വീടില്ലാതിരുന്ന നര്‍ത്തകിക്ക് സ്ഥലം നല്‍കി;മുഖ്യമന്ത്രിക്കും കളക്ടര്‍ക്കും നന്ദിയറിയിച്ച് മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്

പത്തനംതിട്ട:വീടില്ലാതിരുന്ന നര്‍ത്തകിയായ വിദ്യയ്ക്ക് പട്ടയമേളയിലൂടെ സ്ഥലം നല്‍കിയതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും പത്തനംതിട്ട കളക്ടര്‍ എസ്. ഹരികിഷോറിനും നന്ദി അറിയിച്ചുകൊണ്ടു ചലച്ചിത്രതാരം മഞ്ജു വാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. റാന്നി വടശേരിക്കര ചരിവുകാലായില്‍ വിദ്യയ്ക്ക് മൂന്ന് സെന്റ് ഭൂമി അനുവദിച്ചതിനാണ് നന്ദി അറിയിച്ചത്. നര്‍ത്തകിയായ വിദ്യയ്ക്ക് സ്ഥലം ലഭിച്ചാല്‍ വീടുവച്ചു നല്‍കാമെന്ന് മഞ്ജു അറിയിച്ചിരുന്നു. ബുധനാഴ്ച പത്തനംതിട്ടയില്‍ നടന്ന പട്ടയമേളയിലാണ് വിദ്യയുടെ അമ്മ ചന്ദ്രികാദേവിക്ക് പട്ടയം കൈമാറിയത്.

സ്ഥലം ലഭ്യമായ സാഹചര്യത്തില്‍ ഉടന്‍ വീട് യാഥാര്‍ഥ്യമാക്കുമെന്നും മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തെ സ്കൂള്‍ കലോത്‌സവത്തില്‍ നൃത്തഇനങ്ങളില്‍ വിദ്യ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. കലോത്‌സവത്തില്‍ മികച്ച പ്രകടനം നടത്തിയ നാലു പേര്‍ക്കാണ് മഞ്ജു വാര്യര്‍ വീടുവച്ചു നല്‍കുന്നത്. വിദ്യയെക്കുറിച്ച് വന്ന വാര്‍ത്തയും മഞ്ജു വാര്യര്‍ പോസ്റ്റിനൊപ്പം നല്‍കിയിട്ടുണ്ട്

Top