൈസ്) ആവശ്യപ്പെട്ടു. രണ്ടു ദിവസം കഴിഞ്ഞു വിളിച്ചപ്പോള്‍ ബെംഗളൂരുവില്‍ വന്നു ജോലി ചെയ്യാന്‍ താല്‍പര്യമുണ്ടോ എന്നു ‘സാറി’ന്റെ ചോദ്യം. അപ്പോള്‍ വീട്ടില്‍ എന്താണു പറയുക എന്ന് ആശങ്കപ്പെട്ടപ്പോള്‍, അതിനൊക്കെ വഴിയുണ്ട്. കര്‍ണാടക സര്‍ക്കാരിന്റെ ലെറ്റര്‍ ഹെഡിലുള്ള അപ്പോയിന്റ്മെന്റ് ലെറ്റര്‍ ഉണ്ടത്രേ.എന്താണു ചെയ്യേണ്ടതെന്നു വിശദമായി അറിഞ്ഞിട്ടു തന്നെയല്ലേ പെണ്‍കുട്ടികള്‍ ഇതിനു പോകുന്നത്? അതിനു ക്ലബിനെ കുറ്റം പറഞ്ഞിട്ട് എന്തു കാര്യം എന്ന ചോദ്യം വളരെ പ്രസക്തം. ഫോണില്‍ സംസാരിച്ചാല്‍ മതിയല്ലോ, കൈനിറയെ കാശും കിട്ടും, പിടിക്കപ്പെടുമെന്ന പേടിയും വേണ്ട എന്നിങ്ങനെ ന്യായീകരണങ്ങള്‍ സ്വയം പറഞ്ഞു വിശ്വസിപ്പിച്ചാണു ‘ജോലി’ക്കിറങ്ങിയതെന്ന്, പാവപ്പെട്ട വീട്ടിലെ ഒരു പെണ്‍കുട്ടി കൗണ്‍സലിങ്ങില്‍ വെളിപ്പെടുത്തിയിട്ടുമുണ്ട്. പക്ഷേ, ഇത്തരം ഫോണ്‍കോളുകള്‍ ഉണ്ടാക്കുന്ന അഡിക്‌ഷന്‍, വെബ്ക്യാം ചാറ്റ് എന്ന അടുത്ത സ്റ്റെപ്പിലേക്കു കടക്കുമ്പോള്‍ ചെയ്യേണ്ടി വരുന്ന ലൈംഗിക വൈകൃതങ്ങള്‍, അവയുണ്ടാക്കുന്ന മാനസിക പിരിമുറുക്കം, ഇതില്‍ നിന്നെല്ലാം രക്ഷപ്പെടാനുള്ള മദ്യ ഉപയോഗം, കസ്റ്റമറെ ‘ഫ്രണ്ടാ’യി മാത്രം നേരില്‍ക്കാണുമ്പോള്‍ ശാരീരികമായി വഴങ്ങേണ്ട അവസ്ഥ.. ഇങ്ങനെയുള്ള അനേകം പ്രശ്നങ്ങളെക്കുറിച്ചു പെണ്‍കുട്ടികള്‍ക്കു ധാരണയേ ഇല്ല. ഇതിനിടയില്‍ ഇവരുടെ ഫോട്ടോയോ മറ്റോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചാലുണ്ടാകുന്ന മാനഹാനി വേറെ.
കര്‍ശന നിബന്ധനകളാണെന്നും ജോലി മാത്രമാണെന്നും പറയുന്ന ഇത്തരം ക്ലബുകളെ കുറിച്ചുള്ള ചില പരാതികള്‍ കൂടി ശ്രദ്ധിക്കൂ. ക്ലബ് വാഗ്ദാന ചെയ്ത യുവതിയുമായി താമസിക്കേണ്ട ഹോട്ടലിന്റെ മുറിവാടക അടക്കമുള്ള ചാര്‍ജും കൊടുക്കേണ്ടി വന്നയാളുടേതാണ് പരാതികളിലൊന്ന്. മഹാ ഫ്രോഡ് ക്ലബ് എന്നാണു കക്ഷി പറയുന്നത്. കാരണം, രൂപ പത്തിരുപതിനായിരം പോയിപോലും. ആരെന്നു വെളിപ്പെടുത്താതെ ക്ലീനായി, പ്യുവര്‍ ആയി ‘ജോലി’ ചെയ്തു മടങ്ങാമെന്നു പറയുമ്പോള്‍ എന്തിനാണു കസ്റ്റമറെ ഹോട്ടലില്‍ ചെന്നു കാണുന്നതെന്ന ചോദ്യം സ്വാഭാവികം.
കേരളത്തില്‍ സെക്സ് ചാറ്റിന് ഇത്രയും മാര്‍ക്കറ്റോ? അശ്ലീല വിഡിയോകള്‍ക്ക് ഇത്രയും ആവശ്യക്കാരോ? ഇതൊക്കെ മാധ്യമങ്ങള്‍ വെറുതെ പെരുപ്പിച്ചു കാട്ടുന്നതാണെന്ന് എത്രനാള്‍ ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കും?
വീട്ടിലിരുന്ന് ഇന്റര്‍നെറ്റിലൂടെ ജോലി സമ്പാദിക്കാമെന്നു ഫെയ്സ്ബുക്കില്‍ മറ്റൊരു പരസ്യം കണ്ട പ്ലസ്ടു വിദ്യാര്‍ഥിനി ഒടുവില്‍ ഓണ്‍ലൈന്‍ സെക്സ് റാക്കറ്റിന്റെ കയ്യില്‍ കുടുങ്ങി. പൊലീസ് പിടിയിലായ ശേഷം ജാമ്യത്തില്‍ പുറത്തിറങ്ങിയ കുട്ടി മുറിക്കു പുറത്തിറങ്ങാതെ, ആരോടും ഒന്നും മിണ്ടാതെ സദാ ഇരുട്ടില്‍ തന്നെയിരിക്കുന്നു. ‘മരിക്കാന്‍ പേടിയായതുകൊണ്ടു ജീവിക്കുകയാണെന്ന്’ അവളുടെ വീട്ടുകാര്‍ പറയുന്നു. ഫോണ്‍ സംഭാഷണം ഫെയ്സ്ബുക്കില്‍ പരസ്യപ്പെടുത്തുമെന്ന ഭീഷണിയിലാണ് അവള്‍ക്കു വഴങ്ങേണ്ടി വന്നത്.
കഴിഞ്ഞദിവസം പിടിയിലായ ഓണ്‍ലൈന്‍ റാക്കറ്റിലെ ചെന്നൈ സ്വദേശിനി വീട്ടിലിരുന്നു മാസം 20,000 രൂപ സമ്പാദിക്കാം എന്ന ഫെയ്സ്ബുക്ക് പരസ്യം കണ്ടു ജോലിക്കായി അപേക്ഷിച്ച നിര്‍ഭാഗ്യവതിയാണ്. പലവിവരങ്ങള്‍തേടി നമ്മള്‍ സമീപിക്കുന്ന സൈറ്റുകള്‍, നമ്മളെയും തീര്‍ച്ചയായും നിരീക്ഷിക്കുന്നുണ്ട്. തുടര്‍ന്ന് പരസ്യത്തില്‍ പറഞ്ഞ ലൊക്കാന്റോ സൈറ്റിലെത്തുകയും കുടുങ്ങുകയും ചെയ്തു.
ലൊക്കാന്റോ ക്ലാസിഫൈഡ് സൈറ്റില്‍ സെക്സ് സര്‍വീസുകളുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ മാത്രമല്ല. വിവിധ പരസ്യങ്ങള്‍ക്കിടയില്‍ ഫ്രണ്ട്ഷിപ് ക്ലബ്, ഇറോട്ടിക്, കാഷ്വല്‍ എന്‍കൗണ്ടര്‍, എസ്കോര്‍ട്, കോള്‍ ഗേള്‍ , സെക്്സ്ചാറ്റ് പരസ്യങ്ങളും നിറയുന്നു. . സമൂഹമാധ്യമങ്ങളും മറ്റും ഉപയോഗിച്ചു പെണ്‍കുട്ടികളെ വലയില്‍ .വീഴിക്കാന്‍ നാടടച്ചു കാമുക ജോലിക്കാര്‍.ദാരിദ്ര്യവും ഭീഷണിയും കുരുക്കുകളാക്കി ചൂണ്ടയെറിഞ്ഞു .ജില്ലകള്‍ തോറും നൂറിലേറെ ഏജന്റുമാര്‍.ഉപഭോക്താക്കളെ വലയില്‍ വീഴിക്കാനും ഡീല്‍ ഉറപ്പിക്കാനും സമൂഹമാധ്യമങ്ങളുടെ കൂട്ട് .പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പോലും .‘വില്‍പനയ്ക്കെത്തിക്കുന്ന’ കുതന്ത്രങ്ങള്‍.കുട്ടികള്‍ക്കു ലഹരി മരുന്നു നല്‍കി ആവശ്യക്കാരന്റെ.മുന്നിലേക്കു തള്ളിവിടുന്ന ക്രൂരത.
നമ്മുടെ സ്വന്തം കണ്‍വെട്ടത്തു നടക്കുന്ന ഇത്തരം പൈശാചികതകള്‍ക്കു നേരെ ഇനിയും കണ്ണടച്ച് ഇരുട്ടാക്കിയിട്ടു കാര്യമില്ല പെരുപ്പിച്ചു കാട്ടുകയാണെന്ന തള്ളിക്കളയല്‍ ഇനി വിലപ്പോവില്ല– കാരണം ഒട്ടേറെ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ അറസ്റ്റിലായിക്കഴിഞ്ഞു. അവരുടെ ഞെട്ടിക്കുന്ന പ്രവര്‍ത്തനരീതികള്‍ വാര്‍ത്തകളായിക്കഴിഞ്ഞു. സ്വാതന്ത്ര്യത്തിന്റെ പുതിയ വാതില്‍ തുറക്കുന്ന സമൂഹമാധ്യമങ്ങളെ, അവയുടെ ഗുണങ്ങളെ അംഗീകരിക്കുന്ന, സ്വാഗതം ചെയ്യുന്ന നാമെല്ലാവരും അവയ്ക്കിടയില്‍ പതിയിരിക്കുന്ന വിഷപ്പാമ്പുകളെ തിരിച്ചറിയണം, നേരിടണം, തോല്‍പിക്കണം.
കടപ്പാട് : മനോരമ