കണ്ണൂര്‍:സോളാര്‍ കേസുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധ സമരത്തിനിടെ കണ്ണൂരിലെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ക്വധിക്കാന്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പയ്യന്നൂര്‍ എം.എല്‍.എ സി. കൃഷ്ണന്‍, മുന്‍ എം.എല്‍. എ കെ.കെ. നാരായണന്‍ തുടങ്ങി 114 പ്രതികളും ഇന്ന് കോടതിയില്‍ ഹാജരാകണമെന്ന് കാണിച്ച് കണ്ണൂര്‍ അഡിഷണല്‍ സബ് ജഡ്ജ് ബിന്ദു സുധാകരന്‍ സമന്‍സ് ഉത്തരവായി.
സംസ്ഥാന പൊലീസ് അത്ലറ്റിക് മീറ്റിന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യാന്‍ 2013 ഒക്ടോബര്‍ 27ന് കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ വരുന്നതിനിടെ ഉമ്മന്‍ചാണ്ടിയെ സംഘം ചേര്‍ന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. കല്ലേറില്‍ പരിക്കേറ്റ ഉമ്മന്‍ചാണ്ടി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഉമ്മന്‍ചാണ്ടിയ്ക്കൊപ്പം കാറിലുണ്ടായിരുന്ന കെ.സി. ജോസഫ് എം.എല്‍.എ, ടി. സിദ്ദിഖ് എന്നിവര്‍ക്കും കല്ലേറില്‍ പരിക്കേറ്റിരുന്നു.
വധിക്കണമെന്ന ഉദ്ദേശ്യത്തോടെ മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന് ആക്രമിക്കാനായിരുന്നു പദ്ധതിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കൊല്ലെടാ’ എന്നു ആക്രോശിച്ച് ഉമ്മന്‍ചാണ്ടിയുടെ വാഹനത്തിന്റെ വലത് വശത്തു കൂടി ഇരച്ചുകയറുകയായിരുന്നു അക്രമികള്‍. മുഖ്യമന്ത്രിയുടെ വാഹനവും പൊലീസ് വാഹനങ്ങളും തകര്‍ത്തതിലൂടെ അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും കുറ്റപത്രത്തിലുണ്ട്. ജില്ലാ പൊലീസ് ചീഫായിരുന്ന രാഹുല്‍ ആര്‍. നായര്‍, ഡിവൈ.എസ്.പി മാരായ പി. സുകുമാരന്‍, പ്രജീഷ് തോട്ടത്തില്‍ തുടങ്ങിയവരടക്കം കേസില്‍ 253 സാക്ഷികളുണ്ട്