കോട്ടയം: രാജ്യസഭ സീറ്റ് തര്‍ക്കം സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ സൃഷ്ടിച്ച ഭിന്നത ശക്തമാകുന്നു. സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എംഎം ഹസ്സന്‍ എന്നിവര്‍ക്കെതിരെ ഉയരുന്നത്.
അതിനിടെ തനിക്ക് സീറ്റ് കിട്ടുന്നത് ഒഴിവാക്കാനാണ് രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയതെന്ന പിജെ കുര്യന്റെ ആരോപണത്തിന് മറുപടിയുമായി ഉമ്മന്‍ ചാണ്ടി രംഗത്തെത്തി. ഇന്ന് രാവിലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ഉമ്മന്‍ചാണ്ടി, രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കാനുളള പിജെ കുര്യന്റെ തീരുമാനം ഉചിതമാണെന്ന് പറഞ്ഞു.
‘എനിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അദ്ദേഹം പരാതി നല്‍കുമെന്നാണല്ലോ പറഞ്ഞത്. പരാതി നല്‍കുമെന്നത് ഉചിതമായ തീരുമാനമാണ്. അപ്പോള്‍ കാര്യങ്ങള്‍ അദ്ദേഹത്തിന് മനസിലാകും,’ ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതേസമയം വിഷയത്തില്‍ യുവ എംഎല്‍എമാര്‍ക്ക് എതിരെ പിജെ കുര്യന്‍ ഉന്നയിച്ച വിമര്‍ശനങ്ങളും ഉമ്മന്‍ ചാണ്ടി പരാമര്‍ശിച്ചു.
‘രാജ്യസഭ സീറ്റ് വിഷയത്തില്‍ യുവ എംഎല്‍എമാര്‍ ആരുടെയൊക്കെയോ ചട്ടുകമായി പ്രവര്‍ത്തിച്ചു എന്നാണല്ലോ അദ്ദേഹം പറഞ്ഞത്. ആ വിഷയത്തില്‍ പ്രതികരിക്കേണ്ടത് ഞാനല്ല. അത് യുവ എംഎല്‍എമാര്‍ തന്നെയാണ് അതിന്റെ മറുപടി പറയേണ്ടത്,’ ഉമ്മന്‍ ചാണ്ടി പറഞ്ഞു.
രാജ്യസഭ സീറ്റിന്റെ കാര്യം താന്‍ ഒറ്റയ്ക്ക് തീരുമാനിച്ചതല്ലെന്ന് പറഞ്ഞ ഉമ്മന്‍ ചാണ്ടി ഇക്കാര്യത്തില്‍ ഗൂഢാലോചനയുണ്ടെന്ന പിജെ കുര്യന്റെ ആരോപണത്തില്‍, മറുപടി പറയാനുളള ചുമതല ഉമ്മന്‍ ചാണ്ടി എംഎം ഹസനും രമേശ് ചെന്നിത്തലയ്ക്കും നല്‍കി. ‘ഞാന്‍ ഒറ്റയ്ക്കല്ല ഈ തീരുമാനം എടുത്തത്. അവരും കൂടി ചേര്‍ന്നാണ്. കൂട്ടായ തീരുമാനത്തില്‍ എന്തെങ്കിലും ഗൂഢാലോചന നടന്നോയെന്ന് പറയേണ്ടത് അവരാണ്,’ അദ്ദേഹം പറഞ്ഞു.