കോയമ്പത്തൂർ: അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റില്‍ നടന്ന കൊലപാകതകവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം തോഴി ശശികലയിലേയ്ക്കും നീങ്ങുന്നു. എസ്‌റ്റേറ്റില്‍ നിന്നും കവര്‍ന്ന സാധനങ്ങളില്‍ ജയലളിതയുടെ സ്വത്ത് വിവരങ്ങളടങ്ങുന്ന രേഖകളും ഉണ്ടെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. അടിമുടി ദുരൂഹത നിറഞ്ഞ കേസായി ഇത് മാറിയിട്ടുണ്ട്. എസ്‌റ്റേറ്റില്‍ കൊലപാതകവും മോഷണവും നടത്തിയ ഒന്നും രണ്ടും പ്രതികള്‍ അപകടത്തില്‍പെട്ടതും ഒന്നാം പ്രതി മരിച്ചതും ദുരൂഹത വര്‍ദ്ധിപ്പിച്ചിരുന്നു.
കോടനാട് എസ്റ്റേറ്റിലെ കൊലപാതക, കവർച്ചക്കേസുമായി ബന്ധപ്പെട്ട് അണ്ണ ഡി.എം.കെ ജനറൽ സെക്രട്ടറി വി.കെ. ശശികലയെ സന്ദര്‍ശിക്കാനാണ് അന്വേഷണ സംഘത്തിൻറെ ആലോചന. ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ് ശശികല കഴിയുന്നത്. കോടനാട് എസ്റ്റേറ്റിലെ വൈറ്റ് മാൻഷൻ ബംഗ്ലാവിൽ സൂക്ഷിച്ച സ്വർണം, കറൻസി, പ്രമാണപത്രങ്ങൾ എന്നിവ സംബന്ധിച്ച് ജയലളിതക്ക് പുറമെ ശശികലക്ക് മാത്രമേ വ്യക്തമായി അറിയൂ. അഞ്ച് വാച്ചുകളും ഒരു അലങ്കാരവസ്തുവും മാത്രമാണ് പ്രതികൾ മോഷ്ടിച്ചതെന്ന് പൊലീസ് വിശദീകരിക്കുന്നുണ്ടെങ്കിലും സ്വർണവും പണവും വിൽപത്രമുൾപ്പെടെയുള്ള ആധാരങ്ങളും കൊള്ളയടിക്കപ്പെട്ടതായാണ് വാർത്ത പ്രചരിക്കുന്നത്.
മാത്രമല്ല, പ്രതികൾ കുത്തിത്തുറന്ന മൂന്ന് സ്യൂട്ട്കേസുകളിൽ എന്താണ് സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് വിശദീകരിച്ചിട്ടുമില്ല. എസ്റ്റേറ്റിലെ സി.സി.ടി.വി കാമറകൾ പ്രവർത്തനരഹിതമായിരുന്നതും സംശയത്തിനിടയാക്കിയിരുന്നു. ഇൗ സാഹചര്യത്തിലാണ് ശശികലയുമായി ബന്ധപ്പെട്ട് വ്യക്തത വരുത്താൻ പൊലീസ് ആലോചിക്കുന്നത്.കേസിൽ കേരള പൊലീസ് വയനാട്ടിൽനിന്ന് അറസ്റ്റ് ചെയ്ത മനോജിനെ കോത്തഗിരി കോടതിയിൽ ഹാജരാക്കി മേയ് 12 വരെ കോയമ്പത്തൂർ ജയിലിൽ റിമാൻഡ് ചെയ്തു. ഇതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം ഏഴായി. രണ്ടാംപ്രതി കെ.വി. സയനാണ് മനോജിനെ കനകരാജിന് പരിചയപ്പെടുത്തിയത്. ഏപ്രിൽ 24ന് കാവൽക്കാരൻ ഒാംബഹദൂറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മനോജിന് പ്രധാന പങ്കുണ്ട്. മലപ്പുറത്ത് പിടിയിലായ ജിതിൻ, ജംഷാദ് എന്നിവരെ കൂടി തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുക്കും. അപകടത്തിൽപ്പെട്ട സയൻ ചികിൽസയിൽ കഴിയുകയാണ്. ചൊവ്വാഴ്ച രാവിലെ പാലക്കാട് സൗത്ത് എസ്.ഐ ശശി ഇയാളുടെ മൊഴിയെടുക്കാനെത്തിയെങ്കിലും സാധിച്ചില്ല. അന്വേഷണം സി.ബി-.സി.ഐ.ഡി, സി.ബി.ഐ തുടങ്ങിയ ഏജൻസികൾക്ക് കൈമാറണമെന്നാണ് പ്രതിപക്ഷത്തിൻറെ ആവശ്യം.